മോഷണക്കുറ്റം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് യുവാവിന് പൊലീസിന്റെ ക്രൂര മർദനം

കാസർകോട്: ബദിയടുക്കയിൽ അടക്ക മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മർദിച്ചെന്ന് പരാതി. ഏത്തടുക്ക സ്വദേശിയും ഡ്രൈവറുമായ ആനപ്പള്ള എ അജിത്കുമാറാണ് പൊലീസ് മർദനത്തിനിരയായത്. പരിക്കേറ്റ അജിത് നിലവിൽ ചെങ്കള ഇ കെ നായനാർ ആശുപത്രിയിൽ ചികിത്സയിലാണ്. താൻ ചെയ്യാത്ത കുറ്റം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മർദനമെന്ന് യുവാവ് പറഞ്ഞു.
കഴിഞ്ഞ ജൂലൈ 2ന് ഏത്തടുക്കയിലെ സ്വകാര്യ വ്യക്തിയുടെ ഗോഡൗണിൽനിന്ന് 215 കിലോ ഉരിച്ച അടക്ക മോഷണംപോയിരുന്നു. ഈ സംഭവത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കണ്ടെത്തിയ പ്രതിയുമായി സാമ്യമുണ്ടെന്ന് ആരോപിച്ചാണ് അജിത്കുമാറിനെ കഴിഞ്ഞ ബുധനാഴ്ച (ജൂലൈ 8) രാത്രി 7 മണിയോടെ വീട്ടിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.
സ്വകാര്യ കാറിൽ മഫ്തിയിലെത്തിയ പൊലീസുകാർ കാറിൽ കയറ്റിയ ഉടൻ തന്നെ മർദനം തുടങ്ങിയെന്ന് അജിത്ത് പറഞ്ഞു. അടക്ക മോഷ്ടിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ താൻ നിഷേധിച്ചതോടെ മുഖത്തടിക്കുകയായിരുന്നു. പിന്നീട് സ്റ്റേഷനിലെത്തിച്ചും മർദനം തുടർന്നു. വസ്ത്രങ്ങളഴിച്ച് പരിശോധിക്കുകയും കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ നൽകാതിരിക്കുകയും ചെയ്തു. കുരുമുളക് സ്പ്രേ അടിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവാവ് പരാതിപ്പെട്ടു.
രാത്രി 10 മണിയോടെ പൊലീസ് സംഘം അജിത്തിനെ തിരികെ വീട്ടിലെത്തിക്കുകയായിരുന്നു. അതേസമയം, മോഷണക്കേസിലെ യഥാർഥ പ്രതികളായ മൂന്നുപേർ പിന്നീട് പൊലീസിന്റെ പിടിയിലായിട്ടുണ്ട്.











0 comments