ad
Deshabhimani

നാലാം ക്ലാസ് വിദ്യാർഥിനിയുടെ മരണം; അധ്യാപകർ ക്ലാസിലിരിക്കെ തന്നെ ബുള്ളിയിങ് നടന്നതായി സിസിടിവി ദൃശ്യങ്ങൾ

amayra jaipur
വെബ് ഡെസ്ക്

Published on Jul 10, 2026, 05:49 PM | 2 min read

ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ സ്വകാര്യ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ് മരിച്ച കേസിൽ പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സംഭവത്തിന് തൊട്ടുമുമ്പ് ക്ലാസ് മുറിയിൽ കുട്ടിയെ സഹപാഠികൾ ആവർത്തിച്ച് ബുദ്ധിമുട്ടിക്കുന്നതായി ദൃശ്യങ്ങളിൽ കാണാമെന്ന് കുടുംബം പറയുന്നു. കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയും അധ്യാപകരുടെ സഹായം തേടുകയും ചെയ്തിട്ടും ഇടപെടൽ ഉണ്ടായില്ലെന്ന നിലപാടിലാണ് കുടുംബം.


കഴിഞ്ഞ വർഷം നവംബർ ഒന്നിനാണ് വിദ്യാർഥിനി സ്കൂൾ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ് മരിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്കൂളിൽ കുട്ടി ബുള്ളിയിങ്ങിന് ഇരയായിരുന്നുവെന്നും ഇത് നേരത്തെ അറിയിച്ചിട്ടും അധ്യാപകരും സ്കൂൾ അധികൃതരും ഇടപെട്ടില്ലെന്നുമായിരുന്നു കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം സ്കൂൾ അധ്യാപകർക്കെതിരെ നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.


പുതിയതായി ലഭിച്ച ക്ലാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങൾ തങ്ങളുടെ വാദം ശരിവെക്കുന്നതാണെന്ന് കുടുംബം പറയുന്നു. ദൃശ്യങ്ങളിൽ കുട്ടി ക്ലാസിലേക്ക് വരുന്നതും സഹപാഠിയോട് സംസാരിക്കുന്നതും പിന്നീട് ഡാൻസിൽ പങ്കെടുക്കുന്നതും കാണാം. തുടർന്ന് ക്ലാസില്‍ വച്ച് ചില വിദ്യാർഥികൾ കുട്ടിയെ ബുള്ളി ചെയ്യുന്നതായും ദൃശ്യങ്ങളിലുണ്ട്.


കുട്ടി മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുകയും അധ്യാപകരുടെ സഹായം തേടുകയും ചെയ്തിട്ടും അധ്യാപകർ കുട്ടിയെ സംരക്ഷിച്ചില്ലെന്നാണ് കുടുംബത്തിന്റെ പരാതി. ക്ലാസ് നടക്കുന്നതിനിടെയാണെങ്കിലും കുട്ടിയെ കൂട്ടമായി വിദ്യാർഥികൾ ബുദ്ധിമുട്ടിക്കുന്നതായി ദൃശ്യങ്ങളിൽ കാണാമെന്നും കുടുംബം ആരോപിച്ചു.


സംഭവം നടന്നിട്ട് എട്ട് മാസം കഴിഞ്ഞിട്ടും നീതി ലഭിച്ചിട്ടില്ലെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. ജൂലൈ രണ്ടിന് പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്നും, അതിൽ ക്ലാസ് ടീച്ചർക്കെതിരെ അശ്രദ്ധയുമായി ബന്ധപ്പെട്ട വകുപ്പാണ് ചുമത്തിയിരിക്കുന്നതെന്നും പിതാവ് പറഞ്ഞു. സ്കൂളിന്റെ പ്രിൻസിപ്പലിനും ഉടമയ്ക്കും എതിരെയും അശ്രദ്ധയുമായി ബന്ധപ്പെട്ട വകുപ്പുകൾ മാത്രമാണുള്ളത്.


ക്ലാസ് ടീച്ചർക്കെതിരെ ആത്മഹത്യാ പ്രേരണ കേസ് ചുമത്തണമെന്നും പ്രിൻസിപ്പലിനും സ്കൂൾ ഉടമയ്ക്കുമെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് 2015ലെ സെക്ഷൻ 75 ചുമത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു. കുട്ടിയോടുള്ള ക്രൂരതയ്ക്ക് ശിക്ഷ നിശ്ചയിക്കുന്ന വകുപ്പാണ് സെക്ഷൻ 75.


ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും സംവിധാനത്തിന്റെ പരാജയമാണെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. കേസിൽ ന്യായിക മേൽനോട്ടത്തിലുള്ള പരിശോധന വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.


സംഭവത്തിന് പിന്നാലെ സിബിഎസ്ഇ സ്കൂളിന്റെ അഫിലിയേഷൻ റദ്ദാക്കിയിരുന്നു. എന്നാൽ പിന്നീട് രാജസ്ഥാൻ ഹൈക്കോടതി ഈ നടപടിക്ക് താൽക്കാലിക സ്റ്റേ അനുവദിച്ചു. സുരക്ഷാ മാനദണ്ഡങ്ങളുടെ ഗുരുതര ലംഘനങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് സിബിഎസ്ഇ അഫിലിയേഷൻ റദ്ദാക്കിയത്. വിദ്യാർഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് സ്കൂൾ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും പരിശോധനയിൽ കണ്ടെത്തിയ യാഥാർഥ്യങ്ങളുമായി അത് പൊരുത്തപ്പെടുന്നില്ലെന്നുമായിരുന്നു സിബിഎസ്ഇ പാനലിന്റെ നിലപാട്.


സംഭവം ഒഴിവാക്കാനാകുന്നതായിരുന്നു എന്നും, സംവിധാനപരമായ വീഴ്ചയാണ് മരണത്തിലേക്ക് നയിച്ചതെന്നും സിബിഎസ്ഇ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. സ്കൂൾ സംഭവം ‘ദുർഭാഗ്യകരം’ മാത്രമാണെന്നും എല്ലാ നടപടിക്രമങ്ങളും പാലിച്ചുവെന്നും പറഞ്ഞെങ്കിലും, അന്വേഷണത്തിൽ കണ്ടെത്തിയ പ്രത്യേക വീഴ്ചകൾക്ക് വ്യക്തമായ മറുപടി നൽകാൻ സ്കൂളിന് കഴിഞ്ഞില്ലെന്നാണ് ബോർഡിന്റെ വിലയിരുത്തൽ.


സ്കൂളിൽ യോഗ്യതയില്ലാത്ത അധ്യാപകരാണുള്ളതെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചു. കരാർ അടിസ്ഥാനത്തിലാണ് അധ്യാപകരെ നിയമിച്ചതെന്നും ആവശ്യമായ പരീക്ഷകൾ പാസാകാത്തവരും ബി എഡ് യോഗ്യതയില്ലാത്തവരും അധ്യാപകരായി തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടരുന്ന അധ്യാപകരിൽ 85 ശതമാനത്തോളം പേരും യോഗ്യതയില്ലാത്തവരാണെന്നും പിതാവ് ആരോപിച്ചു.


ഉയർന്ന ഫീസ് ഈടാക്കുന്ന സ്കൂളായിട്ടും ചെലവ് കുറയ്ക്കാനെന്ന പേരിൽ സുരക്ഷാ വീഴ്ചകൾ ഉണ്ടായെന്നും കുടുംബം ആരോപിക്കുന്നു. രണ്ട് ലക്ഷം രൂപവരെ ഫീസ് വാങ്ങുന്ന സ്കൂളിൽ പോലും ‘ബ്ലൈൻഡ് സ്പോട്ടുകൾ’ ഉണ്ടായിരുന്നു എന്നാണ് പിതാവിന്റെ ആരോപണം. ഇത്തരം ഇടങ്ങളാണ് കുട്ടികളുടെ സുരക്ഷയെ ബാധിച്ചതെന്നും കുടുംബം പറയുന്നു.


കേസിൽ പൊലീസ് അന്വേഷണം തുടരുകയാണ്. പുതിയ സിസിടിവി ദൃശ്യങ്ങളും സിബിഎസ്ഇയുടെ കണ്ടെത്തലുകളും പരിഗണിച്ച് കർശന നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home