എഐയോട് സ്വകാര്യം ചോദിക്കാം, വാട്സാപ്പിൽ ഇൻകോഗ്നിറ്റോ മോഡ് വരുന്നു

വാട്സാപ്പിനകത്തെ മെറ്റാ എഐ ചാറ്റ്ബോട്ടുമായി ഉപയോക്താക്കൾ നടത്തുന്ന സംഭാഷണങ്ങളിൽ കൂടുതൽ സ്വകാര്യത ഉറപ്പാക്കുന്നതിന് പുതിയ ഫീച്ചർ. ഇൻകോഗ്നിറ്റോ മോഡ് ഓൺ ചെയ്താൽ ചാറ്റുകൾ സ്ഥിരമായി സേവ് ചെയ്യപ്പെടില്ല. ചാറ്റിൽ നിന്ന് പുറത്തു കടക്കുന്നതോടെ സംഭാഷണങ്ങൾ അപ്രത്യക്ഷമാകും. അയക്കുന്ന സന്ദേശങ്ങൾ അതീവ സുരക്ഷിതമായ രീതിയിൽ പ്രോസസ്സ് ചെയ്യും, എന്നിങ്ങനെയാണ് പുതിയ ഫീച്ചര്‍ വാഗ്ദാനം. മെറ്റാ കമ്പനിക്ക് പോലും ഈ വിവരങ്ങൾ കാണാനോ ആക്സസ് ചെയ്യാനോ സാധിക്കില്ല എന്നും കമ്പനി അവകാശപ്പെടുന്നു.
സാമ്പത്തിക കാര്യങ്ങൾ, ആരോഗ്യമോ ജോലി സംബന്ധമായതോ ആയ രഹസ്യങ്ങൾ തുടങ്ങി അതീവ പ്രാധാന്യമുള്ള വിഷയങ്ങൾ ഏതും എഐയുമായി ചര്‍ച്ച ചെയ്യാം. ഇവ സംബന്ധിച്ച് വിവരങ്ങൾ തിരക്കാം. ഇൻകോഗ്നിറ്റോ ഓൺ ആയിരുന്നാൽ അവ കമ്പനി സേവ് ചെയ്യുന്നത് ഒഴിവാകും എന്നാണ് വിശദീകരണം.
ആളുകൾ ഇപ്പോൾ സാമ്പത്തിക കാര്യങ്ങൾ മുതൽ ആരോഗ്യ പ്രശ്നങ്ങൾ വരെ എഐയോട് ചോദിക്കുന്നുണ്ട്. "ഇത്തരം ചോദ്യങ്ങൾ ചോദിക്കുമ്പോൾ അതിന് പിന്നിലെ സ്വകാര്യ വിവരങ്ങൾ കമ്പനികളുമായി പങ്കുവെക്കേണ്ടി വരുന്നത് ശരിയായ രീതിയല്ല" എന്നാണ് വാട്സാപ്പ് മേധാവി വിൽ കാത്കാർട്ട് പുതിയ ഫീച്ചറിനെ കുറിച്ച് പറഞ്ഞത്. ഇൻകോഗ്നിറ്റോ മോഡിനെ അദ്ദേഹം ഉപമിച്ചത് ഒരു ഫോണിനോടാണ്—"ഫോണിലെ പാസ്‌കോഡ് കമ്പനിക്ക് അറിയാത്തത് പോലെ, നിങ്ങൾ എഐയോട് എന്ത് ചോദിക്കുന്നുവെന്നോ എഐ എന്ത് മറുപടി നൽകുന്നുവെന്നോ ഞങ്ങൾക്ക് (മെറ്റായ്ക്ക്) അറിയാൻ കഴിയില്ല."
ഡാറ്റാ ലോഗിങ് ഇല്ല
വ്യക്തികളുടെ ഐഐ ചാറ്റുകൾ അതത് ചാറ്റ്ബോട്ടുകളെ പഠിപ്പിക്കാൻ ഉപോയഗിക്കുന്നത് പതിവാണ്. ഐഐയുമായി ചാറ്റ് ചെയ്യുന്ന ഒരാൾ അതിനെ പരിശീലിപ്പിക്കുക കൂടിയാണ്. എന്നാൽ ഇൻകോഗ്നിറ്റോ മോഡിലെ വിവരങ്ങൾ എഐയെ പരിശീലിപ്പിക്കാൻ ശേഖരിക്കപ്പെടുന്നില്ല.
തത്കാലം ചില പരിമിതികളും ഇതിനുണ്ട്. ഈ മോഡിൽ ടെക്സ്റ്റ് മെസേജുകൾ മാത്രമേ അയക്കാൻ സാധിക്കൂ. മാത്രമല്ല, ഇമേജ് അപ്‌ലോഡ് ചെയ്യാനോ പുതിയ ചിത്രങ്ങൾ നിർമ്മിക്കാനോ സാധിക്കില്ല. കൂടാതെ, 13 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമേ ഈ സേവനം ലഭ്യമാകൂ.
ഗൂഗിളിന്റെ Gemini, ഓപ്പൺ എഐയുടെ ChatGPT എന്നിവയിൽ നിലവിൽ ഇത്തരം പ്രൈവസി ഫീച്ചറുകൾ ലഭ്യമാണ്. ഇവരോടുള്ള മത്സരത്തിൽ പിന്നിലാകാതിരിക്കാനും ഉപയോക്താക്കളുടെ വർദ്ധിച്ചുവരുന്ന സ്വകാര്യതാ ആശങ്കകൾ പരിഹരിക്കാനുമാണ് മെറ്റാ നീക്കം നടത്തുന്നത്.
സ്വകാര്യത നൽകുന്നതോടൊപ്പം തന്നെ തെറ്റായ കാര്യങ്ങൾക്കായി ഈ സംവിധാനം ഉപയോഗിക്കുന്നത് തടയാനും മെറ്റാ ശ്രമിക്കുന്നുണ്ട്. ദോഷകരമായ ചോദ്യങ്ങൾ ചോദിച്ചാൽ മറുപടി നൽകാൻ എഐ വിസമ്മതിക്കും. തുടർന്നാൽ ചാറ്റ് തനിയെ നിർത്തലാക്കുന്ന സുരക്ഷാ ക്രമീകരണവും ഇതിൽ ഉൾപ്പെടുന്നു. മെറ്റാ എഐയുടെ ലോകത്തെ ഏറ്റവും വലിയ ഉപയോക്തൃ അടിത്തറ ഇന്ത്യയിലാണെന്ന് വിൽ കാത്കാർട്ട് അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
അണിയറയിൽ ഒരുങ്ങുന്നത് ഇതിലും കൂടുതൽ
സൈഡ് ചാറ്റ് (Side Chat): ഭാവിയിൽ വരാനിരിക്കുന്ന ഒരു പ്രധാന ഫീച്ചറാണിത്. സാധാരണ വാട്സാപ്പ് ഗ്രൂപ്പുകളിലോ ചാറ്റുകളിലോ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ, ആ സംഭാഷണം തടസ്സപ്പെടുത്താതെ വശത്തുകൂടി എഐയുടെ സഹായം തേടാൻ ഇത് സഹായിക്കും. ഇതും ഇൻകോഗ്നിറ്റോ മോഡ് പോലെ സുരക്ഷിതമായിരിക്കും.
തദ്ദേശീയമായ വിവര ശേഖരണം (Sovereign AI): പാശ്ചാത്യ രാജ്യങ്ങളിലെ വിവരങ്ങൾ മാത്രം ഉപയോഗിച്ച് എഐയെ പഠിപ്പിക്കുന്നതിന് പകരം, അതത് രാജ്യങ്ങളിലെ ഭാഷയും സംസ്കാരവും നിയമങ്ങളും മനസ്സിലാക്കുന്ന രീതിയിൽ എഐയെ മാറ്റും. മലയാളം പോലുള്ള പ്രാദേശിക ഭാഷകളിൽ കൂടുതൽ കൃത്യതയോടെ മറുപടി നൽകാൻ ഇത് സഹായിക്കും.
മൾട്ടി മോഡൽ എഐ (Multimodal AI): ഇപ്പോൾ ഇൻകോഗ്നിറ്റോ മോഡിൽ ടെക്സ്റ്റ് മാത്രമേ സാധ്യമാകൂ എങ്കിലും, ഭാവിയിൽ ചിത്രങ്ങളും ശബ്ദവും സുരക്ഷിതമായി കൈകാര്യം ചെയ്യാൻ കഴിയുന്ന രീതിയിലേക്ക് മെറ്റാ എഐയെ മാറ്റും. ഓഡിയോ ക്ലിപ്പുകളിൽ നിന്ന് പ്രത്യേക ശബ്ദങ്ങൾ മാത്രം തിരിച്ചറിയാനോ വേർതിരിക്കാനോ സഹായിക്കുന്ന 'SAM Audio' പോലുള്ള സംവിധാനങ്ങൾ ഇതിന്റെ ഭാഗമാണ്.
മെറ്റാ എഐ കേവലം ഒരു ചാറ്റ്ബോട്ട് എന്നതിലുപരി വ്യക്തികളുടെ ദൈനംദിന ഡിജിറ്റൽ ജീവിതത്തിന്റെ സുരക്ഷിതമായ ഭാഗമായി തോന്നിക്കുന്ന ബിസിനസ് മോഡലാണ് പരീക്ഷിക്കുന്നത്.











0 comments