ഓടുന്ന ട്രെയിനിന്റെ എസി കോച്ചിൽ വിളക്ക് കത്തിച്ചും ശംഖ് വിളിച്ചും യാത്രക്കാരന്റെ പൂജ; അന്വേഷണം നടത്തും

Photo: NDTV
ന്യൂഡൽഹി: വിളക്ക് കത്തിച്ചും ശംഖ് വിളിച്ചും ഓടുന്ന ട്രെയിനിനുള്ളിൽ യാത്രക്കാരൻ പൂജ നടത്തിയ സംഭവത്തിൽ അന്വേഷണം നടത്താനൊരുങ്ങി ഇന്ത്യൻ റെയിൽവെ. എസി കോച്ചിനുള്ളിൽ യാത്രക്കാരൻ പൂജ നടത്തുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് നടപടി. ഷർട്ടില്ലാതെ മുണ്ടുടുത്തും നെറ്റിയിലും ശരീരത്തിലും ഭസ്മം അണിഞ്ഞും എത്തിയ യാത്രക്കാരൻ ചെറിയ മേശയിൽ ഒരു ദൈവത്തിന്റെ ചിത്രം, പൂക്കൾ, മാലകൾ, പൂജാസാധനങ്ങളും മേശയിൽ എണ്ണയൊഴിച്ച് കത്തിച്ച നിലവിളക്കും വെച്ച് പൂജ നടത്തുകയായിരുന്നു. എസി കോച്ചിന്റെ വിൻഡോ സീറ്റിലിരുന്നാണ് ഇയാൾ പൂജ ചെയ്യുന്നത്.
ദൈവത്തിന്റെ ചിത്രങ്ങൾക്ക് മുൻപിൽ ആരതി ഉഴിയുന്നതോടൊപ്പം ശംഖ് വിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. നവംബർ 26ന് 'ഗോഡ് ഓഫ് വാർ' എന്ന എക്സ് അക്കൗണ്ടിലാണ് വിഡിയോ പങ്കുവെച്ചത്. അതേസമയം, വീഡിയോയിൽ കാണുന്ന ട്രെയിൻ ഏതാണെന്നോ സംഭവം നടന്ന റൂട്ട് ഏതാണെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. യാത്രക്കാരനെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിട്ടില്ല.
ട്രെയിനിനുള്ളിൽ തീ കത്തിച്ച് പൂജ നടത്തിയത് മറ്റു യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നും വിമർശനം ഉയർന്നു. സംഭവത്തിൽ ഉത്തരവാദികളായ ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെന്നാണ് ഉയരുന്ന ആവശ്യം. പിന്നാലെയാണ് അന്വേഷണം നടത്തുമെന്ന് റെയിൽവേ അറിയിച്ചത്.








0 comments