ചക്കകൊമ്പന് മയക്കുവെടിയേറ്റു; പിന്നാലെ ജലാശയത്തിലേക്കിറങ്ങി

ചിന്നക്കനാൽ: ചിന്നക്കനാൽ മേഖലയിൽ ജനവാസകേന്ദ്രങ്ങളിലിറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വെച്ചു. 301 ഏക്കറിലെ അംഗനവാടിക്ക് സമീപം, കഴിഞ്ഞ ദിവസം മയക്കുവെടി വെച്ച സ്ഥലത്തോട് ചേർന്നാണ് ആനയ്ക്ക് മയക്കുവെടി നൽകിയത്.
ആദ്യം മയക്കുവെടി വെച്ചെങ്കിലും കൊണ്ടില്ല. പിന്നാലെ രണ്ടാമതും മയക്കുവെടി വയ്ക്കുകയായിരുന്നു. മയക്കുവെടിയേറ്റതിന് പിന്നാലെ ദൗത്യ സംഘം ആനയെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ആന പൂർണമായും മയങ്ങിയിട്ടില്ല.
മയക്കുവെടിയേറ്റതിന് പിന്നാലെ ആന ജലാശയത്തിന്റെ അടുത്തേക്ക് നീങ്ങി. ജലാശയത്തിലേക്ക് ഇറങ്ങാതെ കരയിൽ തന്നെ നിലനിർത്താനുള്ള ദൗത്യ സംഘത്തിന്റെ ശ്രമം ഫലംകണ്ടില്ല. മയക്കുവെടിയേറ്റ ആന ജലാശയത്തിൽ ഇറങ്ങി.
ആന പൂർണമായി മയങ്ങിയാൽ അടുത്ത ഡോസ് നൽകുന്നതിനും തുടർന്ന് റേഡിയോ കോളർ ധരിപ്പിക്കുന്നതിനുമുള്ള എല്ലാ സജ്ജീകരണങ്ങളും സ്ഥലത്ത് ഒരുക്കിയിട്ടുണ്ട്. രണ്ട് കുങ്കിയാനകളും നൂറോളം ഉദ്യോഗസ്ഥരുമടങ്ങുന്ന ദൗത്യസംഘം ആനയെ കൃത്യമായി നിരീക്ഷിച്ചുപോരുകയാണ്.








0 comments