Deshabhimani

യുഎസ് വ്യാപാര കരാർ കർഷകരുടെ മരണവാറന്റ്; റദ്ദാക്കുന്നതുവരെ സമരം തുടരും: സംയുക്ത കിസാൻ മോർച്ച

farmers protest samyukta kisam morcha
വെബ് ഡെസ്ക്

Published on Nov 27, 2026, 03:42 PM | 2 min read

ന്യൂഡൽഹി : ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം വരെ തീരുവ ചുമത്താനുള്ള യുഎസ് സാമ്രാജ്യത്വ ഭീഷണിക്കെതിരെ ശക്തമായ പ്രതിഷേധവുമായി സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം). ഇന്ത്യൻ കാർഷിക, വ്യാവസായിക മേഖലകളുടെ നിലനിൽപ്പിന് ഭീഷണിയാകുന്ന ഇന്ത്യ–അമേരിക്ക വ്യാപാര കരാർ ഉപേക്ഷിക്കണമെന്ന് എസ്‌കെഎം ആവശ്യപ്പെട്ടു. വ്യാപാര കരാറിൽ ഒപ്പുവെച്ചാൽ തീരുവ 17 ശതമാനമായി കുറയ്ക്കാമെന്ന അമേരിക്കയുടെ വാഗ്ദാനം സാമ്പത്തിക ഭീഷണിയാണെന്നും എസ്‌കെഎം വ്യക്തമാക്കി.


കരാർ ഒപ്പിടുന്നതിന് മുമ്പുതന്നെ അമേരിക്കയുടെ നിരവധി ആവശ്യങ്ങൾക്ക് മോദി സർക്കാർ വഴങ്ങി. പരുത്തിയുടെ ഇറക്കുമതി തീരുവ ഒഴിവാക്കൽ, ഭക്ഷ്യഎണ്ണയുടെ തീരുവ കുറയ്ക്കൽ, അമേരിക്കൻ ആപ്പിൾ, ബദാം, വാൾനട്ട് എന്നിവയ്ക്കുള്ള അധിക തീരുവ പിൻവലിക്കൽ തുടങ്ങിയ നടപടികൾ പാർലമെന്റിൽ ചർച്ച ചെയ്യാതെയാണ് നടപ്പാക്കിയത്. ഇന്ത്യൻ കർഷകന് അമേരിക്ക ഒരു വില നിശ്ചയിച്ച് അതിനുള്ള ബിൽ മോദി സർക്കാരിന് അയച്ചുകൊടുക്കുന്നതാണ് ഇപ്പോൾ കാണുന്നത്. ഇന്ത്യൻ കർഷകരുടെ മരണവാറന്റാണിത്


പാൽ, സോയാബീൻ, ചോളം, കോഴിവളർത്തൽ, ജനിതകമാറ്റം വരുത്തിയ വിളകൾ തുടങ്ങിയ മേഖലകളിൽ അമേരിക്കയ്ക്ക് ഇളവുകൾ അനുവദിക്കരുത്. അസംസ്കൃത പരുത്തിയുടെ 11 ശതമാനം ഇറക്കുമതി തീരുവ പുനഃസ്ഥാപിക്കണമെന്നും ഭക്ഷ്യഎണ്ണയുടെ തീരുവ കുറച്ച നടപടി പിൻവലിക്കണമെന്നും എസ്‌കെഎം ആവശ്യപ്പെട്ടു.


കരാറിൽ ഒപ്പുവെച്ചിട്ടില്ലെങ്കിലും കരാറിലെ മിക്ക കാര്യങ്ങളും ഇതിനകം നടപ്പിലാക്കിക്കഴിഞ്ഞു. ഈ ഇളവുകളൊന്നും പാർലമെന്റിൽ ചർച്ച ചെയ്തിട്ടില്ല. ഓരോന്നും എക്സിക്യൂട്ടീവ് വിജ്ഞാപനങ്ങളിലൂടെയാണ് നടപ്പിലാക്കിയത്; ഇവയെല്ലാം അമേരിക്ക പരസ്യമായി ആവശ്യപ്പെട്ട കാര്യങ്ങളുമായിരുന്നു. വിദേശ ഇ-കൊമേഴ്‌സ് കമ്പനികൾക്ക് മേലുള്ള 2 ശതമാനം 'ഗൂഗിൾ ടാക്‌സ്' 2024 ആ​ഗസ്ത് 1‌നും, ഡിജിറ്റൽ പരസ്യങ്ങൾക്ക് മേലുള്ള 6 ശതമാനം ലെവി 2025 ഏപ്രിൽ 1നും നീക്കം ചെയ്തു. ഇത് സർക്കാരിന് വർഷത്തിൽ ഏകദേശം 3,343 കോടി രൂപയുടെ നഷ്ടമുണ്ടാക്കുകയും, ഗൂഗിൾ, മെറ്റ, എക്സ് തുടങ്ങിയ കമ്പനികൾക്ക് നേട്ടമുണ്ടാക്കുകയും ചെയ്തു. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ട്രേഡ് റെപ്രസെന്റേറ്റീവ്, ഇന്ത്യയുടെ 'സീറോ ഫീ' സംവിധാനത്തെ വിസ (Visa), മാസ്റ്റർകാർഡ് (Mastercard) എന്നിവയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതായി പറഞ്ഞതിനു പിന്നാലെ, ആറ് വർഷമായി നിലനിന്നിരുന്ന സൗജന്യ സംവിധാനം അവസാനിപ്പിച്ചുകൊണ്ട്, 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ (UPI) ഇടപാടുകൾക്ക് 0.4 ശതമാനം 'മെർച്ചന്റ് ഫീ' ഏർപ്പെടുത്തി.


സമഗ്ര ഉൽപ്പാദനച്ചെലവിനൊപ്പം 50 ശതമാനം കൂടി ചേർത്ത് മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പ് നൽകുന്നതിനുള്ള ബിൽ പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കണം. കാർഷിക കടങ്ങൾ എഴുതിത്തള്ളണമെന്നും കർഷകർക്ക് പ്രതിമാസം 10,000 രൂപ പെൻഷൻ അനുവദിക്കണമെന്നും വ്യാപാര കരാറിന്റെ കരട് പാർലമെന്റിൽ ചർച്ചയ്ക്ക് വയ്ക്കണമെന്നും ആവശ്യപ്പെട്ടു.


ഈ ആവശ്യങ്ങൾ ഉയർത്തി നവംബർ 26ന് ഡൽഹിയിലും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി നൂറോളം കേന്ദ്രങ്ങളിലും സംയുക്ത കിസാൻ മോർച്ച പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിപ്പിച്ച സമരത്തിന്റെ മാതൃകയിൽ അമേരിക്കൻ വ്യാപാര കരാറിനെതിരെയും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എസ്‌കെഎം വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home