ബെംഗളൂരു ലോഡ്ജിൽ മലയാളി നേഴ്സ് കൊല്ലപ്പെട്ട നിലയിൽ; കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് പിടിയിൽ

ബെംഗളൂരു : ബെംഗളൂരുവിലെ ലോഡ്ജിൽ മലയാളി നഴ്സിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അടൂർ സ്വദേശിനി ഗംഗ (22) യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കൊല്ലം സ്വദേശി ഗോകുൽ കൃഷ്ണ (23) പിടിയിലായി. തവക്കൽ മസ്താൻ ദർഗക്ക് സമീപം ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്.
ബെംഗളൂരുവിൽ നഴ്സിംഗ് പഠന കാലത്ത് കണ്ടുമുട്ടിയ ഗംഗയും ഗോകുലും നാലുവർഷമായി ഇഷ്ടത്തിലായിരുന്നുവെന്നാണ് വിവരം. പെൺകുട്ടിയുടെ കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. നഴ്സിംഗ് ബിരുദം പൂർത്തിയാക്കിയ ഗംഗ ജോലി അന്വേഷിച്ചുവരികയായിരുന്നു.
ഇരുവരും കഴിഞ്ഞ ദിവസമാണ് കോട്ടൺപേട്ടിലെ റീജൻസി ലോഡ്ജിൽ മുറിയെടുത്തത്. ഇന്ന് രാവിലെ പത്തുമണിയോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായതായും തർക്കത്തിനിടെ ഗോകുൽ കൃഷ്ണ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഗംഗയെ കുത്തുകയായിരുന്നു എന്നുമാണ് പൊലീസിന്റ് പ്രാഥമിക നിഗമനം.
സംഭവത്തിൽ കോട്ടൺപേട്ട പൊലീസ് ഗോകുൽ കൃഷ്ണയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. കസ്റ്റഡിയിലുള്ള ഇയാളെ ചോദ്യം ചെയ്തുവരികയാണ്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. പ്രതി നേരത്തേ തന്നെ ഒരു കത്തി വാങ്ങി കൈവശം സൂക്ഷിച്ചിരുന്നതായാണ് സൂചന.







0 comments