Deshabhimani

2036 ഒളിമ്പിക്സ് ആതിഥേയത്വം; പദ്ധതികളും ദീർഘകാല കാഴ്ചപ്പാടും ഐഒസിക്ക് മുന്നിൽ അവതരിപ്പിച്ച് ഇന്ത്യ

IOC
വെബ് ഡെസ്ക്

Published on Nov 27, 2026, 03:02 PM | 1 min read

ന്യൂഡൽഹി : 2036 ഒളിമ്പിക്സ്, പാരാലിമ്പിക്സ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ പദ്ധതികളും ദീർഘകാല കാഴ്ചപ്പാടും രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി (ഐഒസി) ഫ്യൂച്ചർ ഹോസ്റ്റ് കമീഷന് മുന്നിൽ അവതരിപ്പിച്ചു. വ്യാഴാഴ്ച ഓൺലൈനായി നടന്ന അവതരണത്തിൽ അഹമ്മദാബാദിന്റെ ഒരുക്കങ്ങൾ, കായിക അടിസ്ഥാനസൗകര്യങ്ങൾ, മത്സരവേദികളുടെ വികസനപദ്ധതികൾ എന്നിവ വിശദീകരിച്ചു.


30 മിനിറ്റ് നീണ്ട അവതരണത്തിന് പിന്നാലെ കൊളിൻഡ ഗ്രബാർ കിറ്ററോവിച്ചിന്റെ നേതൃത്വത്തിലുള്ള ഒൻപതംഗ ഫ്യൂച്ചർ ഹോസ്റ്റ് കമ്മിഷനുമായി 20 മിനിറ്റോളം ചർച്ചയും നടന്നു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനാണ് (ഐഒഎ) ഇക്കാര്യം അറിയിച്ചത്.


അന്താരാഷ്ട്ര കായികമേളകൾ സംഘടിപ്പിച്ചുള്ള ഇന്ത്യയുടെ അനുഭവം, കേന്ദ്ര-സംസ്ഥാന-നഗര ഭരണകൂടങ്ങളുടെ പിന്തുണ, ഒളിമ്പിക്സ് നടത്തിപ്പിനുള്ള ദീർഘകാല കാഴ്ചപ്പാട് എന്നിവയും അവതരണത്തിൽ ഉൾപ്പെടുത്തി. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ സ്പോർട്സ് എൻക്ലേവാണ് ഒളിമ്പിക്സ് പദ്ധതിയിലെ പ്രധാന കേന്ദ്രം.


കായികമന്ത്രി മൻസുഖ് മാണ്ഡവ്യ, കായിക സെക്രട്ടറി ഹരി രഞ്ജൻ റാവു, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ മുൻ പ്രസിഡന്റ് പി.ടി. ഉഷ, ഐഒസിയിലെ ഇന്ത്യയുടെ പ്രതിനിധി നിത അംബാനി, ഐഒഎ അത്‌ലറ്റ്സ് കമ്മിഷൻ മേധാവി പി വി സിന്ധു, ഗുജറാത്ത് കായികമന്ത്രി ഹർഷ് സംഘവി തുടങ്ങിയവർ ഇന്ത്യയെ പ്രതിനിധീകരിച്ചു.


2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യക്കുപുറമെ ജർമനി, ഹംഗറി, ഖത്തർ, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക, തുർക്കി എന്നീ രാജ്യങ്ങളും രംഗത്തുണ്ട്. തുർക്കി ഫ്യൂച്ചർ ഹോസ്റ്റ് കമ്മിഷന് മുന്നിൽ ആദ്യ അവതരണം നടത്തിയതായാണ് റിപ്പോർട്.


ഇന്ത്യയുടെ പദ്ധതിയെക്കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായം മനസിലാക്കാൻ ഡിസംബറിലെ മൂന്നാം വാരത്തിൽ ഐഒസി അജ്ഞാത സർവേ നടത്തും. അടുത്ത വർഷം മാർച്ചിൽ ഇന്ത്യയുടെ ബിഡ് വിലയിരുത്തുന്നതിൽ സർവേ ഫലത്തിനും പ്രാധാന്യമുണ്ടാകും. തുടർന്ന് താൽപര്യമുള്ള രാജ്യങ്ങൾ ഐഒസിയുടെ ഫ്യൂച്ചർ ഹോസ്റ്റ് ചോദ്യാവലിക്കും സാമ്പത്തിക ഉറപ്പുകൾക്കുമുള്ള പ്രാഥമിക മറുപടി നൽകുന്ന സ്ട്രാറ്റജിക് ഡയലോഗ് ഘട്ടത്തിലേക്ക് കടക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home