ഇന്ത്യൻ ടീമിനെ നയിക്കാൻ ചേച്ചി; അനുജത്തിയും ദേശീയ ജഴ്സിയിൽ

ചാലക്കുടി : രാജ്യാന്തര സെപക് താക്രോ വേദിയിൽ ഇന്ത്യയെ നയിക്കാൻ ചേച്ചി. ദേശീയ ടീമിൽ അനുജത്തിക്കും ഇടം. ഏഷ്യാ കപ്പ് സെപക് താക്രോ ചാമ്പ്യൻഷിപ്പിനുള്ള അണ്ടർ 19 ഇന്ത്യൻ ടീമിലാണ് ചാലക്കുടി കടുകുറ്റി പാലയപ്പറമ്പ് സ്വദേശികളായ സഹോദരിമാർ ഇടംപിടിച്ചത്. ഐശ്വര്യ ജോയിയാണ് ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ. അനുജത്തി അലോണ ജോയിയും ടീമിലുണ്ട്.
ഫിലിപ്പീൻസിലെ മനിലയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി ഇരുവരും കളത്തിലിറങ്ങും. നവംബർ 15 മുതൽ 20 വരെ ഗോവയിൽ നടന്ന ജൂനിയർ ഇന്ത്യൻ ക്യാമ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ടീമിലേക്ക് താരങ്ങളെ തെരഞ്ഞെടുത്തത്. കേരളത്തിൽനിന്ന് രണ്ട് പെൺകുട്ടികൾക്കാണ് അണ്ടർ 19 ടീമിൽ അവസരം ലഭിച്ചത്.
ചാലക്കുടി എസ്‌എൻഡിപി കോൺവെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയാണ് അലോണ. ഐശ്വര്യയും സെപക് താക്രോയിൽ നേരത്തെ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവച്ചിട്ടുണ്ട്. സഹോദരിമാർ ഒരുമിച്ച് ഇന്ത്യൻ ടീമിന്റെ ഭാഗമാകുന്നത് നാടിനും അഭിമാനമായി.








0 comments