Deshabhimani

നിയമവിരുദ്ധമായ ഫോൺ ചോർത്തലിനെ മുഖ്യമന്ത്രി നിസാരവൽക്കരിക്കുന്നു: പിണറായി വിജയൻ

GNA Contract

പിണറായി വിജയൻ

വെബ് ഡെസ്ക്

Published on Nov 27, 2026, 03:23 PM | 1 min read

തിരുവനന്തപുരം: ഭരണഘടന ഉറപ്പുനൽകുന്ന പൗരന്റെ മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ ബാധ്യസ്ഥനായ മുഖ്യമന്ത്രി തന്നെ, നിയമവിരുദ്ധമായ ഫോൺ ചോർത്തലിനെയും നിരന്തര നിരീക്ഷണത്തെയും നിസാരവത്കരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തിരുവനന്തപുരത്ത് ഭരണഘടനാ ദിന പരിപാടിയിൽ, തന്റെ ഫോൺ ചോർത്തപ്പെടുന്നുണ്ടെന്നും എല്ലാവരും നിരീക്ഷണത്തിലാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഭരണഘടനാ ദിനത്തിൽ തന്നെ, ഭരണഘടനാവിരുദ്ധമായ ഇത്തരം നടപടികളെ സ്വാഭാവികമെന്ന നിലയിൽ അവതരിപ്പിച്ചത് വലിയ വിരോധാഭാസമാണെന്നും പിണറായി വിജയൻ പറഞ്ഞു.


ഭരണഘടന ഓരോ പൗരനും ഉറപ്പുനൽകുന്ന മൗലികാവകാശമാണ് സ്വകാര്യത. പ്രതിപക്ഷ നേതാക്കളുടെയും സ്വന്തം മന്ത്രിസഭാംഗങ്ങളുടെയും ഫോണുകൾ ചോർത്തുന്നുവെന്ന ഗുരുതരമായ ആരോപണങ്ങൾ നിലനിൽക്കെ, ഗൗരവമായ അന്വേഷണം പ്രഖ്യാപിക്കുന്നതിന് പകരം വിഷയത്തെ ലാഘവത്തോടെ കാണാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. സംസ്ഥാന ഭരണത്തലവന്റെ ഫോൺ പോലും ചോർത്തപ്പെടുന്നുണ്ടെങ്കിൽ അത് അതീവ ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്. ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. ആഭ്യന്തര മന്ത്രിയുടെ അറിവോടെയാണോ സംസ്ഥാനത്ത് അനധികൃത നിരീക്ഷണങ്ങളും ഫോൺ ചോർത്തലും നടക്കുന്നതെന്നും വ്യക്തമാക്കേണ്ടതുണ്ട്.


ജനാധിപത്യ സംവിധാനങ്ങളെയും പൗരസ്വാതന്ത്ര്യത്തെയും അട്ടിമറിക്കുന്ന സർവൈലൻസ് രാഷ്ട്രീയത്തെ ഒരുതരത്തിലും അംഗീകരിക്കാനാവില്ല. ഫോൺ ചോർത്തൽ ആരോപണങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി വസ്തുതകൾ ജനങ്ങൾക്ക് മുന്നിൽ വ്യക്തമാക്കാൻ സർക്കാർ അടിയന്തരമായി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.









deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home