Deshabhimani

വിജ്ഞാപനങ്ങൾക്കും ഇനി നിയന്ത്രണം; പിഎസ്‍സിക്ക് മരണക്കുരുക്ക്

udf destroying psc
വെബ് ഡെസ്ക്

Published on Nov 27, 2026, 04:09 PM | 2 min read

തിരുവനന്തപുരം: ഭരണഘടനാ സ്ഥാപനമായ കേരള പബ്ലിക് സർവീസ് കമീഷനെ തകർക്കാനുള്ള ശ്രമം നിരന്തരം തുടർന്ന് യുഡിഎഫ് സർക്കാർ. പരിഷ്കാരത്തിന്റെ പേരിൽ സ്ഥിരം നിയമനങ്ങൾ വൈകിപ്പിച്ച് താൽക്കാലിക നിയമനങ്ങൾ നടത്തുന്നത് ലക്ഷക്കണക്കിന് ഉദ്യോ​ഗാർഥികളുടെ ഭാവിയുടേയും സംസ്ഥാനത്തെ പൊതുസംവിധാനത്തിന്റെ ആകെയും മരണമണി മുഴക്കുന്നതിന് തുല്യമാണ്. അധികാരമേറിയതുമുതൽ സുതാര്യമായി നടന്നുവന്നിരുന്ന പിഎസ്‍സി പ്രവർത്തനങ്ങളെ ഒന്നാകെ അവതാളത്തിലാക്കി ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് യുഡിഎഫ് നടത്തുന്നത്.


ഒഴിവുകൾ റിപ്പോർട്ട് ചെയ്താൽ മാത്രം പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചാൽ മതി എന്നതാണ് പുതിയ തീരുമാനം. ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത് യുപിഎസ്‍സിയെയാണ്. യുപിഎസ്‍സിക്ക് അടുത്ത വർഷം രാജ്യത്തേക്ക് എത്ര ഉദ്യോ​ഗസ്ഥർ വേണമെന്നത് മുൻകൂട്ടി കണക്കുകളുണ്ട്. എന്നാൽ ഈ മാതൃക കേരളത്തിൽ പ്രായോ​ഗികമല്ലെന്നിരിക്കെയാണ് ഈ നടപടി. പ്രമോഷനടക്കമുള്ളവ ലഭിച്ച് ജീവനക്കാർ മാറുന്നതിനിടയ്ക്ക് ഉണ്ടാകുന്ന ഒഴിവുകളൊന്നും മുൻകൂട്ടി കണക്കാക്കാനാവില്ല. വിജ്ഞാപനമിറക്കി പരീക്ഷ നടത്തി റാങ്ക് പട്ടിക വരുന്നതുവരെയുള്ള കാലയളവിൽ സംവിധാനങ്ങൾ തകരാതിരിക്കാനായി കരാർ അടിസ്ഥാനത്തിൽ ദിവസ വേതനക്കാരെ നിയമിക്കുകയാണ് പതിവ്. എന്നാൽ ഇത് കൈക്കൂലി വാങ്ങിയുള്ള നിയമനങ്ങളാണെന്നത് വ്യക്തം.


പിഎസ്‌സി നിയമന നടപടികൾ മന്ദഗതിയിലാകുന്നതിനിടെയാണ് ഉദ്യോഗാർഥികൾക്ക് തിരിച്ചടിയായി പുതിയ വിജ്ഞാപനങ്ങൾക്കുള്ള നിയന്ത്രണവും വരുന്നത്. പ്രതീക്ഷിത ഒഴിവുകളുടെ അടിസ്ഥാനത്തിൽ വിജ്ഞാപനം പുറപ്പെടുവിക്കുന്ന പതിവ് രീതി മാറി വകുപ്പുകൾ ഒഴിവുകൾ റിപ്പോർട്ട് ചെയ്തതിനുശേഷം മാത്രം വിജ്ഞാപനം പുറപ്പെടുവിക്കുന്ന രീതിയിലേക്ക് നീങ്ങുന്നതോടെ എൽപിഎസ്‌ടി, യുപിഎസ്‌ടി ഉൾപ്പെടെയുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാൻ കാത്തിരിക്കുന്ന ഉദ്യോഗാർഥികൾ ആശങ്കയിലാണ്. അധ്യാപക തസ്തികകളിൽ റാങ്ക് പട്ടിക തയ്യാറാക്കുന്നതിനുമുമ്പ് സർക്കാരുമായി ആശയവിനിമയം നടത്താൻ പിഎസ്‌സിയോട് ആവശ്യപ്പെടാനുള്ള സർക്കാർ തീരുമാനത്തിന് പിന്നാലെയാണ് പുതിയ നിയന്ത്രണം. അധ്യാപക നിയമനങ്ങളിൽ മാത്രമല്ല, മറ്റു പ്രധാന തസ്തികകളിലേക്കുള്ള വിജ്ഞാപനങ്ങളെയും ഈ മാറ്റം ബാധിക്കും.


ഡിസംബറിൽ എൽപിഎസ്‌ടി, യുപിഎസ്‌ടി തസ്തികകളിലേക്ക് പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കാനായിരുന്നു പിഎസ്‌സി ആലോചിച്ചിരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഈ വർഷം വിജ്ഞാപനങ്ങൾ പുറത്തിറങ്ങാനുള്ള സാധ്യത കുറഞ്ഞു. ഹൈസ്‌കൂൾതലം വരെയുള്ള അധ്യാപക നിയമനങ്ങൾക്ക് കെ–ടെറ്റ് നിർബന്ധമാക്കണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ വ്യക്തത തേടി പിഎസ്‌സി സർക്കാരിന് കത്ത് നൽകിയിരുന്നെങ്കിലും മറുപടി ലഭിച്ചിട്ടില്ല.


ക്ലർക്ക്, ലാസ്റ്റ് ഗ്രേഡ് സർവന്റ്, സെക്രട്ടറിയറ്റ് അസിസ്റ്റന്റ്, സർവകലാശാല അസിസ്റ്റന്റ്, പൊലീസ് കോൺസ്റ്റബിൾ, എസ്‌ഐ, കമ്പനി–ബോർഡ്–കോർപറേഷൻ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്കും പ്രതീക്ഷിത ഒഴിവുകൾ കണക്കിലെടുത്താണ് സാധാരണ വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. പുതിയ നിയന്ത്രണം ഈ തസ്തികകളിലേക്കുള്ള നിയമനങ്ങളും വൈകിപ്പിച്ചേക്കും.


നിലവിലുള്ള റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുമ്പോഴേക്കും പുതിയ പട്ടിക തയ്യാറാക്കുന്നതാണ് പിഎസ്‌സിയുടെ പതിവ് രീതി. ഇതിലൂടെ നിയമനങ്ങളിൽ തടസ്സമുണ്ടാകുന്നത് ഒഴിവാക്കാനും താൽക്കാലിക നിയമനങ്ങൾ കുറയ്ക്കാനും സാധിച്ചിരുന്നു. വിജ്ഞാപനങ്ങൾ വൈകുന്നതോടെ റാങ്ക് പട്ടികകളില്ലാത്ത സാഹചര്യം സൃഷ്ടിക്കപ്പെടാനും താൽക്കാലിക നിയമനങ്ങൾ വർധിക്കാനും സാധ്യതയുണ്ട്.


യുഡിഎഫ് അധികാരത്തിലെത്തിയശേഷം പിഎസ്‌സി വിജ്ഞാപനങ്ങളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായി. 2025ൽ 897 വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിച്ചപ്പോൾ 2026 നവംബർ പകുതിവരെ 171 വിജ്ഞാപനങ്ങൾ മാത്രമാണ് പുറത്തിറക്കിയത്. യുഡിഎഫ് അധികാരത്തിലെത്തിയശേഷം 140 വിജ്ഞാപനങ്ങളാണ് പ്രസിദ്ധീകരിച്ചത്. 2025ൽ 37,425 നിയമനശുപാർശകൾ നൽകിയപ്പോൾ ഈ വർഷം നവംബർ പകുതിവരെ 23,989 നിയമനശുപാർശകളാണ് നൽകിയത്.


ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലെ കാലതാമസവും വിജ്ഞാപനങ്ങളിലെ കുറവും പിഎസ്‌സി നിയമന സംവിധാനത്തെ ദുർബലപ്പെടുത്തുമെന്നും പിൻവാതിൽ നിയമനങ്ങൾക്ക് വഴിയൊരുക്കുമെന്നുമുള്ള വിമർശനവും ഉയർന്നിട്ടും സർക്കാരിന് കുലുക്കമിലല്. സർക്കാർ ജോലി ലക്ഷ്യമിട്ട് വർഷങ്ങളായി പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികളുടെ ഭാവിയെയാണ് ഈ അനിശ്ചിതത്വം ബാധിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home