കുട്ടികൾ ആത്മഹത്യയെക്കുറിച്ച് തിരഞ്ഞാൽ ഇനി രക്ഷിതാക്കൾക്ക് അലർട്ട് വരും: പുതിയ സംവിധാനവുമായി മെറ്റ

കലിഫോർണിയ: ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് ഉപയോക്താക്കളായ കൗമാരക്കാരുടെ സുരക്ഷയ്ക്കായി പുതിയ സംവിധാനം അവതരിപ്പിച്ച് മെറ്റ. കൗമാരക്കാർ ആത്മഹത്യയെക്കുറിച്ചോ സ്വയം ഉപദ്രവിക്കുന്നതിനെയോ കുറിച്ചോ മെറ്റാ എഐയിൽ തിരഞ്ഞാൽ ഉടൻ തന്നെ രക്ഷിതാക്കൾക്ക് അലേർട്ടുകൾ നൽകുന്ന സംവിധാനമാണിത്. തിരഞ്ഞെടുത്ത ചില പ്രദേശങ്ങളിൽ മാത്രമാണ് നിലവിൽ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.
ഇൻസ്റ്റാഗ്രാമിലെ സൂപ്പർവിഷൻ ടൂൾ ഉപയോഗിക്കുന്ന രക്ഷിതാക്കൾക്കാംകും ഇത്തരത്തിൽ അലേർട്ടുകൾ ലഭിക്കുക. ഈ സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് രക്ഷിതാക്കളെ സഹായിക്കുന്നതിനായി വിദഗ്ദ്ധർ തയ്യാറാക്കിയ മാർഗനിർദ്ദേശങ്ങളും മെറ്റ നൽകും. അലേർട്ടുകൾ അയക്കുന്നതിന് മുൻപ്, എഐ ഫ്ലാഗ് ചെയ്ത ചാറ്റുകൾ വിദഗ്ദ്ധർ നേരിട്ട് പരിശോധിക്കും. കൗമാരക്കാരുടെ ഉദ്ദേശ്യം അവ്യക്തമാണെങ്കിൽ പോലും മുൻകരുതൽ എന്ന നിലയിൽ രക്ഷിതാക്കളെ അറിയിക്കും.
ആത്മഹത്യയ്ക്ക് സാധ്യതയുണ്ടെന്ന് എഐ കണ്ടെത്തുന്ന സംഭാഷണങ്ങളുടെ കാര്യത്തിൽ, അടിയന്തര സേവനങ്ങളെ ബന്ധപ്പെടാനുള്ള സംവിധാനം മെറ്റാ വികസിപ്പിക്കുകയാണ്. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും മുൻപ് ചെയ്തിരുന്നതുപോലെ, ആത്മഹത്യയെ സൂചിപ്പിക്കുന്ന പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിച്ച് പരിശോധനകൾ ഉറപ്പാക്കും. ആത്മഹത്യയെയും സ്വയം ഉപദ്രവത്തെയും കുറിച്ചുള്ള കൗമാരക്കാരുടെ ചോദ്യങ്ങളോട് മെറ്റാ എഐ എങ്ങനെ പ്രതികരിക്കണമെന്ന് തീരുമാനിക്കാൻ 75-ലധികം മാനസികാരോഗ്യ ക്ലിനിക്കുകളിൽ നിന്നുള്ള നിർദ്ദേശങ്ങൾ ഉപയോഗിക്കുന്നുണ്ട്.
എഐയുടെ മറുപടികൾ വെറും നിർദ്ദേശങ്ങളായി ചുരുക്കാതെ, കൗമാരക്കാരുടെ വികാരങ്ങളെ ഉൾക്കൊള്ളുന്നതും അവരെ കൃത്യമായ ഹെൽപ്പ് ലൈനുകളിലേക്ക് നയിക്കുന്നതുമാണെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. കൗമാരക്കാരുടെ അക്കൗണ്ടുകൾ സ്വയമേവ 13+ സുരക്ഷാ ക്രമീകരണത്തിലാണ്. ഇതുവഴി മദ്യം, ലൈംഗികത തുടങ്ങിയവയുമായി ബന്ധപ്പെട്ട അനുചിതമായ സംഭാഷണങ്ങളെ എഐ ഒഴിവാക്കും. രക്ഷിതാക്കൾക്ക് കൗമാരക്കാരായ മക്കളുടെ അക്കൗണ്ടിൽ 'ലിമിറ്റഡ് കണ്ടന്റ്' ക്രമീകരണം തിരഞ്ഞെടുക്കാവുന്നതാണ്. ഇത് മെറ്റാ എഐ നൽകുന്ന മറുപടികളിൽ കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവരും.











0 comments