ബംഗളൂരുവില്‍ ഇന്‍ഡിഗോ വിമാനത്തിന്‍റെ ശുചിമുറിയില്‍ വ്യാജ ബോംബ് ഭീഷണി കുറിപ്പ്; യാത്ര വൈകി

ബംഗളൂരു : ബംഗളൂരുവിൽ നിന്ന് അഹമ്മദാബാദിലേക്ക് പോകാനിരുന്ന ഇൻഡിഗോ വിമാനത്തിൽ വ്യാജ ബോംബ് ഭീഷണി. ഭീഷണിയെ തുടർന്ന് വിമാനം അഞ്ച് മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്.
വ്യാഴാഴ്ച രാത്രി ഏകദേശം എട്ട് മണിക്കാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. ബംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടാനിരുന്ന ഇൻഡിഗോ 6E-6423 വിമാനത്തിലെ ശുചിമുറിയിൽ നിന്നാണ് ഭീഷണി സന്ദേശമെഴുതിയ കുറിപ്പ് ലഭിക്കുന്നത്. "Don't go. Bomb Hai! Please" എന്നായിരുന്നു ജീവനക്കാരന് ലഭിച്ച കുറിപ്പിലുണ്ടായിരുന്നത്. തുടർന്ന് വിവരം അധികൃതരെ അറിയിക്കുകയും വിമാനത്തിൽ വിശദമായ പരിശോധന നടത്തുകയും ചെയ്തു. എന്നാൽ സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീടാണ് ഇത് വ്യാജമാണെന്ന് മനസിലാകുന്നത്.
വ്യാജ ഭീഷണിയെ തുടർന്ന് വിമാനസർവീസ് വൈകുകയായിരുന്നു. ഭീഷണി സന്ദേശം എഴുതിയ വ്യക്തിയെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇൻഡിഗോ കമ്പനി കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവള പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.










0 comments