ad
Deshabhimani

മുന്നറിയിപ്പില്ലാത്ത കട്ട്, വീട്ടിൽ ഇൻവെർട്ടർ വാങ്ങി വെക്കാൻ കെഎസ്ഇബി; പാലക്കാട് ഓക്സിജൻ നിലച്ച് കിടപ്പുരോഗി മരിച്ചു

dead body

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 17, 2026, 04:42 PM | 1 min read

പാലക്കാട്: മുന്നറിയിപ്പില്ലാത്ത പവർകട്ടിൽ ഓക്സിജൻ കോൺസൺട്രേറ്റർ പ്രവർത്തിക്കാതായതിനെ തുടർന്ന് വീട്ടിൽ ചികിത്സയിലായിരുന്ന കിടപ്പുരോഗി ശ്വാസം കിട്ടാതെ മരിച്ചു. പാലക്കാട് സിവിൽ സ്റ്റേഷന് സമീപം കേനാത്ത് പറമ്പ് കലിയങ്കണ്ടത്ത് വീട്ടിൽ എം കൃഷ്ണൻ (71) ആണ് മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിലായിരുന്ന കൃഷ്ണനെ കഴിഞ്ഞ ആഴ്ചയാണ് ഓക്സിജൻ കോൺസൺട്രേറ്ററിന്റെ സഹായത്തോടെ വീട്ടിലേക്ക് മാറ്റിയത്.


വ്യാഴാഴ്ച രാത്രി 12 മണിയോടെ പ്രദേശത്ത് പെട്ടെന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു. ഇതോടെ കൃഷ്ണന്റെ ശരീരത്തിലെ ഓക്സിജൻ അളവ് അപകടകരമായ രീതിയിൽ 39–40 ലേക്ക് താഴ്ന്നു. പരിഭ്രാന്തരായ കുടുംബാംഗങ്ങൾ ഉടൻ തന്നെ കെ എസ് ഇ ബി ഓഫീസിലേക്ക് വിളിച്ച് അന്വേഷിച്ചെങ്കിലും നിരുത്തരവാദപരവുമായ മറുപടിയാണ് ജീവനക്കാരിൽ നിന്നും ഉണ്ടായത്.


"വീട്ടിൽ ഇൻവെർട്ടർ വാങ്ങി വെക്കാനായിരുന്നു" ഫോൺ എടുത്ത ജീവനക്കാരൻ കൃഷ്ണന്റെ മരുമകൾ സനിഷ്മയോട് പറഞ്ഞത്. രാത്രി 12.45 ഓടെ വൈദ്യുതി തിരിച്ചെത്തുകയും ഓക്സിജൻ കോൺസൺട്രേറ്റർ വീണ്ടും പ്രവർത്തിപ്പിക്കുകയും ചെയ്തെങ്കിലും കൃഷ്ണന്റെ നില അതീവ ഗുരുതരമായി മാറിയിരുന്നു.


തുടർന്ന് രോഗിയെ വീട്ടിൽ പരിചരിക്കുന്ന പാലിയേറ്റീവ് നഴ്സ് ചിത്ര അഭയിനെ കുടുംബാംഗങ്ങൾ വിവരം അറിയിച്ചു. എന്നാൽ ചിത്ര എത്തുമ്പോഴേക്കും കൃഷ്ണൻ മരിച്ചിരുന്നു. വൈദ്യുതി ഓഫീസിലേക്ക് വിളിച്ചപ്പോൾ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ക്രൂരമായ പ്രതികരണം ഏറെ വേദനിപ്പിച്ചുവെന്ന് പാലിയേറ്റീവ് നഴ്സ് ചിത്ര അഭയ് പറഞ്ഞു.


കുവൈറ്റിലുള്ള മകൻ മണികണ്ഠൻ നാട്ടിലെത്തിയ ശേഷം സംസ്കാരം നടക്കും. രഞ്ജിനിയാണ് കൃഷ്ണന്റെ മറ്റൊരു മകൾ. സനിഷ്മ, പ്രമോദ് എന്നിവർ മരുമക്കളാണ്. സംസ്ഥാനത്ത് രാത്രിയും പകലും പ്രഖ്യാപനമില്ലാതെ മണിക്കൂറുകളോളമാണ് വൈദ്യുതി മുടങ്ങുന്നത്. ഇത് കിടപ്പുരോഗികൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് ആളുകളുടെ ജീവനാണ് അപകടത്തിലാക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home