പ്രധാനമന്ത്രിയെയും മന്ത്രിമാരെയും നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ബില്ലിനുമേലുള്ള ജെപിസി റിപ്പോർട്ട് മാറ്റിവെച്ചു

ന്യൂഡൽഹി: ഗുരുതരമായ കുറ്റകൃത്യങ്ങളിൽ 30 ദിവസം തുടർച്ചയായി തടവിൽ കഴിയുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാർ എന്നിവരെ സ്ഥാനത്തുനിന്ന് നീക്കാൻ വ്യവസ്ഥ ചെയ്യുന്ന ബില്ല് പരിശോധിക്കുന്ന പാർലമെന്റിന്റെ സംയുക്ത സമിതി തങ്ങളുടെ കരട് റിപ്പോർട്ട് അവതരിപ്പിക്കുന്നത് മാറ്റിവെച്ചു.
വിഷയത്തിൽ കൂടുതൽ ചർച്ചകൾ ആവശ്യമാണെന്ന് സമിതി അംഗങ്ങൾക്ക് തോന്നിയതിനാലാണ് ഈ തീരുമാനമെന്ന് സമിതി അധ്യക്ഷ അപരാജിത സാരംഗി പറഞ്ഞു. 130-ാം ഭരണഘടനാ ഭേദഗതി ബിൽ പരിശോധിക്കുന്ന സംയുക്ത സമിതി തങ്ങളുടെ കരട് റിപ്പോർട്ടിൽ അഞ്ച് ശുപാർശകളാണ് മുന്നോട്ടുവെച്ചിരുന്നത്. ഇത് അടുത്തിടെ അംഗങ്ങൾക്കിടയിൽ വിതരണം ചെയ്തിരുന്നു.
റിപ്പോർട്ടിലെ ഓരോ ശുപാർശകളിലും സമിതി പ്രത്യേകം വോട്ടെടുപ്പ് നടത്തിയിരുന്നു. ഇതിനു ശേഷമാണ് കൂടുതൽ കൂടിയാലോചനകളും അംഗങ്ങൾക്കിടയിൽ കൂടുതൽ ചർച്ചകളും ആവശ്യമാണെന്ന തീരുമാനത്തിലേക്ക് എത്തിയത് എന്നാണ് വിശദീകരണം.
എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി, എൻസിപി ശരദ് പവാർ വിഭാഗം നേതാവ് എംപി സുപ്രിയ സുലെ എന്നിവർ തങ്ങളുടെ വിയോജനക്കുറിപ്പുകൾ രേഖപ്പെടുത്തിയിരുന്നു. കരട് റിപ്പോർട്ട് അംഗീകരിക്കുന്നത് മാറ്റിവെക്കാൻ സമിതി തീരുമാനിച്ചതോടെ അവർ അത് പിൻവലിച്ചു.
"വിവിധ അംഗങ്ങളുമായി കൂടുതൽ കൂടിയാലോചനകൾ ആവശ്യമാണെന്ന് പാർലമെന്റ് സംയുക്ത സമിതി ഏകകണ്ഠമായി അഭിപ്രായപ്പെട്ടു," എന്ന് സമിതി അധ്യക്ഷ അപരാജിത സാരംഗി വ്യക്തമാക്കി.











0 comments