ad
Deshabhimani

പ്ലീഡർ നിയമനം തീകൊളുത്തി; കോൺഗ്രസ് വക്താക്കൾ നേർക്കുനേർ

congres nethakkal fight
വെബ് ഡെസ്ക്

Published on Jul 17, 2026, 05:44 PM | 2 min read

തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർ നിയമനത്തെച്ചൊല്ലി തുടങ്ങിയ ഭിന്നത കോൺഗ്രസിൽ പരസ്യപ്പോരിലേക്ക് കടന്നിരിക്കുകയാണ്. മുഖ്യമന്ത്രി വി ഡി സതീശനെതിരെ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും കെപിസിസി വക്താവ് വി ആർ അനൂപും വിമർശിച്ചതിനു പിന്നാലെ, നേതാക്കൾ പഴയ പാർടി ബന്ധങ്ങളും കണക്കുകളും പുറത്തെടുത്ത് പരസ്യമായി പോരെടുക്കുകയാണ്.


സജീവ ആർഎസ്എസ് ബന്ധമുള്ളയാളെ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചതിനെ കെഎസ്‌യു ചോദ്യംചെയ്തതാണ് തർക്കത്തിന് തുടക്കം. “കെഎസ്‌യുവിന് പ്ലീഡർ നിയമനത്തിൽ ഒരു കാര്യവുമില്ല” എന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തിനെതിരെ അലോഷ്യസ് തുറന്നടിച്ചു. കഴിഞ്ഞ പത്തുവർഷം തെരുവിൽ സമരംചെയ്ത പ്രവർത്തകരുടെ ആശങ്കയാണ് കെഎസ്‌യു ഉന്നയിച്ചതെന്നും മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിലപാട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.


എന്നാൽ മുഖ്യമന്ത്രിയെ കാണാൻ കെഎസ്‌യു സംസ്ഥാന പ്രസിഡന്റിന് അനുമതി ലഭിച്ചില്ല. തേവര എസ്‌എച്ച് കോളേജിലെ പരിപാടിയിൽ ഇരുവരും നേരിൽ കണ്ടപ്പോഴും അലോഷ്യസിനോട് സംസാരിക്കാതെ മുഖ്യമന്ത്രി കടന്നുപോയി. സദസ്സിന്റെ മുൻനിരയിൽ കാത്തുനിന്ന അലോഷ്യസിന്റെ മുഖത്തേക്ക് പോലും നോക്കാതെയായിരുന്നു സതീശൻ വേദിയിലേക്ക് നീങ്ങിയത്.


ഹിന്ദു ഐക്യവേദി നേതാക്കളായ കെ പി ശശികലയ്ക്കും ആർ വി ബാബുവിനും കൂടിക്കാഴ്ചയ്ക്ക് സമയം നൽകിയ മുഖ്യമന്ത്രി, അലോഷ്യസിനും കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസിനും അവസരം നൽകിയില്ലെന്ന വിമർശനവുമായി വി ആർ അനൂപും രംഗത്തെത്തി. ഹിന്ദു ഐക്യവേദി നേതാക്കളോട് കാണിച്ച അനുഭാവപൂർണമായ സമീപനമെങ്കിലും സ്വന്തം പാർടി നേതാക്കളോടും കാണിക്കണമെന്നായിരുന്നു അനൂപിന്റെ ആവശ്യം.


ഇതോടെ മുഖ്യമന്ത്രിയെ അനുകൂലിക്കുന്നവരും അനൂപിനെതിരെ രംഗത്തെത്തി. തന്നെ മുമ്പ് പാർടി പദവികളിൽ കണ്ടിട്ടില്ലെന്ന ബി ആർ എം ഷഫീറിന്റെ പരാമർശത്തിന് മറുപടിയായി അനൂപ് പഴയ പാർടി ചരിത്രം ഓർമിപ്പിച്ചു. താൻ തൃശൂർ ജില്ലാ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന കാലത്ത് ഷഫീർ ഡിഐസിയുടെ വേദികളിലായിരുന്നുവെന്നും പിന്നീട് കോൺഗ്രസിലേക്ക് തിരിച്ചെത്തിയ ശേഷമുള്ള കാര്യങ്ങൾ മുഴുവൻ ഇപ്പോൾ പറയുന്നില്ലെന്നും അനൂപ് കുറിച്ചു.


സിപിഐ എം അടുപ്പിക്കാത്തതിനാലാണോ വീണ്ടും കോൺഗ്രസിനുവേണ്ടി ചാനലുകളിൽ പ്രത്യക്ഷപ്പെട്ടതെന്ന് ഷഫീർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


കോൺഗ്രസ് പ്രതിനിധിയെന്ന നിലയിൽ പാർടിയുടെ നയനിലപാടുകൾക്ക് വിരുദ്ധമായി ഒരിക്കലും സംസാരിച്ചിട്ടില്ലെന്നും സർക്കാരിന്റെ തീരുമാനങ്ങളെ ചോദ്യംചെയ്യുന്നത് പാർടിവിരുദ്ധ പ്രവർത്തനമല്ലെന്നും അനൂപ് പറഞ്ഞു.

“മൂക്കിൽ വലിച്ചുകയറ്റാമെന്ന് ആരും കരുതേണ്ട; അതിനുള്ള വെള്ളം വാങ്ങിവെച്ചാൽ മതി” എന്ന മുന്നറിയിപ്പോടെയാണ് അനൂപിന്റെ പ്രതികരണം അവസാനിച്ചത്.


മുഖ്യമന്ത്രിയെ അനുകൂലിച്ച് രാജു പി നായരും രംഗത്തെത്തി. സർക്കാരിന്റെ തീരുമാനങ്ങളിൽ പരാതിയുണ്ടെങ്കിൽ ആദ്യം മുഖ്യമന്ത്രിയെയോ കെപിസിസി പ്രസിഡന്റിനെയോ അറിയിക്കണമെന്നും പൊതുവേദികളിലെ വിമർശനം നിഷ്കളങ്കമല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


പ്ലീഡർ നിയമനത്തിൽ തുടങ്ങിയ തർക്കം ഇതോടെ കെഎസ്‌യു–മുഖ്യമന്ത്രി ഭിന്നതയിൽ ഒതുങ്ങാതെ കോൺഗ്രസ് വക്താക്കളുടെയും നേതാക്കളുടെയും പഴയ കണക്കുതീർക്കലിലേക്ക് നീങ്ങുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home