വന്ദേമാതരത്തെ അപമാനിച്ചാൽ 3 വർഷം തടവുശിക്ഷ; പുതിയ നിയമ ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കാൻ കേന്ദ്രം

ന്യൂഡൽഹി: 'വന്ദേമാതരം' ആലപിക്കുന്നത് തടസ്സപ്പെടുത്തുകയോ അതിനെ അപമാനിക്കുകയോ ചെയ്യുന്നവരെ ശിക്ഷിക്കുന്നതിനായി പുതിയ നിയമ ഭേദഗതി ബിൽ കേന്ദ്ര സർക്കാർ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. കുറ്റക്കാർക്ക് 3 വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന ശിക്ഷയാണ് പുതിയ ഭേദഗതിയിൽ വ്യവസ്ഥ ചെയ്യുന്നത്.
വന്ദേമാതരം ആലപിക്കുന്നത് തടസ്സപ്പെടുത്തുകയോ അതിനെ അപമാനിക്കുകയോ ചെയ്തുവെന്ന പേരിൽ ആർക്കെതിരെയും കേസെടുക്കാനും, കുറ്റക്കാർക്ക് 3 വർഷം വരെ തടവോ പിഴയോ ചുമത്താനും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ഭേദഗതി. 'ദേശീയ ബഹുമതികളെ അപമാനിക്കുന്നത് തടയൽ നിയമം-1971' ഭേദഗതി ചെയ്ത് ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയ ഈ കരട് ബിൽ പൗരന്മാർക്ക് മേൽ അനാവശ്യ നിയമപീഡനങ്ങൾ അടിച്ചേൽപ്പിക്കാൻ അധികാരികള്‍ക്ക് കൂടുതൽ അധികാരം നൽകും.
ദേശീയ ഗാനമായ 'ജനഗണമന'യ്ക്ക് ഒപ്പം വന്ദേമാതരത്തേയും സ്ഥാപിക്കുകയാണ് ഈ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. വന്ദേമാതരം ആലപിക്കുന്ന പൊതുചടങ്ങുകൾ തടസ്സപ്പെടുത്തുന്നതും ആദരക്കുറവ് കാണിക്കുന്നതും ഇതിലൂടെ ക്രിമിനൽ കുറ്റത്തിന്റെ പരിധിയിൽ വരും.
അതേസമയം രാജ്യത്തെ ക്രൈസ്തവ സംഘടനകളുടെ വലിയ പ്രതിഷേധത്തിന് കാരണമായ എഫ് സി ആർ എ ഭേദഗതി ബില്ലും ഈ സമ്മേളനത്തിൽ മോദി സർക്കാർ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. തങ്ങളുടെ ഏകപക്ഷീയമായ അജണ്ടകൾ നടപ്പിലാക്കുന്നതിനായി ഭരണഘടനാ ഭേദഗതി ബില്ലുകൾ പാസാക്കിയെടുക്കാൻ, ലോക്‌സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം എങ്ങനെയും ഒപ്പിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് ബിജെപിയും ഭരണപക്ഷവും.
രാജ്യത്തെ വിവിധ ക്രൈസ്തവ സഭകളും സംഘടനകളും വിദേശ ധനസഹായ നിയന്ത്രണ നിയമത്തിലെ പുതിയ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഇതിനകം രംഗത്തുണ്ട്. സന്നദ്ധ സംഘടനകളുടെയും വിദേശ സഹായം കൈപ്പറ്റുന്ന പ്രസ്ഥാനങ്ങളുടെയും പ്രവർത്തനങ്ങളെ ഈ നിയമം പ്രതികൂലമായി ബാധിക്കുമെന്നാണ് ഇവരുടെ ആശങ്ക.











0 comments