തിരുത്തലുകളെ തെറ്റായി വ്യാഖ്യാനിച്ചാൽ ആ തെറ്റുകൾ ഇനിയും ആവർത്തിക്കും: കെഎസ്‌യു പ്രസിഡന്റ്

വി ഡി സതീശന്‍ മുഖം കൊടുക്കാതെ കടന്നുപോകുന്നു, അലോഷ്യസ് സേവ്യര്‍ മാധ്യമങ്ങളെ കാണുന്നു
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ മുഖം കൊടുക്കാതിരുന്നതിൽ പ്രതികരണവുമായി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. തേവര എസ്‌എച്ച് കോളേജിൽ നടന്ന ഹാർട്ടിയൻ വിമൺ ഹെൽത്ത് സമ്മിറ്റ് പരിപാടിയിൽ മുൻനിരയിൽ നിന്നിട്ടും അലോഷ്യസിന് മുഖം നൽകാതെ വി ഡി സതീശൻ കടന്നുപോവുകയായിരുന്നു. കേരളത്തിന്റെ മുഖ്യമന്ത്രിയെ കാണുമ്പോൾ ചിരിക്കുക എന്നതാണ് താൻ പഠിച്ച രാഷ്ട്രീയമെന്ന് അലോഷ്യസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
മുഖ്യമന്ത്രി എന്നെ കണ്ടുവോ എന്നറിയില്ല. താൻ പഠിച്ച രാഷ്ട്രീയം കേരളത്തിന്റെ സമുന്നതരായ നേതാക്കളെ കാണുമ്പോൾ പുഞ്ചിരിക്കുക എന്നതാണെന്ന് അലോഷ്യസ് പറഞ്ഞു. കഴിഞ്ഞ 10 വർഷക്കാലം കെഎസ്‌യു കേരളത്തിന്റെ ക്യാമ്പസുകളിലും തെരുവോരങ്ങളിലും നിരന്തരം മല്ലടിച്ച് പോരാട്ടങ്ങൾ നടത്തിയാണ് കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നിട്ടുള്ളത്.
സാധാരണക്കാരായ കെഎസ്‌യു പ്രവർത്തകരുടെ ചോരയും നീരും വിയർപ്പിന്റെയും ഭാഗമായി തന്നെയാണ് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നിട്ടുള്ളതെന്ന കാര്യത്തിൽ തർക്കമില്ല. പക്ഷേ ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി. അത് തിരുത്തണമെന്ന് മാത്രമാണ് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ ആവശ്യപ്പെട്ടത്. ആ ചൂണ്ടിക്കാണിച്ച തിരുത്തലുകൾ തെറ്റായി വ്യാഖ്യാനിച്ചാൽ ആ തെറ്റ് ഇനിയും ആവർത്തിക്കാനാണ് സംഘടനയുടെ തീരുമാനമെന്ന് അലോഷ്യസ് തുറന്നടിച്ചു.
ഒപ്പം നിൽക്കുന്ന പ്രവർത്തകരുടെ വികാരത്തെ ഉൾകൊള്ളുക എന്നതാണ് താൻ പഠിച്ച രാഷ്ട്രീയമെന്നും അലോഷ്യസ് കൂട്ടിച്ചേർത്തു. ഗവൺമെന്റ് പ്ലീഡർ നിയമനത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ജാഗ്രത പുലർത്തേണ്ടതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. സജീവ ആർഎസ്എസ് ബന്ധമുള്ളയാളെ സീനിയർ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചതിനെതിരെയാണ് കെഎസ്‌യു വിമർശനം ഉയർത്തിയത്.
മാവേലിക്കര തഴക്കര സ്വദേശിയായ ഡി എസ് ശരത്തിനെ ജൂലൈ എട്ടിന് പുറത്തിറക്കിയ പട്ടികയിലാണ് ഉൾപ്പെടുത്തിയത്. തൃശൂർ ഗവൺമെന്റ് ലോ കോളേജിൽ എബിവിപി നേതാവായിരുന്ന ഇയാൾ ആർഎസ്എസുകാർ പ്രതികളായ കേസുകളിൽ ഹാജരായിട്ടുണ്ടെന്നാണ് കെഎസ്‌യുവിന്റെയും കോൺഗ്രസ് അഭിഭാഷക സംഘടനയിലെ ഒരു വിഭാഗത്തിന്റെയും ആരോപണം.
പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി കടന്നുവരുമ്പോൾ മുൻനിരയിൽ അലോഷ്യസ് ഉണ്ടായിരുന്നു. മുഖ്യമന്ത്രിയെ വരവേൽക്കാൻ കാത്തുനിന്നെങ്കിലും സതീശൻ അലോഷ്യസിന്റെ മുഖത്തേക്ക് നോക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. അലോഷ്യസിനെ അവഗണിച്ച് മുഖ്യമന്ത്രി മുന്നോട്ടുപോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഗവൺമെന്റ് പ്ലീഡർ നിയമനത്തിലെ ആർഎസ്എസ് ബന്ധത്തെ കെഎസ്‌യു ചോദ്യം ചെയ്തതിന് പിന്നാലെയാണ് മുഖ്യമന്ത്രിയും സംഘടനാ നേതൃത്വവും തമ്മിലുള്ള ഭിന്നത പരസ്യമായത്. “തിരുവനന്തപുരത്തെ കെഎസ്‌യുവാണോ ഗവൺമെന്റ് പ്ലീഡറെ നിയമിക്കുന്നത്? കെഎസ്‌യുവിന് ഇതിൽ ഒരു കാര്യവുമില്ല” എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.











0 comments