ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയം; പാക് സ്പിന്നർ മുഹമ്മദ് നവാസിന്റെ ലോകകപ്പ് പ്രകടനങ്ങൾ അസാധുവാക്കി ഐസിസി

മുഹമ്മദ് നവാസ്
ദുബായ്: ഐസിസിയുടെ ഉത്തേജക മരുന്ന് വിരുദ്ധ ചട്ടം ലംഘിച്ചതിനെ തുടർന്ന് പാകിസ്ഥാൻ സ്പിന്നർ മുഹമ്മദ് നവാസിന് വിലക്ക്. ഫെബ്രുവരി 7-ന് കൊളംബോയിൽ നടന്ന ട്വന്റി 20 ലോകകപ്പ് മത്സരത്തിന് ശേഷം നടത്തിയ പരിശോധനയിൽ, നിരോധിത ലഹരി പദാർത്ഥമായ 'കാർബോക്സി-ടിഎച്ച്സി' നവാസിന്റെ സാമ്പിളിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
താൻ കുറ്റം ചെയ്‌തെന്ന് സമ്മതിച്ച നവാസ്, ഈ പദാർത്ഥം മത്സരത്തിന് പുറത്താണ് ഉപയോഗിച്ചതെന്നും കായിക പ്രകടനങ്ങളുമായി ഇതിന് ബന്ധമില്ലെന്നും വ്യക്തമാക്കി. തുടക്കത്തിൽ മൂന്ന് മാസത്തെ വിലക്കാണ് ഐസിസി ഏർപ്പെടുത്തിയത്.
2026 മെയ് 1 മുതൽ പ്രാബല്യത്തിൽ വന്ന ഈ വിലക്ക്, ലഹരി വിമുക്ത ചികിത്സാ പരിപാടി പൂർത്തിയാക്കുന്ന മുറയ്ക്ക് ഒരു മാസമായി കുറയ്ക്കാൻ ഐസിസി തീരുമാനിക്കുകയായിരുന്നു.
ചികിത്സയിൽ പ്രവേശിക്കാൻ സമ്മതിക്കുകയും ഇതിനകം രണ്ടര മാസത്തെ സസ്പെൻഷൻ പൂർത്തിയാക്കുകയും ചെയ്തതോടെ നവാസിന്റെ താൽക്കാലിക വിലക്ക് പിൻവലിച്ചു. ചികിത്സാ പരിപാടി പൂർത്തിയാക്കുന്നതോടെ അദ്ദേഹത്തിന് വീണ്ടും ക്രിക്കറ്റിൽ സജീവമാകാം.
അതേസമയം, ഐസിസി നിയമപ്രകാരം ഫെബ്രുവരി 7 മുതൽ മെയ് 1, 2026 വരെയുള്ള കാലയളവിൽ നവാസ് കളിച്ച എല്ലാ മത്സരങ്ങളിലെയും അദ്ദേഹത്തിന്റെ വ്യക്തിഗത പ്രകടനങ്ങൾ അസാധുവാക്കി.
മത്സരങ്ങളുടെ ഫലങ്ങളിൽ മാറ്റമുണ്ടാകില്ലെങ്കിലും, നവാസ് നേടിയ റൺസും വിക്കറ്റുകളും അദ്ദേഹത്തിന്റെ കരിയർ റെക്കോർഡുകളിൽ നിന്ന് നീക്കം ചെയ്യപ്പെടും. ഇതിൽ പാകിസ്ഥാന്റെ മുഴുവൻ ട്വന്റി 20 ലോകകപ്പ് പ്രകടനങ്ങളും ഉൾപ്പെടുന്നു.
ലോകകപ്പിലെ ഏഴ് മത്സരങ്ങളിൽ നിന്ന് നേടിയ ഏഴ് വിക്കറ്റുകളും, തുടർന്ന് പിഎസ്എല്ലിൽ മുൾട്ടാൻ സുൽത്താൻസിനായി നേടിയ ആറ് വിക്കറ്റുകളും ഇതോടെ കണക്കുകളിൽ നിന്ന് മാഞ്ഞുപോകും.











0 comments