ഇൻസ്റ്റഗ്രാമിൽ കൗമാരക്കാരുടെ ലൈവ് സ്ട്രീമിങ് തടയാനൊരുങ്ങി മെറ്റ

കലിഫോർണിയ : ഇൻസ്റ്റഗ്രാമിൽ 18 വയസിന് താഴെയുള്ളവരുടെ ലൈവ് സ്ട്രീമിങ് തടയാനൊരുങ്ങി മെറ്റ. സുരക്ഷ പരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ഫേസ്ബുകേകേ, മെസഞ്ചർ തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ 18 വയസിന് താഴെയുള്ളവരുടെ സുരക്ഷാ സംവിധാനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ലൈവ് സ്ട്രീമിങ്ങിന് നിയന്ത്രണം വരുന്നത്.
മാതാപിതാക്കളുടെ അനുമതിയില്ലാതെ 16 വയസ്സിന് താഴെയുള്ളവർക്ക് ഇൻസ്റ്റാഗ്രാം ലൈവ് ഫീച്ചർ ഉപയോഗിക്കാൻ സാധിക്കില്ല. നഗ്നത അടങ്ങിയ കണ്ടന്റുകൾ ബ്ലർ ചെയ്ത് കാണിക്കുന്നത് ഒഴിവാക്കാനും മാതാപിതാക്കളുടെ അനുമതി വേണ്ടി വരും. കഴിഞ്ഞ വർഷമാണ് മെറ്റ ടീൻ അക്കൗണ്ടുകൾ അവതരിപ്പിച്ചത്. ദിവസം ആപ് ഉപയോഗിക്കാൻ സമയപരിധി മാതാപിതാക്കൾക്ക് നിശ്ചയിക്കാൻ സാധിക്കുന്നതടക്കമുള്ള ക്രമീകരണങ്ങളുമായാണ് ടീൻ അക്കൗണ്ടുകൾ അവതരിപ്പിച്ചത്. സന്ദേശങ്ങൾ കൈമാറുന്നത് കാണാനും ഈ ക്രമീകരണത്തിൽ കഴിയും.
യുഎസ്, യുകെ, ഓസ്‌ട്രേലിയ, കാനഡ എന്നിവിടങ്ങളിലാണ് ഫേസ്ബുക്ക്, മെസഞ്ചർ ടീൻ അക്കൗണ്ടുകൾ ആദ്യം ആരംഭിക്കുന്നത്. 16 വയസിന് താഴെയുള്ള ഉപയോക്താക്കൾക്ക് ക്രമീകരണങ്ങൾ മാറ്റാൻ മാതാപിതാക്കളുടെ അനുമതി ആവശ്യമാണ്. 16, 17 വയസുള്ളവർക്ക് ഇവ സ്വതന്ത്രമായി മാറ്റാൻ കഴിയും. 18 വയസിന് താഴെയുള്ള 54 ദശലക്ഷം പേർ ടീൻ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഉപയോഗിക്കുന്നുണ്ട്. യുകെ ഓൺലൈൻ സുരക്ഷാ നിയമം നടപ്പിലാക്കുന്ന സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം.








0 comments