ഭാഷാവേലി തകര്‍ക്കാൻ ഇൻസ്റ്റ, എഡിറ്റ്സ് ആപ്പിൽ പുത്തൻ ഫീച്ചറുകൾ

പ്ലാറ്റ്‌ഫോമിലെ ഭാഷാ തടസ്സങ്ങൾ നീക്കുന്നതിനായി പുതിയ ഫീച്ചറുകളുമായി ഇൻസ്റ്റാഗ്രാം. കമ്പനിയുടെ ഹ്രസ്വ-വീഡിയോ എഡിറ്റിംഗ് ആപ്പായ 'എഡിറ്റ്സി'ൽ 'ബൈലിംഗ്വൽ കാപ്ഷൻസ്' ഉൾപ്പെടെയുള്ള പുത്തൻ ഫീച്ചറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇത് വീഡിയോകളിലെ അടിക്കുറിപ്പുകളെ മറ്റൊരു ഭാഷയിലേക്ക് സ്വയം വിവർത്തനം ചെയ്യും. റീൽ ചെയ്യുന്നവര്‍ക്കും കാണുന്നവര്‍ക്കും ഇത് പ്രയോജനപ്പെടുത്താം.
ഫീച്ചറുകൾ ഒരിടത്ത് തന്നെ കേന്ദ്രീകരിക്കുന്ന മെറ്റായുടെ നീക്കങ്ങളുടെ ഭാഗമായാണ് ഈ അപ്ഡേറ്റ്. ഇതോടെ വിവർത്തനത്തിനായി ഉപയോക്താക്കൾ മറ്റ് ആപ്പുകളെ ആശ്രയിക്കേണ്ടി വരില്ല.
ട്വിറ്ററിന്റെ എതിരാളിയായ 'ത്രെഡ്സ്' വഴിയാണ് ഇൻസ്റ്റാഗ്രാം ഈ പ്രഖ്യാപനം നടത്തിയത്. നിലവിൽ ഇംഗ്ലീഷ്, ഹിന്ദി, സ്പാനിഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, ജർമ്മൻ, ഇറ്റാലിയൻ, കൊറിയൻ, ജാപ്പനീസ്, തായ്, ഇന്തോനേഷ്യൻ, റഷ്യൻ, ബംഗാളി, ഗുജറാത്തി, കന്നഡ എന്നീ 15 ഭാഷകളിൽ ഈ ഫീച്ചർ ലഭ്യമാണ്.
ഓവർലേകൾ ചേർക്കാനും, എഡിറ്റിംഗിനിടയിൽ ചില പ്രത്യേക ക്ലിപ്പുകൾ ലോക്ക് ചെയ്തു വെക്കാനുമുള്ള സൗകര്യം. സീസണുകളുമായി ബന്ധപ്പെട്ട കൂടുതൽ ശബ്ദ ഇഫക്ടുകൾ ഉൾപ്പെടുത്തിയ ഫീച്ചർ എന്നിവയും അവതരിപ്പിക്കുന്നു.
കഴിഞ്ഞ വർഷം ജനുവരിയിലാണ് മെറ്റാ വീഡിയോ എഡിറ്റിംഗ് രംഗത്തേക്ക് ചുവടുവെച്ചുകൊണ്ട് 'എഡിറ്റ്സ്' ലോഞ്ച് ചെയ്തത്. ഉപയോക്താക്കൾക്ക് സിംഗിൾ-ഫ്രെയിം കൃത്യതയോടെ വീഡിയോകൾ റെക്കോർഡ് ചെയ്യാനും എഡിറ്റ് ചെയ്യാനും ഇതിലൂടെ സാധിക്കും. കൂടാതെ, 10 മിനിറ്റ് വരെയുള്ള വീഡിയോകൾ വാട്ടർമാർക്ക് ഇല്ലാതെ തികച്ചും സൌജന്യമായി 4K ക്വാളിറ്റിയിൽ എക്സ്പോർട്ട് ചെയ്യാനും ഈ ആപ്പ് അനുവദിക്കുന്നുണ്ട്.
കഴിഞ്ഞ മാസം ലോസ് ആഞ്ചലസിൽ നടന്ന ചടങ്ങിൽ വച്ച് ആപ്പിൽ വരാനിരിക്കുന്ന ചില പ്രധാന കൂട്ടിച്ചേർക്കലുകൾ മെറ്റാ പ്രഖ്യാപിച്ചിരുന്നു. ഇൻസ്റ്റാഗ്രാമിലെ പെർഫോമൻസ് ഡാറ്റകൾ ഈ എഐ അസിസ്റ്റന്റ് വിശകലനം ചെയ്യും. പ്രേക്ഷകർ വീഡിയോ എത്രത്തോളം സമയം കണ്ടു എന്നും, ചില വീഡിയോകൾ മികച്ച വിജയം നേടാനും ചിലത് പരാജയപ്പെടാനും ഉള്ള കാരണങ്ങൾ എന്തൊക്കെയാണെന്നും ഇത് വിശദീകരിക്കും. ഒപ്പം പുതിയ ഉള്ളടക്കങ്ങൾക്കുള്ള ആശയങ്ങൾ, ട്രെൻഡിംഗ് ഓഡിയോകൾ എന്നിവ നിർദ്ദേശിക്കുകയും മുൻകാല പോസ്റ്റുകളുടെ അടിസ്ഥാനത്തിൽ ഉപയോക്താക്കളെ നയിക്കുകയും ചെയ്യും.
ഡെസ്ക്ടോപ്പ് വേർഷൻ
മൊബൈലിൽ മാത്രം ലഭ്യമായിരുന്ന എഡിറ്റ്സ് ആപ്പ് ഇനി കമ്പ്യൂട്ടറുകളിലും ലഭ്യമാകും. വലിയ സ്ക്രീനുകളിൽ കൂടുതൽ കൃത്യതയോടെ എഡിറ്റിംഗ് നടത്താൻ ഇത് സഹായിക്കും. കൂടാതെ പ്രോജക്ടുകൾ മൊബൈലിലും ഡെസ്ക്ടോപ്പിലും ഒരേസമയം സിങ്ക് ആകുമെന്നതിനാൽ നിർത്തിവെച്ചിടത്തുനിന്ന് എഡിറ്റിംഗ് എളുപ്പത്തിൽ തുടരാനാകും. നിലവിൽ വിപണിയിലുള്ള 'കാപ്കട്ട്' പോലുള്ള എതിരാളികളോട് നേരിട്ട് മത്സരിക്കാൻ ഈ ഡെസ്ക്ടോപ്പ് വേർഷൻ എഡിറ്റ്സിനെ സഹായിക്കും.










0 comments