ഇന്ത്യക്കാർ സ്മാർട്ട്‌ഫോണുകളിൽ ചെലവഴിച്ചത് 1.1 ലക്ഷം കോടി മണിക്കൂർ

smartphone
വെബ് ഡെസ്ക്

Published on Mar 30, 2025, 02:58 PM | 2 min read

ടെലിവിഷൻ വിട്ട് ഇപ്പോൾ സ്മാർട് ഫോണിലാണ് ലോകം. ഇത്രയുമധികം സമയം ആരു ചെലവഴിച്ചു എന്ന് അത്ഭുതം തോന്നാം. കഴിഞ്ഞ വർഷം, അതായത് 2024-ൽ മാത്രം ഇന്ത്യക്കാർ സ്മാർട് ഫോണുകൾ നോക്കിയിരുന്നത് ഒരു ട്രില്യൺ മണിക്കൂറിലധികം സമയമാണ്. സോഷ്യൽ മീഡിയയും ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളും കൊഴുപ്പിക്കുന്ന ബിസിനസ് കൂടിയാണ് ഇത്.


വൈറൽ തമാശകൾ കണ്ടു നേരം പോക്കുന്നത് മുതൽ ഓസ്കാർ നേടിയ സിനിമകൾ ആസ്വദിക്കുന്നത് വരെ ഒരു വലിയ സമയവലയമാണ് മൊബൈൽ റേഞ്ചിനകത്ത് ഉപയോഗിച്ച് തള്ളുന്നത് എന്ന് കണക്കുകൾ.


2024-ൽ ഇന്ത്യക്കാർ 1.1 ലക്ഷം കോടി മണിക്കൂർ സ്മാർട്ട്‌ഫോണുകളിൽ ചെലവഴിച്ചതായി ഇവൈയാണ് റിപ്പോർട്ട് ചെയ്തത്. ഫൈവ് ജിവരെ വേഗത്തിൽ ഇന്റർനെറ്റ് ലഭിക്കുന്നതിലൂടെ ഇൻസ്റ്റഗ്രാമും നെറ്റ്ഫ്‌ളിക്‌സും പോലുള്ള പ്ലാറ്റ്‌ഫോമുകൾക്ക് ഇന്ത്യയിൽ വൻ സ്വീകാര്യത നേടി ഈ സമയം അത്രയും കയ്യിലാക്കി മുന്നേറുകയാണ്.


മുന്നിൽ സോഷ്യൽ മീഡിയയോ

ഇന്ത്യക്കാർ മൊബൈൽ സ്‌ക്രീനുകൾക്ക് മുന്നിൽ ശരാശരി 5 മണിക്കൂർ ചെലവഴിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. അതിൽ 70% സോഷ്യൽ മീഡിയ, ഗെയിമിംഗ്, വീഡിയോകൾ എന്നിവയ്ക്കായി ഉപയോഗിക്കുകയും ചെയ്തുവെന്നാണ് ഇവൈ വ്യാഴാഴ്ച പുറത്തിറക്കിയ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നത്.


ഡിജിറ്റൽ ചാനലുകൾ ഇന്ത്യയിലെ മീഡിയ & എന്റർടെയിൻമെന്റ് വ്യവസായത്തിൽ ഏറ്റവും വലിയ വിഭാഗമായി മാറിയിരിക്കുകയാണ്. ടെലിവിഷനെ മറികടന്നതോടെ ഇന്ത്യയുടെ ഡിജിറ്റൽ വിപണി വൻ മുന്നേറ്റമാണ് നടത്തുന്നത്. ഇന്തോനേഷ്യ, ബ്രസീൽ എന്നിവയ്ക്ക് ശേഷം മൊബൈൽ ഫോൺ ഉപയോഗത്തിൽ ഇന്ത്യ മൂന്നാമത്തെ വലിയ രാജ്യമാണ്.


ഏറ്റവും ഉയർന്ന മൊത്തത്തിലുള്ള മൊബൈൽ ഉപയോഗ സമയം ലോകത്തിൽ തന്നെ ഇന്ത്യയിലാണ്. വലിയൊരു വിഭാഗം സോഷ്യൽ മീഡിയ, വീഡിയോകൾ, ഗെയിമിംഗ് എന്നിവയിൽ സമയം ചെലവഴിക്കുന്നതിനാൽ പരസ്യങ്ങൾക്കായി ഡിജിറ്റൽ മാർക്കറ്റിംഗിനാണ് ഇപ്പോൾ കൂടുതൽ പ്രാധാന്യം നൽകുന്നത്.


മാസം 25.5 ജിബി ഡാറ്റ തിന്നുന്നവർ

സർവേ അനുസരിച്ച്, 2025 സാമ്പത്തിക വർഷം സെപ്റ്റംബർ മാസത്തിനൊടുവിൽ രാജ്യത്തെ ഒരു ഉപയോക്താവിന്റെ ശരാശരി പ്രതിമാസ വയർലെസ് ഡാറ്റ ഉപഭോഗം 21.2 ജിബിയായിരിക്കുമെന്നാണ് നി​ഗമനം. ഇന്ത്യയുടെ 5G പ്രചാരണവും ടെലികോം മേഖലയിലെ വളർച്ചയെ സ്വാധീനിച്ചിട്ടുള്ളതായി റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 4G, 5G പോലുള്ള നെറ്റ്‌വർക്കുകളിലുടനീളമുള്ള ഉപഭോഗം 19.5% നിരക്കിലാണ് വർധിച്ചത്. 2024 ൽ ശരാശരി ഉപയോഗം പ്രതിമാസം 27.5 GB ആയി ഉയർന്ന സമയമുണ്ടായി.


അമേരിക്കയുടെ മൊത്തം ജനസംഖ്യയെക്കാൾ അധികം

ഇന്ത്യയിലെ ജനസംഖ്യയുടെ ഏകദേശം 40%, അതായത് 56.2 കോടി ആളുകൾ ഇപ്പോൾ സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നുണ്ട്. ഇത് യുഎസിലെയും മെക്സിക്കോയിലെയും മൊത്തം ജനസംഖ്യയേക്കാൾ കൂടുതലാണ്. 2027 ആകുമ്പോഴേക്കും ഇന്ത്യയുടെ മാധ്യമ, വിനോദ മേഖലയുടെ വളർച്ച 3.1 ലക്ഷം കോടി രൂപയിലെത്തും.


ടെക്‌നോളജിയുടെ അതിവേഗ മുന്നേറ്റങ്ങൾ ഇന്ന് മനുഷ്യജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. വിവര സാങ്കേതികതയുടെ വിപ്ലവകരമായ മാറ്റങ്ങൾ നമ്മുടെ ദൈനംദിന പ്രവർത്തനങ്ങൾ മുതൽ ആഗോള സാമ്പത്തികം വരെയെത്തിയിരിക്കുകയാണ്. എല്ലാ വിവരങ്ങളും ഒറ്റ ക്ലിക്കിൽ വിരൽത്തുമ്പിൽ ലഭിക്കുന്ന ഡിജിറ്റൽ ലോകാത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്. ഒരു പരിധിവരെയുള്ള എന്താവശ്യത്തിനും ഡിജിറ്റൽ ലോകത്ത് പരിഹാരമുണ്ട്. ആശയവിനിമയം, ​ഗതാ​ഗതം, ആരോ​ഗ്യം, തൊഴിൽ, വിനോദം തുടങ്ങി ഡിജിറ്റൽ വിപ്ലവം കൈ വയ്ക്കാത്ത മേഖലകളില്ല. സ്മാർട്ഫോൺ ഇല്ലാത്ത ഒരു ജീവിത രീതിയെക്കുറിച്ച് ബഹുഭൂരിപക്ഷ ജനങ്ങൾക്കും ഇന്ന് ചിന്തിക്കാനെ കഴിയില്ല. ഇന്ത്യയിലെയും സാഹചര്യവും വ്യത്യസ്തമല്ലെന്നാണ് ഈ കണക്കുകൾ പറയുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home