ഗൂഗിൾ ചതിക്കുമോ ആശാനേ? വ്യക്തിഗത വിവരങ്ങൾ പരസ്യത്തിനായി ഉപയോഗിക്കാൻ നീക്കം

ന്യൂഡൽഹി : ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ പരസ്യത്തിന് ഉപയോഗിക്കാൻ നീക്കവുമായി ഗൂഗിൾ. സ്വകാര്യത നയത്തിൽ വൻ മാറ്റങ്ങളാണഅ ഗൂഗിൾ അവതരിപ്പിക്കാൻ പോകുന്നത്. ജിമെയിൽ, ഗൂഗിൾ ഫോട്ടോസ്, ഗൂഗിൾ ഡ്രൈവ് എന്നിവയിലെ വിവരങ്ങളാണ് ഉപയോഗിക്കാൻ ഒരുങ്ങുന്നത്. ഒക്ടോബർ 16 മുതൽ നയമാറ്റം പ്രാബല്യത്തിൽ വന്നതായാണ് വിവരം. ഉപയോക്താക്കൾ അനുമതി നൽകിയിട്ടുണ്ടെങ്കിൽ വ്യക്തിഗത വിവരങ്ങൾ ഗൂഗിൾ സെർച്ച് പോലുള്ള മറ്റ് സേവനങ്ങളിലൂടെ പരസ്യങ്ങളിൽ ഉപയോഗിക്കും.
‘പേഴ്സണൽ ഇന്റലിജൻസ്’ സംവിധാനത്തിലൂടെ ഉപയോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നുകയറ്റം നടത്തുകയാണ് ഗൂഗിൾ. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ജിമെയിൽ, ഫോട്ടോസ്, ഡ്രൈവ് തുടങ്ങിയ സേവനങ്ങളുമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. ഗൂഗിൾ സെർച്ച്, ജെമിനി എന്നിവയിൽ കൂടുതൽ വ്യക്തിഗതമായ മറുപടികളും നിർദേശങ്ങളും നൽകാനാണ് പുതിയ നീക്കമെന്നാണ് ഗൂഗിൾ നൽകുന്ന വിശദീകരണം. അതേസമയം, ഉപയോക്താവ് വിവരങ്ങൾ മറ്റൊരു ഗൂഗിൾ സേവനവുമായി പങ്കിടാൻ അനുമതി നൽകിയാൽ മാത്രമേ പരസ്യങ്ങൾക്കായി ഉപയോഗിക്കൂ എന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സ്വകാര്യതാലംഘനമായാണ് സാങ്കേതി വിദഗ്ധർ ഈ നീക്കത്തെ വിലയിരുത്തുന്നത്.
പരസ്യദാതാക്കൾക്ക് ഉപയോക്താക്കളുടെ ഇമെയിലുകളിലേക്കോ ഫോട്ടോകളിലേക്കോ നേരിട്ട് പ്രവേശനം നൽകില്ലെന്നും പേര്, ഇമെയിൽ വിലാസം തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ കൈമാറില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യസ്ഥിതി, മതം, വംശം, ലൈംഗിക ആഭിമുഖ്യം തുടങ്ങിയ സെൻസിറ്റീവ് വിഭാഗങ്ങളെ അടിസ്ഥാനമാക്കി പരസ്യങ്ങൾ നൽകില്ലെന്നും ഗൂഗിൾ പറയുന്നു.
ഗൂഗിൾ അക്കൗണ്ടിലെ പ്രൈവസി സെറ്റിംഗ്സ് പരിശോധിച്ച് ജിമെയിൽ, ഗൂഗിൾ ഫോട്ടോസ് തുടങ്ങിയ ആപ്പുകളെ സെർച്ച് സേവനങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നത് വിച്ഛേദിക്കാവുന്നതാണ്. ഗൂഗിൾ അക്കൗണ്ടിലെ Data & privacy വിഭാഗം തുറക്കുക,
Personalisation settings തിരഞ്ഞെടുത്ത്. Manage Personalised Recommendations in Search Services എന്ന ഓപ്ഷനിലേക്ക് പോകുക. Additional Personal Intelligence വിഭാഗത്തിലെ Connected Content apps തുറക്കുക. ഗൂഗിൾ വർക്‌സ്‌പേസിന്റെയും ഗൂഗിൾ ഫോട്ടോസിന്റെയും കണക്ഷനുകൾ ഡിസേബിൾ ചെയ്താൽ സ്വകാര്യ വിവരങ്ങളിലേക്ക് കടക്കുന്നത് ഒരു പരിധിവരെ തടയാം. സ്വകാര്യ വിവരങ്ങൾ ഒന്നിലധികം ഗൂഗിൾ സേവനങ്ങളുമായി ബന്ധിപ്പിക്കുന്നതിന് മുൻപ് ഉപയോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്നും സാങ്കേതി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.









0 comments