എസ്‌ഐആർ റദ്ദാക്കണം: വോട്ടവകാശ സംരക്ഷണത്തിന് രാജ്യവ്യാപക പ്രതിഷേധം

ന്യൂഡൽഹി : വോട്ടവകാശം സംരക്ഷിക്കണമെന്നും എസ്‌ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം നടത്തി. ഒക്ടോബർ 23ന് നടന്ന ജനകീയ മാർച്ചുകളിലും പ്രതിഷേധങ്ങളിലും 150ലധികം ബഹുജന, തൊഴിലാളി സംഘടനകളും സിവിൽ സമൂഹ കൂട്ടായ്മകളും പങ്കെടുത്തതായി പീപ്പിൾസ് എഗെയ്ൻസ്റ്റ് എസ്‌ഐആർ (PA-SIR) അഖിലേന്ത്യാ ഏകോപന സമിതി അറിയിച്ചു.
ജനാധിപത്യം വീണ്ടെടുക്കുക എന്ന മുദ്രാവാക്യവുമായി നടത്തിയ പ്രതിഷേധങ്ങളിൽ വിവിധ മേഖലകളിലുള്ളവർ പങ്കുചേർന്നതായി സമിതി വ്യക്തമാക്കി. എസ്‌ഐആർ റദ്ദാക്കുക, മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ നിയമനടപടി സ്വീകരിക്കുക, അർഹരായ എല്ലാ പൗരന്മാരുടെയും വോട്ടവകാശം പുനഃസ്ഥാപിക്കുക, ബാലറ്റ് പേപ്പർ സംവിധാനം തിരിച്ചുകൊണ്ടുവരിക, 2023ലെ തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമം ഭേദഗതി ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്.
കർഷകർ, തൊഴിലാളികൾ, ദിവസവേതനക്കാർ, വ്യാപാരികൾ, മാധ്യമപ്രവർത്തകർ, അധ്യാപകർ, വിദ്യാർഥികൾ, യുവജനങ്ങൾ, സ്ത്രീകൾ, ദലിതർ, ആദിവാസികൾ, ന്യൂനപക്ഷ വിഭാഗങ്ങൾ തുടങ്ങി വിവിധ മേഖലകളിലുള്ളവർ പ്രതിഷേധത്തിൽ പങ്കെടുത്തതായി സമിതി അറിയിച്ചു. മോദി–ഷാ ഭരണകൂടത്തിന്റെ ഏകാധിപത്യ പ്രവണതകൾക്കെതിരായ ജനകീയ ഐക്യത്തിന്റെ തുടക്കമാണിതെന്നും വോട്ടവകാശം പുനഃസ്ഥാപിക്കുന്നതുവരെ സമരം തുടരുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
ന്യൂഡൽഹിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്ത മാർച്ച് ഉച്ചയ്ക്ക് ഒന്നിന് കാളിബാരി റോഡിൽനിന്ന് ആരംഭിച്ച് തെരഞ്ഞെടുപ്പ് കമീഷൻ ഓഫീസിലേക്ക് നീങ്ങി. ഓഫീസിന് 200 മീറ്റർ അകലെ ഡൽഹി പൊലീസ് മാർച്ച് തടഞ്ഞു. തുടർന്ന് പ്രതിഷേധക്കാർ ജനകീയ പാർലമെന്റ് സംഘടിപ്പിക്കുകയും ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഒരു വിഭാഗം പ്രതിഷേധക്കാരെ ബലമായി കസ്റ്റഡിയിലെടുത്ത ഡൽഹി പൊലീസിന്റെ നടപടിയെ സമിതി അപലപിച്ചു.
എംപിമാരായ വി ശിവദാസൻ, സന്തോഷ് കുമാർ, വൃന്ദ കാരാട്ട്, യോഗേന്ദ്ര യാദവ്, ആനി രാജ, ജയതി ഘോഷ് തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ ഡൽഹിയിലെ പ്രതിഷേധത്തിൽ പങ്കെടുത്തു. കേരളം ഉൾപ്പെടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രതിഷേധങ്ങൾ നടന്നതായി സമിതി അറിയിച്ചു.
ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ജാർഖണ്ഡ്, ഹിമാചൽ പ്രദേശ്, ബിഹാർ, ആന്ധ്രപ്രദേശ്, സിക്കിം, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ത്രിപുര, തമിഴ്‌നാട്, തെലങ്കാന, കേരളം, പുതുച്ചേരി, കർണാടക, പശ്ചിമ ബംഗാൾ, ഒഡിഷ, അസം, മണിപ്പുർ, അരുണാചൽ പ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ വ്യാപകമായ പ്രതിഷേധങ്ങൾ നടന്നു.
വിവിധ വിഭാഗങ്ങൾക്കിടയിൽ ഉയരുന്ന പ്രതിഷേധം കണക്കിലെടുത്ത് കൂടുതൽ വിപുലമായ കൂടിയാലോചനകൾ നടത്തുമെന്നും സമരത്തിന്റെ അടുത്ത ഘട്ടം ഒക്ടോബർ 27ന് പ്രഖ്യാപിക്കുമെന്നും സമിതിയുടെ അഖിലേന്ത്യാ ഏകോപന സമിതി അറിയിച്ചു.









0 comments