മലയോര ഹർത്താൽ 27ന്; പ്രചാരണ ജാഥ ഇന്ന്

കാട്ടാക്കട
ജനവാസ മേഖലകളെയും കൃഷിഭൂമികളെയും പരിസ്ഥിതിലോല മേഖലകളിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കർഷകസംഘവും ആദിവാസി ക്ഷേമ സമിതിയും ചൊവ്വാഴ്‌ച മലയോര ഹർത്താൽ സംഘടിപ്പിക്കുന്നു. ഇതിന്റെ പ്രചാരണാർഥമുളള വാഹന ജാഥ ഞായറാഴ്‌ച നടക്കും. ഇരവുപാലത്ത് കർഷകസംഘം സംസ്ഥാന പ്രസിഡന്റ് എം വിജയകുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഡി കെ മുരളി ക്യാപ്റ്റനും എകെഎസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം എൽ കിഷോർ വൈസ് ക്യാപ്റ്റനും കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം ഐ സാജു മാനേജരുമായ ജാഥ ഉദ്ഘാടനശേഷം ഞാറനീലി, വിതുര ബസ്‌സ്റ്റാൻഡ് ജങ്‌ഷൻ, കോട്ടൂർ, വ്ളാവെട്ടി, വാഴിച്ചൽ എന്നിവിടങ്ങളിലെ സ്വീകരണശേഷം അമ്പൂരി ജങ്‌ഷനിൽ സമാപിക്കും. സമാപന സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി ഉദ്ഘാടനം ചെയ്യും. ആർ ജയദേവൻ, ഐ ബി സതീഷ്, വിജൂമോഹൻ എന്നിവർ ജാഥാംഗങ്ങളാണ്. തെന്നൂർ, പെരിങ്ങമ്മല, വിതുര, മണ്ണൂർക്കര, കള്ളിക്കാട്, വാഴിച്ചൽ, അമ്പൂരി എന്നീ വില്ലേജുകളിലെ ജനവാസ, കൃഷിമേഖലകളെയാണ് കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പരിസ്ഥിതിലോല മേഖലയായി വിജ്ഞാപനം ചെയ്തിരിക്കുന്നത്. ഹർത്താൽ വിജയിപ്പിക്കുക ജനവാസ മേഖലകളെ തകർക്കുന്ന നടപടികൾക്കെതിരെ ചൊവ്വാഴ്‌ച നടക്കുന്ന മലയോര ഹർത്താൽ വിജയിപ്പിക്കണമെന്ന് കർഷകസംഘം അമ്പൂരി മേഖലാ കമ്മിറ്റി അഭ്യർഥിച്ചു. അമ്പൂരിയിലും മറ്റ് പരിസ്ഥിതിലോല മേഖലകളിലും നടത്തുന്ന സമ്പൂർണ ഹർത്താലിൽ കടകൾ പൂർണമായും അടച്ചും വാഹനയാത്രകൾ ഒഴിവാക്കിയും സഹകരിക്കണം. രാവിലെ ഒന്പതിന് അമ്പൂരിയിൽ പ്രതിഷേധ പ്രകടനവും സമരപരിപാടികളും വിജയിപ്പിക്കാൻ എല്ലാ ജനവിഭാഗങ്ങളും ഇറങ്ങണമെന്നും കർഷകസംഘം ഭാരവാഹികൾ അഭ്യർ ഥിച്ചു.









0 comments