print edition എസ്‌എംഎ രോഗികൾക്ക് ക്ലിനിക്കൽ ട്രയൽ: സംശയങ്ങൾക്ക് ഉത്തരം വേണം

തിരുവനന്തപുരം : എസ്‌എംഎ മരുന്ന് വിതരണത്തിലെ ആശങ്കയ്‌ക്ക് സർക്കാർ ഉത്തരം നൽകണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിഷയം ഉന്നയിക്കുന്നവരെ അധിക്ഷേപിച്ച് സർക്കാരിന് രക്ഷപ്പെടാനാവില്ല. ജൂലൈയിലാണ് പുതിയ മരുന്ന് വാങ്ങാൻ സർക്കാർ അംഗീകാരം നൽകിയത്. സെപ്‌തംബറിൽ ടെൻഡർ വിളിച്ച് ഓർഡർ നൽകി.
ക്ലിനിക്കൽ ട്രയൽ ഇന്ത്യയിൽ ആവശ്യമില്ല എന്നത് മുഖവിലയ്‌ക്കെടുത്താൽ പിന്നെന്തിന് ‘ക്ലിനിക്കൽ ട്രയലിന്’ എന്ന് രേഖപ്പെടുത്തിയ മരുന്ന് നൽകി. ഇവിടേക്കല്ലെങ്കിൽ ഏതു രാജ്യത്തിനുവേണ്ടിയാണ്, എന്തിനുവേണ്ടിയാണ് ഇൗ ‘ട്രയൽ.' ഇവിടുത്തെ രോഗികളിൽ പരീക്ഷണം നടത്താനുള്ള കുറുക്കുവഴിയായിരുന്നോ.
എന്തുകൊണ്ട് അത്തരം ‘പരീക്ഷണ മരുന്ന്' കൊടുക്കാനുള്ള സാഹചര്യം രോഗികളെയും രക്ഷിതാക്കളെയും ബോധ്യപ്പെടുത്തിയില്ല. അത്തരം മരുന്ന് സർക്കാർ സംവിധാനത്തിൽ എങ്ങനെയെത്തി. ചട്ടപ്രകാരമുള്ള നടപടിക്രമം പാലിച്ചോ? ഇവയ്‌ക്കാണ് മറുപടി വേണ്ടത്. വിഷയത്തിലെ എല്ലാ നടപടികളും പൊതുജനങ്ങളെ അറിയിക്കണം. അറിഞ്ഞോ അറിയാതെയോ ഇളംതലമുറ പരീക്ഷണ വസ്‌തുവായി മാറരുതെന്നും പിണറായി പ്രസ്‌താവനയിൽ പറഞ്ഞു.









0 comments