print edition വിദ്വേഷ പ്രചാരണം: ഉത്തരേന്ത്യൻ വ്ളോഗർക്കെതിരെ കേസെടുത്തു

പ്രതീകാത്മക ചിത്രം, എഐ നിര്‍മിതം
മട്ടാഞ്ചേരി: ഫോർട്ട്കൊച്ചിയിലെ കാശി ആർട്ട് കഫേ എന്ന ഭക്ഷണശാലയെ പരാമർശിച്ച് സമൂഹത്തിൽ മതവിദ്വേഷം പരത്തുന്ന ഇൻസ്‌റ്റഗ്രാം വീഡിയോയിട്ട വ്ളോഗർക്കെതിരെ ഫോർട്ട്‌കൊച്ചി പൊലീസ് കേസെടുത്തു. ‘ലിറ്റിചോക അപ്പ് ’ എന്ന അക്കൗണ്ടിലിട്ട വീഡിയോയിലാണ് കലാപാഹ്വാനത്തോടെയുള്ള വിദ്വേഷ പരാമർശം. ഉത്തരേന്ത്യക്കാരനായ അമൃത് സിങ് ഡാരൻ എന്ന വ്ളോഗർക്കെതിരെയാണ് കേസ്.
കഫേയിൽ മഹാത്മാഗാന്ധിയുടെ ചിത്രത്തിനൊപ്പം മുഹമ്മദ് അലി ജിന്നയുടെ ചിത്രം വച്ചിട്ടുണ്ടെന്നും, കഫേയിലെ മെനുവിൽ ബീഫ് വിഭവങ്ങൾ മാത്രമാണുള്ളതെന്നുമായിരുന്നു വ്ലോഗറുടെ ആരോപണം.
ഫോർട്ട്കൊച്ചിയിലെ ബിസിനസുകൾ ഒരു പ്രത്യേക വിഭാഗം കൈയടക്കിയിരിക്കുകയാണെന്നും ആരോപിക്കുന്നു. വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ജൂഡ് വൈപ്പിൻ എന്നയാൾ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയാ കൃഷ്ണ വീഡിയോയിലെ പരാമർശങ്ങളെ അനുകൂലിച്ച് കമന്റിട്ടതും സമൂഹമാധ്യമങ്ങളിൽ വിവാദമായി.
വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി വേണം: പിണറായി
തിരുവനന്തപുരം: കേരളത്തിൽ വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരെ സർക്കാർ കർശന നിയമനടപടികൾ സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു. ഫോർട്ട് കൊച്ചി, വർക്കല തുടങ്ങിയ സ്ഥലങ്ങളിലെ ആളുകൾക്കെതിരെ വ്ലോഗർ നടത്തിയ വിദ്വേഷപ്രചാരണവും അത് ഏറ്റുപിടിച്ച് ചിലർ രംഗത്തുവന്നതിനുമെതിരെ സമൂഹമാധ്യമമായ എക്‌സിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
ഫോർട്ട് കൊച്ചിയും വർക്കലയും സംസ്കാരങ്ങൾ സംഗമിക്കുന്നതും ചരിത്രങ്ങൾ ഇഴചേരുന്നതും വൈവിധ്യം തഴച്ചുവളരുന്നതുമായ ഇടങ്ങളാണ്. എന്നാൽ, ലാഭത്തിനുവേണ്ടി വിദ്വേഷം പ്രചരിപ്പിക്കുന്ന ഒരു വ്ലോഗർ ഈ സ്ഥലങ്ങളെ വർഗീയമായ നിറം നൽകി ചിത്രീകരിക്കാൻ ശ്രമിക്കുന്നു. കേരളത്തെ ഭിന്നിപ്പിക്കാൻ കഴിയാതെ വന്നതോടെ, സംഘപരിവാർ തങ്ങളുടെ വിദ്വേഷ പ്രചാരണം ഓൺലൈൻ പ്രകോപനക്കാർക്ക് കൈമാറിയിരിക്കുകയാണ്. കേരളത്തിന്റെ മതേതര മനസ്സ് അവരുടെ വിദ്വേഷ രാഷ്ട്രീയത്തിനുമുന്നിൽ വഴങ്ങിക്കൊടുക്കില്ലെന്നും പിണറായി വിജയൻ ഓർമിപ്പിച്ചു.








0 comments