രാസലഹരി വേട്ട: പ്രധാന പ്രതി അറസ്റ്റിൽ

നിസാർ

സ്വന്തം ലേഖകൻ
Published on Oct 25, 2026, 12:17 AM | 1 min read
ചിറയിൻകീഴ്
പെരുംകുഴി കുഴിയത്തുനിന്ന് രണ്ടരക്കോടി രൂപ വിലമതിക്കുന്ന രാസലഹരി പിടിച്ച സംഭവത്തിൽ പ്രധാന പ്രതി അറസ്റ്റിൽ. കഠിനംകുളം മുണ്ടഞ്ചിറ മണക്കാട്ടിൽ ഹൗസിൽ നിസാറാണ് (47) അറസ്റ്റിലായത്. വ്യാഴം രാത്രി 808 ഗ്രാം എംഡിഎംഎയുമായി പിടിയിലായ പെരുമാതുറ സ്വദേശി മുഹമ്മദ് ഷാഫിയുടെ സഹോദരീഭർത്താവാണ് നിസാർ. ഇയാൾ വിദേശത്തുനിന്ന് എംഡിഎംഎ എത്തിച്ച് വിൽപ്പനയ്ക്കായി ഷാഫിക്ക് നൽകുകയായിരുന്നു. സന്ദർശക വിസയിൽ ഒമാനിൽപോയി തിരികെ നെടുമ്പാശ്ശേരിവഴിയാണ് നിസാർ നാട്ടിൽ എത്തിയത്. യാത്രാരേഖകൾ പരിശോധിച്ച അന്വേഷക സംഘം സെപ്തംബർ 11ന് ഇയാൾ ഒമാനിൽനിന്ന് വന്നതായി മനസ്സിലാക്കിയിരുന്നു. എംഡിഎംഎയുമായി ഷാഫി പിടിയിലായതോടെ നിസാർ ഒളിവിൽ പോയിരുന്നു. ഇയാളെ പിടികൂടാൻ ജില്ലാ പൊലീസ് മേധാവി ബി കെ പ്രശാന്തൻ കാണിയുടെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ചിരുന്നു. വെള്ളി രാത്രി വൈകി പെരുമാതുറയുള്ള ഒളിത്താവളത്തിൽനിന്നാണ് ഇയാളെ പിടികൂടിയത്. നിസാറിന് എംഡിഎംഎ കൈമാറിയത് ആരെന്നതടക്കം അന്വേഷിക്കാൻ ഇരുവരെയും കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. ആറ്റിങ്ങൽ ഡിവൈഎസ്പി അജി ചന്ദ്രൻ നായർ, ഇൻസ്‌പെക്ടർ അഭിലാഷ്, സുനിൽ കുമാർ, ഷജീർ എഫ് ഫയസ്, ബി ദിലീപ്, ദിനോർ, റിയാസ്, ബിനു, ലിജു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.









0 comments