Deshabhimani

print edition ജ്വലിക്കുന്നിതിപ്പോഴും ആ സമരജ്വാല

Punnapra-Vayalar
avatar
കെ വി സുധാകരൻ

Published on Oct 25, 2026, 01:00 AM | 5 min read

ഒന്നും സംഭവിക്കാത്ത പതിറ്റാണ്ടുകൾ ഉണ്ടാകും. എന്നാൽ, ചില ആഴ്ചകളിൽ പതിറ്റാണ്ടുകൾ സംഭവിക്കും’

വ്ളാദിമിർ ലെനിൻ


​ "ചിരകാലം രാജ്യത്തി-

ന്നോർമയി'ലൊക്ടോബ/

റിരുപത്തിയേഴു തെളിഞ്ഞു നിൽക്കും’


എന്ന് പി ഭാസ്കരൻ എഴുതുന്നത് പുന്നപ്ര–വയലാർ സമരത്തിന്‌ തൊട്ടുപിന്നാലെയാണ്. തീയുണ്ടകൾ ചാമ്പലാക്കിയ സമരഭൂമി നേരിട്ടു കണ്ടതിനുശേഷം രചിച്ച ‘വയലാർ ഗർജിക്കുന്നു' എന്ന കാവ്യത്തിൽ അദ്ദേഹം കുറിച്ച വരികളിലെ ക്രാന്തദർശിത്വത്തിന്റെ തെളിവിളക്കുകൾ കാലമേറെ കഴിഞ്ഞിട്ടും ജ്വലിക്കുകയാണ്.


വിപ്ലവപ്പോരാട്ടങ്ങൾ ചരിത്രത്തെ ഉലയ്ക്കുകമാത്രമല്ല, ഉന്മേഷം കൊള്ളിക്കുകയും ചെയ്യും. അവ മാർക്സ് നിരീക്ഷിച്ചതുപോലെ, ചരിത്രത്തെ മുന്നോട്ടേക്ക്‌ ചലിപ്പിക്കുന്ന എൻജിനുകളാണ്. തൊഴിലാളിവർഗത്തിന്റെ ഉൾക്കരുത്തിൽ ഉയിർക്കൊള്ളുമ്പോൾ അവ മനുഷ്യമുന്നേറ്റത്തിന്റെ പുതിയ കാഴ്ചകളും പെരുമകളുമായിരിക്കും സമ്മാനിക്കുക. സമകാല രാഷ്ട്രീയ സാമൂഹ്യ സന്ദിഗ്‌ധതകളെ അനാവരണം ചെയ്യാനും മുറിച്ചുകടക്കാനുമുള്ള കരുതലും കാവലും കരുത്തുമാണ് നിണമണിഞ്ഞ ആ സമരസ്മരണകൾ. അതിന്റെ ഒരായിരം ഓർമകളുണർത്തിയാണ് ഇത്തവണ പുന്നപ്ര–വയലാർ സമരത്തിന്റെ 80–ാം വാർഷികം എത്തുന്നത്.


​1946 ഒക്ടോബർ 24 മുതൽ 27 വരെ അമ്പലപ്പുഴ, -ചേർത്തല താലൂക്കുകളിലെ തൊഴിലാളിവർഗം രാജവാഴ്ചയുടെയും ദിവാൻഭരണത്തിന്റെയും കുടിലനീതികൾക്കെതിരെ നടത്തിയ ഇതിഹാസ മാനമുള്ള പോരാട്ടം. നൂറുകണക്കിന് തൊഴിലാളികൾ രക്തസാക്ഷികളായ സമരം. ദിവാൻ സർ സി പി രാമസ്വാമി അയ്യരുടെ ജനവിരുദ്ധനയങ്ങളും നടപടികളും നിറഞ്ഞാടിയ കാലം. ‘പതിമൂന്നരസെന്റ് ഭൂമിക്കുവേണ്ടി തൊഴിലാളികൾ നടത്തിയ സമരം' എന്നു ദിവാൻതന്നെ ഇകഴ്‌ത്തിക്കാട്ടാൻ ശ്രമിച്ച സമരം. ദിവാന്റെ യന്ത്രത്തോക്കുകളിൽ ‘മുതിര'യാണെന്നു പറഞ്ഞ് നേതാക്കൾ തൊഴിലാളികളെ കബളിപ്പിക്കുകയായിരുന്നു എന്നുവരെ അപവാദം പ്രചരിപ്പിക്കപ്പെട്ട സമരം. അങ്ങനെ പലകോണുകളിൽനിന്ന്, പലവിധത്തിൽ വികൃതവൽക്കരിക്കാൻ ശ്രമിച്ച സമരം.


​സമരം എങ്ങനെ


​പക്ഷേ, അതായിരുന്നുവോ ചരിത്രത്തെ ഉന്മേഷം കൊള്ളിച്ച പുന്നപ്ര–വയലാർ? കയർ ഫാക്ടറി തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, ചെത്തുതൊഴിലാളികൾ, തെങ്ങുകയറ്റത്തൊഴിലാളികൾ, കൊപ്ര–കന്നിട്ട തൊഴിലാളികൾ എന്നിങ്ങനെ അടിസ്ഥാനവർഗത്തിൽപ്പെട്ടവർ ഉണർന്നു മുന്നേറിയ സമരമായിരുന്നു അത്. രാപകൽഭേദമില്ലാതെ പണിയെടുത്താൽപ്പോലും അഷ്ടിക്ക്‌ വക കണ്ടെത്താനാകാത്തവർ. അവരുടെ അധ്വാനത്തിൽ മദിച്ചുല്ലസിച്ചിരുന്നത് മുതലാളിമാർ. ഇത്തരമൊരു പശ്ചാത്തലത്തിലാണ് 1922 മാർച്ച് 31ന് സംസ്ഥാനത്തെ ആദ്യ തൊഴിലാളിസംഘടനയായ ‘തിരുവിതാംകൂർ ലേബർ അസോസിയേഷൻ' ആലപ്പുഴയിൽ സ്ഥാപിക്കപ്പെടുന്നത്. എംപയർ കയർ വർക്സിലെ യാർഡ് സൂപ്രണ്ടായിരുന്ന വാടപ്പുറം ബാവ മുൻകൈയെടുത്ത്‌ സ്ഥാപിച്ച അസോസിയേഷന്റെ മുഖമായി ‘തൊഴിലാളി' പത്രത്തിന്റെ പ്രസിദ്ധീകരണവും 1924ൽ നടന്നു. 1938 വരെ പത്രം പ്രസിദ്ധീകരിച്ചു. ‘തൊഴിലാളി'യിലൂടെ സോവിയറ്റ് വിപ്ലവത്തിന്റെ അലയൊലി പടർന്നു. ശ്രീനാരായണ ഗുരുവിന്റെകൂടി അനുഗ്രഹാശിസ്സുകളോടെ രൂപംകൊണ്ട സംഘടനയും അതിന്റെ മുഖപത്രവും നവോത്ഥാനകേരളത്തിന്റെ കിരണങ്ങളും തൊഴിലാളികളിലേക്കു പകർന്നു. 1930 അവസാനത്തോടെ മുതലാളിമാരും തൊഴിലാളികളും തമ്മിലുള്ള വൈരുധ്യം പ്രകടമായി. പി കൃഷ്ണപിള്ളയുടെ വരവും അവകാശബോധത്തിന്റെ അല സൃഷ്ടിച്ചു. തീരാദുരിതങ്ങൾക്കു കാരണം മുതലാളിമാരോ ഭൂപ്രഭുക്കന്മാരോ മാത്രമല്ലെന്നും രാജവാഴ്ചയും ദിവാൻഭരണവും കൂടിയാണെന്നുള്ള തിരിച്ചറിവിലേക്ക് അവരെത്തി. ഇതിന്റെ വെളിച്ചത്തിലായിരുന്നു തൊഴിലാളികൾ വേലയും കൂലിയുമായി ബന്ധപ്പെട്ട ഇരുപത്തേഴിന ആവശ്യങ്ങളുമായി നടത്തിയ പണിമുടക്കുസമരത്തിൽ തെളിഞ്ഞ രാഷ്ട്രീയബോധ്യത്തിന്റെ മുദ്രാവാക്യങ്ങൾകൂടി ഉന്നയിച്ചത്. അവയിൽ ഏറ്റവും പ്രധാനമായിരുന്നു ദിവാൻഭരണം അവസാനിപ്പിക്കുക, പ്രായപൂർത്തി വോട്ടവകാശം, അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്നിവ. എല്ലാ നിരോധനാജ്ഞകളും റദ്ദാക്കുക, അമ്പലപ്പുഴ–ചേർത്തല താലൂക്കുകളിൽനിന്ന് പട്ടാളത്തെ പിൻവലിക്കുക, പത്രങ്ങൾക്കുമേൽ ഏർപ്പെടുത്തിയ സെൻസർഷിപ് എടുത്തുകളയുക, എല്ലാ രാഷ്ട്രീയത്തടവുകാരെയും വിട്ടയക്കുക, മർദകരെ വിചാരണ ചെയ്യാൻ അനുവദിക്കുക, പൂഴ്‌ത്തിവച്ച സമ്പത്ത് കണ്ടുകെട്ടുക എന്നിവയും ഇരുപത്തേഴിന ആവശ്യങ്ങളിലെ രാഷ്ട്രീയമുദ്രാവാക്യങ്ങളായിരുന്നു.


​പുന്നപ്ര-–വയലാർ സമരത്തെ അധിക്ഷേപിക്കാൻ വെമ്പുന്ന വലതുപക്ഷ രാഷ്ട്രീയക്കാരും ബൂർഷ്വാ പണ്ഡിതരും ഒരുകാര്യം ഓർക്കണം. സമരത്തിന്റെ മുന്നണിപ്പോരാളികളിൽ ഏറെപ്പേരും പ്രാഥമികവിദ്യാഭ്യാസംപോലും ഇല്ലാത്തവരായിരുന്നു. അവർക്ക്‌ പോരാട്ടവീര്യം ലഭിച്ചത് തൊഴിലിന്റെയും ജീവിതത്തിന്റെയും ദുരിതാനുഭവങ്ങളിലും അതിന്റെ അടിസ്ഥാനത്തിൽ നടത്തിയ സംഘടനാപ്രവർത്തനം സമ്മാനിച്ച ഊർജത്തിലും നിന്നായിരുന്നു. യൂണിയനുകളുടെ സംഘാടന പ്രവർത്തനങ്ങൾക്കിടയിൽ കമ്യൂണിസ്റ്റ് പാർടി നേതാക്കളായ പി കൃഷ്ണപിള്ളയും കെ ദാമോദരനും ഇ എം എസും എ കെ ജിയും കെ കെ വാര്യരും പി ടി പുന്നൂസും ശങ്കരനാരായണൻ തമ്പിയുമൊക്കെ തൊഴിലാളികളുമായി നിരന്തരം ബന്ധപ്പെട്ടു. ഇത് കൃത്യമായ സാമൂഹ്യ- രാഷ്ട്രീയ ദിശാബോധം നൽകാൻ സഹായമായി.


അമേരിക്കൻ മോഡൽ


​ജനപ്രതിനിധിസഭയ്ക്കും രാജാവിനും മേലെ ഇളക്കിമാറ്റാനാകാത്ത അധികാരങ്ങളോടെ ദിവാന്റെ സ്ഥാനം നിലനിർത്തുക–- ഇതായിരുന്നു സി പി മുന്നോട്ടുവച്ച ‘അമേരിക്കൻ മോഡലി'ന്റെ ചുരുക്കം. ഇതു പരീക്ഷിക്കുന്നതിൽ തെറ്റില്ലെന്ന പക്ഷക്കാരായിരുന്നു സ്റ്റേറ്റ് കോൺഗ്രസിലെ പട്ടം താണുപിള്ളയോടു ചേർന്നുനിന്ന വിഭാഗം. സി കേശവന്റെയും കുമ്പളത്തു ശങ്കുപ്പിള്ളയുടെയും നേതൃത്വത്തിലുള്ള വിഭാഗത്തിന് അത്ര യോജിപ്പുണ്ടായിരുന്നില്ലെങ്കിലും സമരത്തിന് തയ്യാറല്ലായിരുന്നു. സ്റ്റേറ്റ് കോൺഗ്രസ് വഞ്ചനാപരമായ നിലപാടെടുത്ത് സമരത്തിൽനിന്ന്‌ പിന്മാറി. എന്നാൽ, തെളിഞ്ഞ രാഷ്ട്രീയകാഴ്ചപ്പാടുള്ള തൊഴിലാളിവർഗം സമരവുമായി മുന്നോട്ടുതന്നെ പോയി. രണ്ട്‌ വഴികളേ തൊഴിലാളികൾക്കുമുന്നിൽ ഉണ്ടായിരുന്നുള്ളൂ. ഒന്നുകിൽ ദിവാൻ നൽകുന്ന സാമ്പത്തികാനുകൂല്യത്തിനുമുന്നിൽ സ്വാതന്ത്ര്യവും ജനാധിപത്യാവകാശങ്ങളും അടിയറവയ്ക്കുക. അല്ലെങ്കിൽ പൊരുതുക. തൊഴിലാളികൾക്ക് രണ്ടാമത്തെ വഴി തെരഞ്ഞെടുക്കാനേ കഴിയുമായിരുന്നുള്ളൂ.


തുടക്കം 1946 സെപ്തംബർ 15ന് തൊഴിലാളി യൂണിയനുകളുടെ ഐക്യവേദിയായ ഓൾ ട്രാവൻകൂർ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ (എടിടിയുസി) നേതൃത്വത്തിൽ നടത്തിയ ഏകദിന പണിമുടക്കായിരുന്നു. ഇതേത്തുടർന്ന് ദിവാൻ അനുരഞ്ജനചർച്ചയ്ക്ക് തയ്യാറായി. ദിവാന്റെ ഔദ്യോഗികവസതിയായ ‘ഭക്തിവിലാസ' ത്തിലായിരുന്നു ചർച്ച. തൊഴിലാളികൾ ഉന്നയിച്ച സാമ്പത്തികാവശ്യങ്ങൾ അംഗീകരിക്കാൻ ദിവാൻ തയ്യാറായി. നാലുശതമാനം ബോണസിലും ദിവാന് എതിർപ്പുണ്ടായിരുന്നില്ല. തിരുവിതാംകൂറിന്റെ പരിഷ്കരിച്ച ഭരണഘടനയനുസരിച്ച് അസംബ്ലിയിൽ തൊഴിലാളികൾക്ക് രണ്ട് സീറ്റും വാഗ്ദാനം ചെയ്തു. ഇതിനെല്ലാം ശേഷമാണ് അമേരിക്കൻ മോഡലിനെപ്പറ്റി അഭിപ്രായം തേടിയത്. ഒരുകാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന്‌ തൊഴിലാളി പ്രതിനിധികൾ പറഞ്ഞു. കോപംകൊണ്ട ദിവാൻ പൊലീസിന്റെയും പട്ടാളത്തിന്റെയും സുപ്രീം കമാൻഡറായി സ്വയം പ്രഖ്യാപിച്ച് അടിച്ചമർത്തൽ ആരംഭിക്കുകയായിരുന്നു.


​1946 ഒക്ടോബർ 22 മുതൽ തൊഴിലാളികൾ പണിമുടക്കിന് ആഹ്വാനം നൽകി. തൊഴിലാളി യൂണിയനും പാർടിക്കും അനുബന്ധ സംഘടനകൾക്കും ദിവാൻ നിരോധനം ഏർപ്പെടുത്തി. തൊഴിലാളികൾ പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമിക്കാൻ പുറപ്പെട്ടു.


ജീവിതപരിസരങ്ങളിൽനിന്ന് വികസിപ്പിച്ചെടുത്ത വാരിക്കുന്തങ്ങളുമായാണ് അവർ പൊലീസ് ക്യാമ്പിലേക്ക് മാർച്ച് ചെയ്തത്. പൊലീസിന്റെയും പട്ടാളത്തിന്റെയും യന്ത്രത്തോക്കുകളെ വാരിക്കുന്തങ്ങൾകൊണ്ട്‌ നേരിടാനുള്ള പരിശീലനം അവർ നേടിയിരുന്നു. അങ്ങനെയാണ് ആദ്യം 1946 ഒക്ടോബർ 24ന് പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമിക്കുന്നത്. പിന്നീട് മാരാരിക്കുളത്തും മേനാശേരിയിലും ഒളതലയിലും ഒടുവിൽ ഒക്ടോബർ 27ന് വയലാറിലും അവർ പൊലീസിനോടും പട്ടാളത്തോടും ഏറ്റുമുട്ടി. നൂറുകണക്കിന്‌ തൊഴിലാളികൾ രക്തസാക്ഷികളായി. അതിലേറെപ്പേർ ജീവിക്കുന്ന രക്തസാക്ഷികളായി.


​ഗ്രാമങ്ങൾ ഒന്നടങ്കം സ്ത്രീകളും


​പുന്നപ്ര, വയലാർ ഗ്രാമങ്ങൾ ഒന്നടങ്കം സമരത്തിന് സഹായവും പിന്തുണയുമായി സജീവമായിരുന്നു. സ്‌ത്രീ–-പുരുഷ സമത്വം വിഭാവനംചെയ്യുന്ന ഇന്ത്യൻ ഭരണഘടന രൂപീകരിക്കുന്നതിനുംമുമ്പ്, ഈ ചൊരിമണൽ ഗ്രാമങ്ങളിലെ സ്ത്രീകൾ സമര വളന്റിയർമാർക്ക് കരുതലും കൈത്താങ്ങും ഒരുക്കി. എ വി കുഞ്ഞമ്പുവിന്റെ ജീവിതസഖി കെ ദേവയാനിയും കെ മീനാക്ഷിയും കാളിക്കുട്ടി ആശാട്ടിയും പി കൃഷ്ണപിള്ളയുടെ ഭാര്യ തങ്കമ്മയും വർഗീസ് വൈദ്യന്റെ സഹോദരി അമ്മിണിയും യശോദ ടീച്ചറും ബിയാട്രീസും ജെ ശാരദാമ്മയും രാധമ്മ തങ്കച്ചിയും സുഭദ്രാമ്മ തങ്കച്ചിയും രത്നമ്മാളും അനസൂയയും നാരായണി അമ്മയും ഭൈമി സദാശിവനുമൊക്കെ ഈ നിലയിൽ സമര വളന്റിയർമാർക്ക് താങ്ങായും തണലായും പ്രവർത്തിച്ചവരാണ്. ഇവരിൽ വിപ്ലവഗായികയുടെ സിംഹാസനം സ്വന്തമാക്കിയ പി കെ മേദിനി ഇപ്പോഴും ആലാപനമാധുരികൊണ്ട് ജെൻ സീ കുട്ടികളെപ്പോലും ഹരംകൊള്ളിക്കുന്നുണ്ട്.


​പതിനാലുവയസ്സുമാത്രം ഉണ്ടായിരുന്ന അനഘാശയൻ ഈ സമരമുന്നേറ്റത്തിലെ കനലും കദനവും കിനിയുന്ന പേരാണ്. ക്യാമ്പുകളിലുള്ളവർക്ക് വീടുകളുമായി ബന്ധപ്പെടാനും നാട്ടുവിശേഷങ്ങൾ ക്യാമ്പിലെത്തിക്കാനും നിയുക്തനായതായിരുന്നു ഈ കൊച്ചുപോരാളി. അനഘാശയൻ സഞ്ചിയിൽ സൂക്ഷിച്ചിരുന്ന കരിങ്കൽച്ചീളുകൾ പട്ടാളത്തിനുനേരെ എറിഞ്ഞു. നിലത്തുവീണ്‌ പിടഞ്ഞുമരിക്കുമ്പോഴും അനഘാശയൻ കരിങ്കൽക്കഷണങ്ങൾ അടുക്കിപ്പിടിച്ചിരുന്നു.


ഏറ്റവും കൂടുതൽപേർ രക്തസാക്ഷികളായത് വയലാറിന്റെ മണ്ണിലാണ്. സമര വളന്റിയർമാരുടെ മൃതദേഹങ്ങൾ കുളത്തിൽ മൂടിയിട്ടു. അതൊരു കുന്നായി മാറിയെന്ന് പഴമക്കാർ പറയുന്നു. അതുകൊണ്ട് പഴയ തലമുറയുടെ ഓർമകളിൽ വയലാർ ഇന്നും ‘വെടിക്കുന്ന്' എന്നാണ് അറിയപ്പെടുന്നത്. തൊഴിലാളികളുടെ ചെറുത്തുനിൽപ്പിൽ ചില പൊലീസുകാരും മരിച്ചു.


തുടർന്നുള്ള ദിവസങ്ങളിലും പൊലീസിന്റെയും പട്ടാളത്തിന്റെയും നരനായാട്ട് അരങ്ങേറി. ഒക്ടോബർ 30ന് ദിവാൻ എടിടിയുസി നിരോധിച്ചു. 31ന് പണിമുടക്ക് പിൻവലിച്ചു. തുടർന്നും പൊലീസ് ഭീകരത നിറഞ്ഞാടി. നൂറുകണക്കിനാളുകളെ അറസ്റ്റ്‌ ചെയ്തു. ജയിലിലടച്ചവരെ വെള്ളമോ ഭക്ഷണമോ നൽകാതെ പീഡിപ്പിച്ചു. നിരവധിപേർ നാടുവിട്ടു. പലർക്കും ഒളിവിൽ പോകേണ്ടിവന്നു. അടുത്ത നൂറുവർഷത്തിനിടയിൽ കമ്യൂണിസ്റ്റുകാർ തലപൊക്കില്ലെന്നാണ് ദിവാൻ പ്രഖ്യാപിച്ചത്. 1947 ജൂൺ 11ന് തിരുവിതാംകൂർ അമേരിക്കൻ മോഡൽ സ്വീകരിച്ചതായി സർ സി പി പ്രഖ്യാപിച്ചു. എന്നാൽ, ജനവികാരത്തിന്റെ സമ്മർദത്തിൽ 1947 ജൂലൈ 30ന് തിരുവിതാംകൂറിനെ രാജാവ് ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ചു. ദിവാൻ ആഗസ്ത് 19ന് രാജിവച്ചു. ഇതിനുശേഷം സെപ്തംബർ നാലിന്‌ ആലപ്പുഴ ആലിശേരി മൈതാനത്ത്‌ കമ്യൂണിസ്റ്റ് പാർടി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ 30,000ത്തിലേറെപ്പേർ പങ്കെടുത്തുവെന്ന് ചരിത്രം പറയുന്നു. കമ്യൂണിസ്റ്റ് പാർടി തിരുവിതാംകൂറിന്റെ രാഷ്ട്രീയം മാറ്റിയെഴുതാൻ സജ്ജരാകുന്നതിന്റെ സൂചനയായിരുന്നു ഈ മഹാസമ്മേളനം.


സമരത്തിന്റെ ഫലശ്രുതി


സാങ്കേതികമായി സമരം വിജയമായിരുന്നില്ല. എന്നാൽ, ഏറെ വൈകാതെ രാജ്യം സ്വതന്ത്രമായി. സ്വതന്ത്രമായി നിൽക്കാനുള്ള തിരുവിതാംകൂറിന്റെ സ്വപ്നം വിഫലമായി. സി പിക്ക് വെട്ടേറ്റ് നാടുവിടേണ്ടിവന്നു. ദിവാൻഭരണത്തിന്റെ അന്ത്യം. അമേരിക്കൻ മോഡലും പൊളിഞ്ഞു. പ്രായപൂർത്തി വോട്ടവകാശം നടപ്പായി. ഒരുപതിറ്റാണ്ട്‌ പിന്നിട്ടപ്പോൾ ഐക്യകേരളം യാഥാർഥ്യമായി. ഇ എം എസിന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ്‌ മന്ത്രിസഭ അധികാരത്തിലെത്തി. ആ സർക്കാർ ഭൂരഹിതർക്ക് ഭൂമി നൽകി. എല്ലാവർക്കും വിദ്യാഭ്യാസസൗകര്യം ഒരുക്കി. ജനജീവിതം ചിട്ടപ്പെടുത്താനും മെച്ചപ്പെടുത്താനും ഒട്ടനവധി നടപടികൾ കൈക്കൊണ്ടു. പക്ഷേ, ചൂഷണത്തിനുള്ള അവസരം നഷ്ടമായി എന്നു മനസ്സിലാക്കിയവർ, ഇ എം എസ് സർക്കാരിനെ വിമോചനസമരത്തിലൂടെ ഇല്ലാതാക്കി. പക്ഷേ, പിന്നീട്‌ വന്ന ഇടതുപക്ഷ സർക്കാരുകൾ പുന്നപ്ര–വയലാർ സമരസേനാനികൾ ഉന്നയിച്ച ആവശ്യങ്ങൾ ഓരോന്നായി നടപ്പാക്കി. കയർവ്യവസായം പുനഃസംഘടിപ്പിക്കുന്നതിലും തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ അനുവദിപ്പിക്കുന്നതിലും വിജയിച്ചു. ഭക്ഷ്യവിതരണം കാര്യക്ഷമമാക്കി.


കൊളോണിയൽ മേധാവിത്വത്തിനും രാജവാഴ്ചയ്ക്കും ജന്മിത്വത്തിനും എതിരായ സമരമുന്നേറ്റത്തിന് സുവ്യക്തമായ ജാതിവിരുദ്ധ–സ്ത്രീപക്ഷ കാഴ്ചപ്പാടുകളുണ്ടായിരുന്നു. തിരുവിതാംകൂറിനെ ഹിന്ദുരാഷ്ട്രമാക്കി നിലനിർത്താനുള്ള സി പിയുടെ ഗൂഢശ്രമങ്ങളെ സമരം തകർത്തെറിഞ്ഞു. ഇപ്പോൾ ‘ഹിന്ദുത്വ’ത്തിൽ അധിഷ്ഠിതമായ രാഷ്ട്രത്തെപ്പറ്റിയുള്ള സ്വപ്നങ്ങൾ പുലർത്തുന്ന ഭരണം രാജ്യത്ത് അപകടകരമായി നിലനിൽക്കുമ്പോൾ, പുന്നപ്ര-–വയലാറിന്റെ സമരസന്ദേശത്തിന് പ്രസക്തി ഏറുകയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home