Deshabhimani

print edition അവകാശങ്ങളുടെ ആകൃതി

Akruthi Choudhari family

ആകൃതി ച‍ൗധരി മാതാപിതാക്കൾക്കും സഹോദരനുമൊപ്പം

avatar
എം അഖിൽ

Published on Oct 25, 2026, 01:00 AM | 5 min read

ജയിലിലുള്ള മകൾക്ക്‌ പിറന്നാൾ ആശംസകൾ നേരാൻപോലും കഴിയാത്ത ഒരച്ഛൻ. തടവറയ്‌ക്കുള്ളിൽ പുസ്‌തകങ്ങൾ വായിച്ചും ചിത്രങ്ങൾ വരച്ചും സഹതടവുകാരികൾക്ക്‌ ക്ലാസുകൾ എടുത്തും ആത്മവിശ്വാസത്തിന്റെ നാളം കെടാതെ കാത്തുസൂക്ഷിക്കുന്ന മകൾ. ജയിലിന്‌ പുറത്ത്‌ ആർത്തിരന്പുന്ന അവകാശസമരങ്ങളിൽ പങ്കെടുക്കാൻ പറ്റാത്തതിലുള്ള നിരാശമാത്രമേ ആ ഇരുപത്തഞ്ചുകാരിയെ അലട്ടുന്നുള്ളു. പശ്‌ചിമബംഗാളിലെ ദുർഗാപുരിൽനിന്ന്‌ ഡൽഹിലെത്തി നിയമം പഠിക്കുന്ന ആകൃതി ച‍ൗധരിയുടെ അനുഭവങ്ങൾ ഒരു പെൺകുട്ടിയുടെ തടവുജീവിതത്തിന്റെ സാധാരണ കഥയല്ല. ജയിലിനുള്ളിലും സ്വന്തം ബോധ്യങ്ങൾ കൈവിടാത്ത അതിജീവനത്തിന്റെ കഥകൂടിയാണ്‌. സഹജീവികൾക്കുവേണ്ടി ശബ്‌ദിക്കുന്നവരെ നിശ്ശബ്‌ദരാക്കാൻ ശ്രമിക്കുന്ന അധികാരകേന്ദ്രങ്ങൾക്ക്‌ എതിരായ പെൺപോരാട്ടത്തിന്റെ കഥ കൂടിയാണത്‌...!


​‘‘ എന്റെ പ്രിയ സോണിക്ക്‌ 25-–ാം പിറന്നാൾ ആശംസകൾ. ഇത്തവണ നിന്റെ പിറന്നാൾ ഞങ്ങൾക്ക്‌ വലിയ വേദനയാണ്‌ ഉണ്ടാക്കിയിട്ടുള്ളത്‌. വീട്ടിൽ എല്ലാവരുമുണ്ട്‌. എന്നാൽ, ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷമായ നീ മാത്രം ഞങ്ങൾക്കൊപ്പമില്ല. നിന്നെ കെട്ടിപ്പിടിച്ച്‌ പിറന്നാൾ ആശംസകൾ നേരാൻപോലും എനിക്ക്‌ കഴിയുന്നില്ലല്ലോ...?. നിന്റെ ‘മോട്ടു പാപ്പ’യ്‌ക്ക്‌ (തടിയൻ പപ്പ ) ഇതിലും വലിയ വേദന വേറെയില്ല സോണി...!’’. ‘സോണി’യെന്ന ഓമനപ്പേരിട്ട മകൾ ആകൃതിക്ക്‌ ഇത്രയും വേദന തുളുന്പുന്ന പിറന്നാൾ ആശംസ എന്നെങ്കിലും നേരേണ്ടിവരുമെന്ന്‌ അവളുടെ പാപ്പ അരുൺ ച‍ൗധ്‌രി ഒരിക്കലും കരുതിയിരുന്നില്ല. ദുർഗാപുരിലെ വീട്ടിൽ മകളുടെയും കൂട്ടുകാരുടെയും കളിചിരികൾ നിറയേണ്ട പിറന്നാൾ ദിവസം ഉത്തർപ്രദേശിലെ ഗ‍ൗതംബുദ്ധ നഗറിലെ ജില്ലാ ജയിലിലെ തടവുമുറിക്കുള്ളിലായിരുന്നു ആകൃതി. ഇ‍ൗ വർഷം ജൂലൈ 18ന്‌ ജയിലിൽ ആകൃതിയെ കാണാനെത്തിയ കൂട്ടുകാർ അഴികൾക്ക്‌ പിന്നിൽനിന്ന്‌ അച്ഛന്റെ പിറന്നാൾ സന്ദേശം അവളെ ഉറക്കെ വായിച്ചുകേൾപ്പിച്ചു.

​ഏപ്രിൽ 11ന്‌ വൈകിട്ട്‌ 5.30നാണ്‌ നോയിഡയ്‌ക്ക്‌ സമീപം ബൊട്ടാണിക്കൽ ഗാർഡൻ മെട്രോ സ്‌റ്റേഷനിൽനിന്ന്‌ ആകൃതിയെ ഉത്തർപ്രദേശ്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. അറസ്‌റ്റ്‌ വിവരം മാതാപിതാക്കളെയോ സുഹൃത്തുക്കളെയോ അറിയിക്കാതെ യുപി പൊലീസ്‌ ആകൃതിയെ പല സ്‌റ്റേഷനുകളിൽ മാറി മാറി തടവിലിട്ടു. ഏപ്രിൽ 12ന്‌ സെക്ടർ 14 എ മജിസ്‌ട്രേട്ട്‌ മുന്പാകെ ഹാജരാക്കിയ ആകൃതിയെ പല വകുപ്പുകൾ ചുമത്തി ജയിലിലടച്ചു. നോയിഡയിലെ തൊഴിലാളി സമരങ്ങളെ പിന്തുണച്ചതിന്റെ പേരിൽ ആകൃതിക്ക്‌ എതിരെ ചുമത്തിയത്‌ 11 കേസുകൾ. മേയ്‌ 13ന്‌ ദേശീയ സുരക്ഷാ നിയമം (എൻഎസ്‌എ) അനുസരിച്ച്‌ ആകൃതിയെ തടങ്കലിലാക്കാൻ മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിന്റെ മകളും ഗ‍ൗതംബുദ്ധാനഗർ ജില്ലാ മജിസ്‌ട്രേട്ടുമായ മേധാരൂപം ഉത്തരവ്‌ പുറപ്പെടുവിച്ചു.


​ആകൃതി ജയിലിലായ മാസങ്ങളിൽ ജന്തർമന്തർ നിശ്ശബ്‌ദമായിരുന്നില്ല. സിജെപിയുടെയും ഇടതുപക്ഷ യുവജന, വിദ്യാർഥി സംഘടനകളുടെയും നേതൃത്വത്തിൽ ഒരുമാസത്തിലധികം നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധർമേന്ദ്ര പ്രധാൻ രാജിവച്ചു. ജയിലിലെ ടിവിയും പത്രങ്ങളും വഴിയും ഇടയ്‌ക്കിടയ്‌ക്ക്‌ സന്ദർശിക്കാറുണ്ടായിരുന്ന കൂട്ടുകാരിലൂടെയും പ്രതിഷേധത്തിന്റെ വാർത്തകൾ അറിഞ്ഞ ആകൃതി ആവേശഭരിതയായി. ‘സമരങ്ങളെ ഞാൻ 100 ശതമാനം മിസ്‌ ചെയ്യുന്നു’– അവൾ കൂട്ടുകാരോട്‌ പറഞ്ഞു. ആകൃതിയുടെ അറസ്‌റ്റിന്‌ എതിരെ കുടുംബം നൽകിയ ഹർജി പരിഗണിച്ച അലഹബാദ്‌ ഹൈക്കോടതി സെപ്‌തംബർ രണ്ടിന്‌ ജില്ലാ മജിസ്‌ട്രേട്ടിന്റെ എൻഎസ്‌എ തടങ്കൽ ഉത്തരവ്‌ നിയമവിരുദ്ധമാണെന്ന്‌ കണ്ടെത്തി റദ്ദാക്കി. ജില്ലാ മജിസ്‌ട്രേട്ട്‌ മേധാരൂപത്തിനും യുപി സർക്കാരിനും എതിരെ നിശിതമായ വിമർശങ്ങളാണ്‌ ജസ്‌റ്റിസ്‌ അചൽ സച്ച്‌വ, ജസ്‌റ്റിസ്‌ അതുൽ ശ്രീധരൻ എന്നിവർ അംഗങ്ങളായ ബെഞ്ചിന്റെ ഭാഗത്തുനിന്നുണ്ടായത്‌. ‘‘ഒരോ സമൂഹത്തിലും സർക്കാരിന്‌ എതിരെ വികാരങ്ങളും വിയോജിപ്പുകളും ഉണ്ടാകുന്നത്‌ സ്വാഭാവികമാണ്‌. പ്രഷർകുക്കറിലെ സുരക്ഷാവാൽവ്‌ പോലെ പ്രക്ഷോഭങ്ങളെ കണക്കാക്കണം. കുക്കറിനുള്ളിൽ മർദമേറുന്പോൾ അതിനെ പുറത്തുവിടുകയാണ്‌ സുരക്ഷാ വാൽവിന്റെ ദ‍ൗത്യം. അതുപോലെ, ജനമനസ്സുകളിലെ വികാരങ്ങൾ പുറത്തുവിടാൻ പ്രക്ഷോഭങ്ങൾ അനുവദിക്കണം. ക്രമസമാധാന പ്രശ്‌നങ്ങളുടെ പേരിൽ സമാധാനപരമായ പ്രതിഷേധങ്ങൾ പൂർണമായും വിലക്കുന്നത്‌ എലിയെ പേടിച്ച്‌ ഇല്ലം ചുടുന്നതിന്‌ തുല്യമാണ്‌’’– ജഡ്‌ജിമാർ ചൂണ്ടിക്കാണിച്ചു.


ധർമേന്ദ്ര പ്രധാന്റെ രാജിയിൽമാത്രം ഡൽഹിയിലെ സമരങ്ങൾ അവസാനിച്ചില്ല. ആകൃതിയെ എൻഎസ്‌എ ചുമത്തി ജയിലിലാക്കിയ ജില്ലാ മജിസ്‌ട്രേട്ട്‌ മേധാ രൂപത്തിന്റെ അച്ഛൻ മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരപരന്പരകൾക്ക്‌ തലസ്ഥാനം സാക്ഷിയായി. ആകൃതിയെപോലെ നൂറുകണക്കിന്‌ യുവതികൾ രാപ്പകൽഭേദമന്യേ സമരരംഗത്ത്‌ അടിയുറച്ചുനിന്നു. ഭീഷണിപ്പെടുത്തിയും മർദിച്ചും ലൈംഗികമായി ഉപദ്രവിച്ചും അവരെ നിർവീര്യരാക്കാനുള്ള പൊലീസിന്റെ കിരാതനടപടികളെ അതിജീവിച്ച്‌ അവകാശപോരാട്ടങ്ങളിൽനിന്ന്‌ ഒരിഞ്ചുപോലും പിന്മാറാതെ അവർ സമരങ്ങൾ തുടരുന്നു. ജയിൽമുറിയിലിരുന്ന്‌ ആ പോരാട്ടഗാഥകൾ കേട്ട്‌ ആകൃതി ആവേശഭരിതയായി. ഡൽഹി സർവകലാശാലയിൽ ഹിസ്‌റ്ററിയിൽ എംഎ നേടിയശേഷം നെറ്റ്‌ പാസായ ആകൃതി പിന്നീട്‌ ഡിയുവിലെ നിയമപഠന വിഭാഗത്തിൽ ചേർന്നു. യുപിഎസ്‌സി പരീക്ഷയ്‌ക്ക്‌ തയ്യാറെടുക്കാൻ വീട്ടുകാർ നിർബന്ധിച്ചെങ്കിലും അഭിഭാഷകയായും സാമൂഹ്യപ്രവർത്തകയായും അവശജനവിഭാഗങ്ങളെ സഹായിക്കാനായിരുന്നു താൽപ്പര്യം. ജയിലിലും അവൾ നിയമപഠനം തുടരുന്നു. വായനയിലും ചിത്രരചനയിലും മുഴുകുന്നു. ജയിൽ ലൈബ്രറിയുടെ ഷെൽഫുകളിൽ വിൻസെന്റ്‌ വാൻഗോഗിന്റെ ‘സൂര്യകാന്തിപ്പൂക്കൾ’ പുനരാവിഷ്‌കരിച്ചു. സഹതടവുകാരികൾക്കും അവരുടെ കുട്ടികൾക്കും ചില വിഷയങ്ങളിൽ ക്ലാസുകൾ എടുക്കാനും സമയം കണ്ടെത്തുന്നുണ്ട്‌.


​സ്വന്തം അവകാശങ്ങളെക്കുറിച്ച്‌ ശബ്‌ദിക്കാൻ കഴിയാത്തവർക്കുവേണ്ടി ശബ്‌ദിച്ചതിനാണ്‌ മകളെ യുപി സർക്കാർ തടവിലിട്ടതെന്ന്‌ സിപിഐ എം മുഖപത്രം ‘ഗണശക്തി’യുടെ ദുർഗാപുർ യൂണിറ്റിന്റെ ചുമതല വഹിക്കുന്ന അരുൺ ച‍ൗധ്‌രി പറയുന്നു. ‘‘എനിക്കും ഭാര്യ പിങ്കിക്കും അവളെക്കുറിച്ച്‌ അഭിമാനം മാത്രമാണുള്ളത്‌. അവളെക്കുറിച്ച്‌ യുപി സർക്കാരും പൊലീസും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതമാണെന്ന്‌ അലഹബാദ്‌ ഹൈക്കോടതിയുടെ വിധി തെളിയിച്ചു. എൻഎസ്‌എ ഉത്തരവ്‌ പ്രകാരമുള്ള തടങ്കൽ ഉത്തരവ്‌ കോടതി റദ്ദാക്കി. ആ ഉത്തരവ്‌ പുറപ്പെടുവിച്ച ഗ്യാനേഷ്‌ കുമാറിന്റെ മകൾക്ക്‌ അഞ്ച്‌ ലക്ഷം പിഴയും ചുമത്തി. സർക്കാരിനും മജിസ്‌ട്രേട്ടിനും കോടതിയിൽനിന്ന്‌ രൂക്ഷവിമർശങ്ങൾ നേരിടേണ്ടി വന്നു. ഹൈക്കോടതി വിധിക്ക്‌ എതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. സ്വന്തം അവകാശങ്ങളെക്കുറിച്ച്‌ സംസാരിക്കാൻ കഴിയാത്തവർക്കുവേണ്ടി ശബ്‌ദിച്ചതിനാണ്‌ എന്റെ മകളെ അവർ ജയിലിൽ അടച്ചത്‌. അവൾ അതെല്ലാം പഠിച്ചത്‌ സ്വന്തം വീട്ടിൽനിന്നാണ്‌. ചെറുപ്പംമുതൽ ഞാൻ സിപിഐ എം പ്രവർത്തകനാണ്‌. പാർടി ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ കഴിയുന്നത്ര നിറവേറ്റാറുണ്ട്‌. ഡൽഹിയിലേക്ക്‌ മാറിയശേഷം മകൾ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി. മാസം 14,000 രൂപ മാത്രമാണ്‌ ഞാൻ അവൾക്ക്‌ അയച്ചുകൊടുത്തിരുന്നത്‌. ഡൽഹിപോലെയുള്ള നഗരത്തിൽ അത്രയും തുകകൊണ്ട്‌ ജീവിക്കാൻ പ്രയാസമായതിനാൽ കൂടുതൽ പണം അയക്കാമെന്ന്‌ പറഞ്ഞെങ്കിലും വേണ്ടെന്നുപറഞ്ഞു. ട്യൂഷനെടുത്ത്‌ ബാക്കി തുക കണ്ടെത്തിക്കൊള്ളാമെന്ന്‌ അവൾ പറഞ്ഞു.


​ഞങ്ങൾ ഡൽഹിയിലേക്ക്‌ പോകുന്പോൾ അവൾ ഞങ്ങളെ ചേരിപ്രദേശങ്ങളിലേക്ക്‌ കൊണ്ടുപോകുമായിരുന്നു. അവിടുത്തെ ജീവിതസാഹചര്യങ്ങൾ നേരിട്ട്‌ കാണിച്ചുതരും. അവളും സുഹൃത്തുക്കളും അവിടുത്തെ കുട്ടികൾക്ക്‌ ക്ലാസുകൾ എടുക്കുകയും പഠനസാമഗ്രികൾ വിതരണം ചെയ്യുകയും ചെയ്‌തിരുന്നു. മാസം 10,000 രൂപ മാത്രം കൂലിക്ക്‌ നരകതുല്യമായ സാഹചര്യങ്ങളിൽ ജോലി ചെയ്‌തിരുന്ന നോയിഡയിലെ തൊഴിലാളികളുടെ ദുരിതങ്ങളെക്കുറിച്ച്‌ അവൾ പറയാറുണ്ടായിരുന്നു. അവിടെ സമരം തുടങ്ങിയപ്പോൾ അതിൽ പങ്കെടുക്കാൻ പോകുകയാണെന്നും പറഞ്ഞു. അവൾ പിന്തുണച്ച സമരത്തിനുപിന്നിലെ നന്മയും മനുഷ്യത്വവും ആർക്കും നിഷേധിക്കാനാകില്ല. ബാക്കിയുള്ള കേസുകളിലും അവൾക്ക്‌ ഉടൻ ജാമ്യം ലഭിക്കുമെന്നാണ്‌ പ്രതീക്ഷ. ജാമ്യം ലഭിച്ചാൽ നോക്കിക്കോളൂ, ജന്തർമന്തറിലെ സമരങ്ങളിലും അവൾ സജീവമായി പങ്കെടുക്കും. അതിൽ സംശയമില്ല’’ – അരുൺ ച‍ൗധ-രിയുടെ വാക്കുകളിൽ അഭിമാനവും പ്രതീക്ഷയും മാത്രം.

​

മനുഷ്യരായി ജീവിക്കാനുള്ള സമരം

​

2026 ഏപ്രിലിൽ ഉത്തർപ്രദേശിലെ നോയിഡയിലെ വ്യവസായ മേഖലയിൽ മിനിമം വേതനവും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും ആവശ്യപ്പെട്ടുള്ള വലിയ പ്രതിഷേധങ്ങളിൽ പതിനായിരക്കണക്കിന്‌ തൊഴിലാളികൾ അണിനിരന്നു. ദിവസവും 12 മണിക്കൂറിലധികം നീളുന്ന തൊഴിൽ ഷെഡ്യൂളുകളും 10,000 –15,000 രൂ‍പ വേതനവുമായി സാധാരണ മനുഷ്യരെപോലെ കഴിയാനാകാത്ത അവസ്ഥയാണെന്ന്‌ പ്രതിഷേധങ്ങളിൽ പങ്കെടുത്ത തൊഴിലാളികൾ ചൂണ്ടിക്കാണിച്ചു. അധികസമയ ജോലിക്ക്‌ അർഹിച്ച കൂലിയില്ല, ആഴ്‌ചയിൽ നിർബന്ധിത അവധിയില്ല, ബോണസും നിയമപരമായ മറ്റാനുകൂല്യങ്ങളും കൃത്യമായി നൽകുന്നില്ല, കരാർതൊഴിലാളികൾക്ക്‌ സുരക്ഷയില്ല– തുടങ്ങിയ പ്രശ്‌നങ്ങളും അവർ ഉന്നയിച്ചു.


​ആയിരങ്ങളെ അറസ്‌റ്റ്‌ ചെയ്‌തും ക്രൂരമായ മർദനമുറകൾ അഴിച്ചുവിട്ടും നിയമസഹായം നിഷേധിച്ചും പ്രതിഷേധങ്ങളെ ഉരുക്കുമുഷ്ടിയാൽ അടിച്ചമർത്താൻ യുപി സർക്കാർ ശ്രമിച്ചു. ചില സ്ഥലങ്ങളിലുണ്ടായ അക്രമസംഭവങ്ങളുടെ പേരിൽ സമാധാനപൂർവം പ്രതിഷേധിച്ച തൊഴിലാളികളെ മുഴുവൻ ഗുരുതരവകുപ്പുകൾ ചുമത്തിയ കേസുകളിൽ കുടുക്കാൻ ശ്രമിച്ചു. എസ്‌എഫ്‌ഐയും ഡിവൈഎഫ്‌ഐയും അഖിലേന്ത്യ ലോയേഴ്‌സ്‌ യൂണിയനും നടത്തിയ വസ്‌തുതാന്വേഷണത്തിൽ വ്യാപകമായ ഏകപക്ഷീയ അറസ്‌റ്റുകൾ, നിയമവിരുദ്ധ തടങ്കലുകൾ, പ്രായപ‍ൂർത്തിയാകാത്തവരെ കസ്‌റ്റഡിയിലെടുക്കൽ, നടപടികളുടെ നഗ്നമായ ലംഘനങ്ങൾ തുടങ്ങിയവ കണ്ടെത്തി. പ്രതിഷേധിച്ചതിന്‌ പക വീട്ടാനുള്ള നീക്കങ്ങളാണ്‌ നടക്കുന്നതെന്ന്‌ ബോധ്യപ്പെട്ടതോടെ കോടതികൾ തൊഴിലാളികൾക്ക്‌ അനുകൂലമായി ഇടപെട്ടു. 188 കേസുകളിൽ (84 ശതമാനം) പ്രതികൾക്ക്‌ ജാമ്യം ലഭിച്ചു. ജാമ്യം ലഭിച്ചവരുടെ ശരാശരി ജയിൽവാസം 55 ദിവസമായിരുന്നു. പ്രതിഷേധങ്ങളിൽ പങ്കെടുത്തുവെന്ന ഒറ്റക്കാരണത്താൽ ആരെയും തുടർച്ചയായി ജയിലുകളിൽ ഇടാനാകില്ല, ഗുരുതരമായ കുറ്റാരോപണങ്ങൾ തെളിവുകളുടെ അഭാവത്തിൽ നിലനിൽക്കില്ല, ആക്രമണങ്ങൾ ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കിയവരെയും തൊഴിലാളികളെയും ഒരുപോലെ കണക്കാക്കാനാകില്ല– തുടങ്ങിയ നിരീക്ഷണങ്ങളും കോടതികളുടെ ഭാഗത്തുനിന്നുണ്ടായി.


​ദേശീയപതാക വീശുന്നതുപോലും കുറ്റകരമായ വർത്തമാനകാല രാഷ്ട്രീയ സാഹചര്യങ്ങളിൽ തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന ആവശ്യം നിയമവിരുദ്ധ പ്രവർത്തനമായി മാറിയതിൽ അത്ഭുതപ്പെടാനില്ല. മെച്ചപ്പെട്ട വേതനത്തിനും തൊഴിൽസുരക്ഷയ്‌ക്കുംവേണ്ടി സംഘടിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ ഒന്നാണ്‌. ആ അവകാശങ്ങളെ പിന്തുണച്ചതിന്റെ പേരിൽ യുവതലമുറയെ ജയിലിലടച്ചവർതന്നെയാണ്‌ വോട്ടവകാശം നിഷേധിച്ചതിന് എതിരായ പ്രക്ഷോഭങ്ങളിൽ അണിനിരക്കുന്നവരെയും ക്രൂരമർദനങ്ങൾക്ക്‌ ഇരയാക്കി തടവിലിടുന്നത്‌. കോടിക്കണക്കിന്‌ ആൾക്കാരെ ജനാധിപത്യവിരുദ്ധമായി വോട്ടർപട്ടികയിൽനിന്ന്‌ നീക്കിയ എസ്‌ഐആർ നടപടികൾക്ക്‌ നേതൃത്വം നൽകിയ ഗ്യാനേഷ്‌ കുമാറിന്റെ പുത്രി തന്നെ തൊഴിലാളികൾക്കുവേണ്ടി ശബ്‌ദിച്ച ആകൃതി ഉൾപ്പെടെയുള്ളവരെ രാജ്യസുരക്ഷാ നിയമപ്രകാരം തടവിലിടാൻ ഉത്തരവ്‌ പുറപ്പെടുവിച്ചതും ഇ‍ൗ കാലഘട്ടത്തിന്റെ വിരോധാഭാസമാണ്‌. അവകാശങ്ങൾക്കുവേണ്ടി ജനാധിപത്യപരമായി പ്രതിഷേധിക്കുന്നവരെയും പിന്തുണയ്‌ക്കുന്നവരെയും മുഴുവൻ തടവിലിടാനാണ്‌ സർക്കാരുകളുടെയും പൊലീസുകാരുടെയും തീരുമാനമെങ്കിൽ രാജ്യം മുഴുവൻ തടങ്കൽപ്പാളയങ്ങൾ തുറക്കേണ്ടി വരില്ലേയെന്ന ചോദ്യത്തിന്‌ ദിവസംതോറും പ്രസക്തിയേറുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home