Deshabhimani

print edition സ്വതന്ത്ര തിരുവിതാംകൂർ: സർ സി പി ലക്ഷ്യമിട്ട ‘ഹിന്ദുരാഷ്‌ട്രം’

Punnapra-Vayalar

സി പി രാമസ്വാമി അയ്യർക്ക്‌ ഹിന്ദു മഹാസഭ ജനറൽ സെക്രട്ടറി അശുതോഷ്‌ ലാഹിരി അയച്ച കത്തിന്റെ 
അവസാന പേജ്‌, സി പിയുടെ 1946ലെ 
അമേരിക്കൻ മോഡൽ ഭരണഘടനാ വിജ്ഞാപനത്തിന്റെ ആദ്യപേജ്‌

avatar
ശ്രീകുമാർ ശേഖർ

Published on Oct 25, 2026, 01:00 AM | 3 min read

പണ്ഡിറ്റ് നെഹ്റു ഉടൻ മോസ്കോ സന്ദർശിക്കുമെന്നാണ് ഇന്നത്തെ പത്രവാർത്തകൾ സൂചിപ്പിക്കുന്നത്. റഷ്യയുമായി ഏതെങ്കിലും തരത്തിലുള്ള ഒരു ധാരണ ഉടൻ ഉണ്ടായേക്കുമെന്ന് വ്യക്തമാണ്. സോഷ്യലിസ്റ്റുകളുമായും കമ്യൂണിസ്റ്റുകളുമായും കോൺഗ്രസ് സഖ്യമുണ്ടാക്കാനുള്ള അപകടസാധ്യത ഇപ്പോൾ യാഥാർഥ്യമായിരിക്കുകയാണ്; അതിനാൽ മറ്റു പരിഗണനകളെല്ലാം മാറ്റിവച്ച്, പരസ്പരസഹകരണത്തിലൂടെ നാം നമ്മുടെ കരുത്ത് വർധിപ്പിക്കേണ്ടിയിരിക്കുന്നു. സജീവമായ പിന്തുണയ്ക്കായി ഞാൻ അങ്ങയോടും അങ്ങയിലൂടെ മഹാരാജാവിനോടും അഭ്യർഥിക്കുന്നു.”


​ഹിന്ദു മഹാസഭയുടെ അഖിലേന്ത്യ ജനറൽ സെക്രട്ടറി അശുതോഷ് ലാഹിരി തിരുവിതാംകൂർ ദിവാൻ സി പി രാമസ്വാമി അയ്യർക്ക് 1947 ജൂലൈ എട്ടിനയച്ച 11 പേജുള്ള കത്ത് അവസാനിക്കുന്നത് ഇങ്ങനെയാണ്.


​ആലപ്പുഴയിലെ തൊഴിലാളികൾ വാരിക്കുന്തത്തിൽ കോർത്തെറിഞ്ഞ അമേരിക്കൻ മോഡൽ ഭരണഘടനയുമായി സർ സി പി രണ്ടാമങ്കത്തിനിറങ്ങിയ നാളുകളായിരുന്നു അത്. ഇന്ത്യ സ്വതന്ത്രമാകുമെന്ന്‌ ഉറപ്പായ ഘട്ടം. 1946-ൽ പ്രഖ്യാപിച്ച ഭരണഘടന അടിസ്ഥാനമാക്കി സ്വതന്ത്ര തിരുവിതാംകൂർ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് അന്നു രാജകുടുംബവും ദിവാനും. ‘ഹിന്ദുരാഷ്ട്ര’മായി അവർ കരുതുന്ന തിരുവിതാംകൂറിൽ കാലൂന്നാനുള്ള ശ്രമത്തിൽ ഹിന്ദു മഹാസഭയും. സി പിയും സഭാനേതാക്കളുമായി അന്നു നടന്ന കത്തിടപാടുകളിൽ ഇരുവരും പങ്കുവയ്ക്കുന്നത് കമ്യൂണിസ്റ്റുകാർ ശക്തിപ്പെടാനിടയുണ്ടെന്ന ആശങ്ക.

​

​ദിവാന്‌ അമേരിക്കൻ പ്രസിഡന്റിന്റെ 
പദവി നൽകുന്ന വ്യവസ്ഥ

​

സർ സി പിയുടെ അമേരിക്കൻ മോഡൽ ഭരണപരിഷ്കാരം 1946 ജനുവരി 16-നാണ് അവതരിപ്പിക്കപ്പെട്ടത്. അതനുസരിച്ച് രാജാവ് തലവനായിരിക്കും. ഭരണനിർവഹണത്തിന്റെ ചുമതല ദിവാന്‌. ഇക്കാര്യം വിശദീകരിക്കുന്നത് ഇങ്ങനെ: “പരമാധികാരിയുടെ (രാജാവിന്റെ) അവകാശങ്ങൾക്കും ആനുകൂല്യങ്ങൾക്കും സവിശേഷാധികാരങ്ങൾക്കും എപ്പോഴും വിധേയമായിക്കൊണ്ട്, നിയമനിർമാണസഭയ്ക്കും നീതിന്യായവ്യവസ്ഥയ്ക്കും മുന്നിൽ ദിവാന്റെ സ്ഥാനം യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡന്റിന്റെ സ്ഥാനത്തിനു സമാനമായിരിക്കുന്നതാണ്.” പുന്നപ്ര–-വയലാർ പ്രക്ഷോഭത്തിൽ മുഖ്യമുദ്രാവാക്യമായി ‘അമേരിക്കൻ മോഡൽ അറബിക്കടലിൽ’ ഉയർന്നത് ഈ ഭരണഘടനയ്ക്കെതിരെയാണ്.

​പുന്നപ്ര-–വയലാർ പ്രക്ഷോഭത്തോടെ സ്വന്തം വഴിക്ക് നീങ്ങാൻ സി പിക്കായില്ല. എന്നാൽ, ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് നടന്നതോടെ സി പി സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപിച്ചു. വീണ്ടും പ്രക്ഷോഭം. കോൺഗ്രസ് നേതാവായിരുന്ന സി നാരായണപിള്ള പ്രസംഗിച്ചുകൊണ്ടിരിക്കെ 1947 ജൂലൈ 13-ന് തിരുവനന്തപുരം പേട്ടയിൽ പൊലീസ്‌ വെടിവച്ചു. ഒന്പതാംക്ലാസ് വിദ്യാർഥി രാജേന്ദ്രൻ മരിച്ചു.

​

ഹിന്ദു മഹാസഭയുമായുള്ള 
രഹസ്യസഖ്യം

​

എതിർപ്പ് ശക്തിപ്പെട്ടതോടെ സി പി പുതിയ സഖ്യശക്തികളെ തേടി. തിരുവിതാംകൂർ ഹിന്ദുരാഷ്ട്രമാണെന്ന സാങ്കേതികതയുടെ ബലത്തിലാണ്‌ കടുത്ത വർഗീയസംഘടനയായ ഹിന്ദു മഹാസഭയുമായി ബന്ധം സ്ഥാപിച്ചത്‌. 1947 ജൂൺ 11-ന് സി പി സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപിച്ചു.


പ്രഖ്യാപനത്തെ വി ഡി സവർക്കർ ഒട്ടും വൈകാതെ ടെലിഗ്രാമിലൂടെ പിന്തുണച്ചത് സി പി നേരത്തേ നടത്തിയ ആശയവിനിമയത്തിന്റെ ഭാഗമായിട്ടായിരുന്നു. ഹിന്ദു മഹാസഭയുടെ മുൻ പ്രസിഡന്റ് ഡോ. ബി എസ് മൂഞ്ജെയുടെ പിന്തുണയും ഉറപ്പിച്ചു. സഭയുടെ പ്രസിഡന്റുമായും സെക്രട്ടറിയുമായും സി പി ബന്ധം സ്ഥാപിച്ചു. ജനറൽ സെക്രട്ടറി ലാഹിരിയുമായി കത്തിടപാടുമാത്രമല്ല, ഡൽഹിയിൽ ദീർഘമായ കൂടിക്കാഴ്ചയും സി പി നടത്തി.


​സി പിയുടെ ‘രാഷ്ട്ര’ത്തിനു പിന്തുണ പ്രഖ്യാപിച്ച് 1947 ജൂൺ 19-നാണ് സവർക്കർ സി പിക്ക് ടെലിഗ്രാം അയച്ചത്‌. രാജാവിന്റെ പ്രഖ്യാപനത്തിന്റെ പിറ്റേദിവസം. സി പി ‘ദ ഹിന്ദു’ ദിനപത്രത്തിന്‌ അയച്ച ഒരു കത്തിൽ ടെലിഗ്രാം പൂർണരൂപത്തിലുണ്ട്. അതിങ്ങനെയാണ്:​

“തിരുവിതാംകൂറിനെ സ്വതന്ത്ര പരമാധികാര രാഷ്ട്രമായി പ്രഖ്യാപനം നടത്തിയതിന്, തിരുവിതാംകൂർ മഹാരാജാവിനെയും അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും ധൈര്യവുമുള്ള ദിവാൻ സർ സി പിയെയും ഹിന്ദു മഹാസഭ അഭിനന്ദിക്കുന്നു. നൈസാം സ്വാതന്ത്ര്യപ്രഖ്യാപനം നടത്തി. തുടർന്ന് മറ്റു മുസ്ലിം ഭരണാധികാരികളും അതേപാത പിന്തുടരാനാണ് സാധ്യത. ഹിന്ദു സംസ്ഥാനങ്ങളും അതേ അവകാശം ഉയർത്തിപ്പിടിക്കാനുള്ള ചങ്കൂറ്റം കാണിക്കണം. സ്വതന്ത്ര ഹിന്ദുരാഷ്ട്രമാകാനുള്ള എല്ലാ അവകാശവും തിരുവിതാംകൂറിനുണ്ട്; ഈ ചരിത്രപ്രധാനമായ തീരുമാനത്തിന് ഹിന്ദു മഹാസഭ താങ്കൾക്ക് സമ്പൂർണമായ പിന്തുണ അറിയിക്കുന്നു.”


​1947 ജൂൺ 28-ന് ഹിന്ദു മഹാസഭാ പ്രസിഡന്റ് എൽ ബി ഭോപട്കർക്ക് സി പി കത്തെഴുതി. ഗാന്ധിജിയെ ഇന്ത്യയെ നയിക്കാൻ അയോഗ്യൻ എന്നു വിമർശിക്കുന്ന സി പി, കോൺഗ്രസ് വന്നാൽ റഷ്യയുമായി ബന്ധം ശക്തമാകുമെന്ന ‘ആപത്തും’ ചൂണ്ടിക്കാണിക്കുന്നു.

​തനിക്ക് ‘അതിരറ്റ ബഹുമാനമുള്ള മി. സവർക്കറെ’ കത്ത് കാണിക്കാനുള്ള നിർദേശവും സി പി നൽകുന്നുണ്ട്. ‘റഷ്യൻ എംബസി സ്ഥാപിച്ചതും കോൺഗ്രസും കമ്യൂണിസവും തമ്മിൽ അതിവേഗം വളർന്നുവരുന്ന സഖ്യവും രാജ്യത്തിന്റെ നാശത്തിന് വഴിവയ്ക്കുമെന്നാണ് താൻ കരുതുന്നത്‌’ എന്നും സി പി വ്യക്തമാക്കുന്നു.


​ഈ സഖ്യം തികച്ചും സ്വാഭാവികവുമായിരുന്നു. ബ്രിട്ടീഷുകാർ പോയാൽ ജന്മിമാരുടെയും മുതലാളിമാരുടെയും വാഴ്ച അഭംഗുരം തുടരണമെന്ന കാഴ്ചപ്പാടായിരുന്നു സവർക്കർക്കും ഹിന്ദു മഹാസഭയ്ക്കും ഉണ്ടായിരുന്നത്. പുന്നപ്ര-–വയലാർ സമരത്തിനെതിരായ പക്ഷത്ത് ഹിന്ദുത്വവാദികൾ നിലയുറപ്പിച്ചതും അതുകൊണ്ടുതന്നെ. ഇന്നും സാമ്രാജ്യത്വത്തിന്റെയും ഭൂപ്രഭുക്കളുടെയും കോർപറേറ്റുകളുടെയും താൽപ്പര്യം സംരക്ഷിക്കാനായി നിലകൊള്ളുന്ന അവരും സി പിയുമായി രൂപപ്പെട്ട സഖ്യം ഇതിന്റെ ആദിരൂപങ്ങളിൽ ഒന്നായി കാണാം.


​പല രാജ്യങ്ങളുമായി കരാറിനും സി പി ശ്രമം തുടങ്ങി. ബ്രിട്ടീഷ് സർക്കാരുമായും ചർച്ചകൾ നടത്തി. വൈസ്രോയിയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് കോൺറാഡ് കോർഫീൽഡുമായി 1946-ൽത്തന്നെ ചർച്ച നടത്തിയിരുന്നു. തിരുവിതാംകൂറിലെ ധാതുമണൽ നിക്ഷേപത്തെപ്പറ്റിയും ഖനനസാധ്യതയെപ്പറ്റിയും വൈസ്രോയി ലോർഡ് വേവൽ മുമ്പുതന്നെ സി പിയോട് അന്വേഷണവും നടത്തിയിരുന്നു.

​

ജനകീയപ്രക്ഷോഭവും പതനവും​

​

1947 ജൂലൈ 17-ന്‌ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള താൽക്കാലിക ഗവൺമെന്റ് എല്ലാ നാട്ടുരാജ്യങ്ങളോടും ഇന്ത്യൻ യൂണിയനിൽ ചേരാൻ അഭ്യർഥിച്ചു. 25-ന് കെ സി എസ് മണി സി പിയെ വെട്ടി. പ്രതിഷേധം കനത്തു. ആഗസ്‌ത്‌ 14-ന് സി പി രാജിവച്ചു. സെപ്‌തംബർ മൂന്നിന്‌ സ്റ്റേറ്റ് കോൺഗ്രസും സർക്കാരും തമ്മിൽ ധാരണയിലെത്തി. ഉത്തരവാദ ഭരണം നടപ്പാക്കാൻ സർക്കാർ സമ്മതിച്ചു. അമേരിക്കൻ മോഡൽ അറബിക്കടലിൽ പതിച്ചു. വാരിക്കുന്തങ്ങൾ ഏന്തി പൊരുതിയ പുന്നപ്ര-–വയലാർ സമരപോരാളികൾ ഉയർത്തിയ മുദ്രാവാക്യം യാഥാർഥ്യമായി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home