Deshabhimani

തിരുവില്വാമല പഞ്ചായത്തിൽ വ്യാപക സാന്പത്തിക തിരിമറി

ഹരിതകർമ സേനയുടെ ലക്ഷങ്ങൾ തട്ടി

...
വെബ് ഡെസ്ക്

Published on Oct 25, 2026, 12:16 AM | 1 min read

കെ എ നിധിൻ നാഥ്‌

തൃശൂർ

ബിജെപി ഭരിക്കുന്ന തിരുവില്വാമല പഞ്ചായത്തിലെ ഹരിതകർമ സേന ഫണ്ടിൽ വ്യാപക തിരിമറി. ഹരിതകർമ സേനയുടെ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച കൺസോർഷ്യത്തിന്റെ ഫണ്ടിൽ നിന്ന്‌ അഞ്ച്‌ ലക്ഷം രൂപ തട്ടിയെടുത്തു. ഹരിതകർമ സേന ഭാരവാഹികളായ ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ കൺസോർഷ്യം ബാങ്ക് അക്കൗണ്ടിൽ നിന്നും പല തവണകളായി നിബന്ധനകൾ പാലിക്കാതെയാണ്‌ പണം തട്ടിയെടുത്തത്‌. പണം പിൻവലിച്ചതിന്റെ വ്യക്തമായ കണക്കുകളില്ല. സാധനങ്ങൾ വാങ്ങിയെന്ന്‌ രേഖയുണ്ടാക്കിയാണ്‌ തട്ടിപ്പ്‌. എന്നാൽ വ‍ൗച്ചറുകൾ, ഭരണസമിതിയുടെയോ പർച്ചേസ് കമ്മിറ്റിയുടെയോ അനുമതിയോ ഇല്ലാതെയാണ്‌ ഇതെല്ലാം ചെയ്‌തത്‌. ബിൽ, ബാങ്ക് രസീതി, ഓഡിറ്റിന് ആവശ്യമായ ലെഡ്‌ജറുകൾ ഒന്നുംതന്നെ ഇല്ല. ഓരോ അംഗത്തിന്റെയും ചെലവിനായി 10,500 രൂപയും ഉപയോഗിച്ചുവെന്നാണ്‌ രേഖകളുണ്ടാക്കിയിട്ടുള്ളത്‌. എന്നാൽ ഇത്‌ എന്തിനാണ്‌ ചെലവഴിച്ചത്‌ എന്ന്‌ രേഖപ്പെടുത്തിയിട്ടില്ല. പലപ്പോഴും കൃത്യമായി യോഗങ്ങൾ ചേരാറില്ല. തൊഴിൽ സ്ഥലത്ത്‌ വന്ന്‌ യോഗം മിനിട്‌സിൽ ഒപ്പിട്ട്‌ വാങ്ങിയശേഷം വിഇഒ ഇതിൽ തീരുമാനങ്ങൾ എഴുതിച്ചേർക്കുകയാണ്‌ ചെയ്യുന്നതെന്ന്‌ അംഗങ്ങൾ പറഞ്ഞു. സംഭവം ശ്രദ്ധയിൽ വന്നിട്ടും ഒരു നടപടിയും സ്വീകരിക്കാൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തയ്യാറായിട്ടില്ല. പഞ്ചായത്ത് പ്രസിഡന്റ്‌ കൃഷ്ണപ്രസാദിന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയാണ്‌ പണം തട്ടിയെടുത്തതെന്നാണ്‌ ആരോപണം. തട്ടിപ്പിനായി ഹരിതകർമ സേന ഭാരവാഹിയായ ബിജെപി പ്രവർത്തകയും വില്ലേജ്‌ എക്‌സ്റ്റൻഷൻ ഓഫീസറും കൂട്ടുനിൽക്കുകയും ചെയ്‌തു. ​ഹരിതകർമസേനാംഗങ്ങൾ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാലിന്യം ശേഖരിക്കുന്നതിനായി ലഭിക്കുന്ന യൂസർ ഫീസിൽ നിന്ന്‌ 10ശതമാനം തുകയാണ്‌ കൺസോർഷ്യത്തിലേക്ക്‌ മാറ്റുന്നത്‌. ഫണ്ട്‌ തട്ടിപ്പുമായി ബന്ധപ്പെട്ട്‌ വിജിലൻസ് അക്കൗണ്ടിങ്‌ സംഘത്തെക്കൊണ്ട് അടിയന്തര പ്രത്യേക ഓഡിറ്റ് നടത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home