ഇന്ന് ഓറഞ്ചും നാളെ ചുവപ്പും ജാഗ്രത
മഴ കനത്തു

കാഞ്ഞിരപ്പുഴ അണക്കെട്ടിൽ ഷട്ടറുകൾ തുറന്നപ്പോൾ
പാലക്കാട്
ഓറഞ്ച് ജാഗ്രതയുണ്ടായിരുന്ന ശനിയാഴ്‌ച ജില്ലയിൽ കനത്ത മഴ. പലയിടങ്ങളിലും വെള്ളംകയറി. വടക്കഞ്ചേരിയിൽ വീട് തകർന്നു. മണ്ണാർക്കാടാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്. വെള്ളി രാത്രി മുതൽ ശനി പകൽവരെ 97.2 മില്ലി മീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ആലത്തൂർ – 56 മില്ലി മീറ്റർ, തൃത്താല – 45 മില്ലി മീറ്റർ, കൊല്ലങ്കോട് – 29 മില്ലി മീറ്റർ എന്നിങ്ങനെയാണ് മഴ ലഭിച്ചത്. മണ്ണാർക്കാട് നെല്ലിപ്പുഴ കരകവിഞ്ഞു. വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ കാഞ്ഞിരപ്പുഴ അണക്കെട്ടിൽ മൂന്ന് സ്പിൽവെ ഷട്ടറുകൾ 20 സെന്റിമീറ്ററിൽനിന്ന് 25 സെന്റിമീറ്ററായി ഉയർത്തി. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചാൽ ഷട്ടറുകൾ കൂടുതൽ ഉയർത്തുമെന്ന് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. 97.19 മീറ്ററാണ് നിലവിലെ ജലനിരപ്പ്. ഇവിടെ 97.50 പരമാവധി സംഭരണശേഷി. മംഗലം അണക്കെട്ടിൽ 91 ശതമാനം വെള്ളം നിറഞ്ഞതോടെ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. വരുംദിവസങ്ങളിലും മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്‌ച ഓറഞ്ച് ജാഗ്രതയാണ്. തിങ്കളാഴ്‌ച ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കും. അപകട സാധ്യത പ്രദേശത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.









0 comments