Deshabhimani

print edition ട്രാക്കുണരും മുൻപേ കുതിപ്പ്

Sports Meet

സംസ്ഥാന സ്‌കൂൾ കായികമേളയുടെ മുഖ്യവേദിയായ കോഴിക്കോട് എൻഐടി സ്‌റ്റേഡിയത്തിൽ വിളക്കുകൾ 
സജ്ജമാക്കുന്നു / ഫോട്ടോ: ജഗത്‌ലാൽ

avatar
ബിജോ ടോമി

Published on Oct 24, 2026, 11:27 PM | 2 min read

കോഴിക്കോട്‌ : ഇടവിട്ട്‌ പെയ്യുന്ന മഴയുടെ കുളിരിലാണ്‌ കോഴിക്കോട്‌. ഒരു പകലിരവിനപ്പുറം കായിക കേരളം കളത്തിൽ ഇറങ്ങുന്നതോടെ കുതിർന്ന മണ്ണിന്‌ ചൂട്‌ പിടിക്കും. ട്രാക്കിൽ തീപ്പൊരി പാറും. താരങ്ങൾ ആകാശം ചുംബിക്കും. ഇന്ന്‌ സംസ്ഥാന സ്‌കൂൾ കായികമേളയുടെ ഉദ്‌ഘാടനചടങ്ങാണ്‌. നാളെ ഭിന്നശേഷി വിദ്യാർഥികളുടെ മത്സരങ്ങളോടെ താരക്കുതിപ്പിന്‌ തുടക്കമാകും. ചൊവ്വാഴ്‌ച അത്‌ലറ്റിക്‌സ്‌ മത്സരങ്ങൾ ആരംഭിക്കുന്നതോടെ ട്രാക്ക്‌ ഫുൾ ഓൺ.


ഒളിമ്പിക്‌സ്‌ മാതൃകയിലുള്ള സ്‌കൂൾ കായിക മേള എന്ന മഹത്തായ ആശയത്തെ പൊളിച്ചതോടെ ട്രാക്കുണരും മുമ്പേ പോയിന്റ്‌ പട്ടികയിൽ ജില്ലകൾ ആധിപത്യമുറപ്പിച്ചു. ഗെയിംസ്‌ മത്സരങ്ങൾ ചിതറിക്കുകയും നേരത്തെ നടത്തുകയും ചെയ്‌തതാണ്‌ കാരണം. ഓവറോൾ ചാമ്പ്യൻഷിപ്പിൽ 1,820 പോയിന്റോടെ തിരുവനന്തപുരം ജില്ല ബഹുദൂരം മുന്നിലാണ്‌.


രണ്ടാമത്‌ തൃശൂർ. 741 പോയിന്റ്‌. 661 പോയിന്റുമായി കണ്ണൂർ മൂന്നാമത്‌. ആതിഥേയ ജില്ലയായ കോഴിക്കോട്‌ 602 പോയിന്റുമായി നാലാമതാണ്‌. 206 സ്വർണവും 142 വെള്ളിയും 147 വെങ്കലവുമാണ്‌ തലസ്ഥാനത്തിന്‌. തൃശൂരിന്‌ 65 വീതം സ്വർണവും വെള്ളിയും 102 വെങ്കലവുമുണ്ട്‌.


കണ്ണൂരിന്‌ 69 സ്വർണവും 61 വെള്ളിയും 62 വെങ്കലവും. കോഴിക്കോടിന്റെ പെട്ടിയിൽ 46 സ്വർണവും 65 വെള്ളിയും 96 വെങ്കലവും അടങ്ങിയിരിക്കുന്നു.


ഗെയിംസിൽ 595 ഇനങ്ങളിൽ 500 എണ്ണവും പൂർത്തിയായി. അക്വാട്ടിക്‌സിൽ മുഴുവൻ മത്സരങ്ങളും കഴിഞ്ഞു. 606 പോയിന്റുമായി തിരുവനന്തപുരം ഇക്കുറിയും ചാമ്പ്യൻപട്ടമണിഞ്ഞു. എറണാകുളം 160, തൃശൂർ 120 എന്നിവരാണ്‌ രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഗെയിംസിലും തിരുവനന്തപുരത്തിന്റെ തേരോട്ടമാണ്‌. 1,214 പോയിന്റുമായാണ്‌ മുന്നിൽ. രണ്ടാമത്‌ കണ്ണൂരും (661), മൂന്നാമത്‌ തൃശൂരുമാണ്‌ (621).



മേളയ്‌ക്ക്‌ റെഡ്‌ അലർട്ട്‌


കോഴിക്കോട്‌ : കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്‌ പ്രകാരം ഉദ്‌ഘാടനദിവസമായ ഇന്ന്‌ റെഡ്‌ അലർട്ടാണ്‌. അതിതീവ്ര മഴയ്‌ക്കുള്ള സാധ്യതയാണ്‌ പ്രവചിച്ചിരിക്കുന്നത്‌. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇൻക്ലൂസീവ്‌ സ്‌പോർട്‌സ്‌ മത്സരങ്ങൾ നടക്കുന്ന 26ന്‌ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്‌. അത്‌ലറ്റിക്‌സ്‌ മത്സരങ്ങൾക്ക്‌ വേദിയാകുന്ന ചാത്തമംഗലത്ത്‌ ഉൾപ്പെടെ കഴിഞ്ഞ ദിവസം മുതൽ കനത്ത മഴയാണ്‌.നിലവിൽ രാവിലെ ഏഴര മുതൽ രാത്രി എട്ടുവരെ എന്ന രീതിയിലാണ്‌ മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്‌. പകൽ 11.30 മുതൽ 1.30വരെ ഇടവേളയാണ്‌. മഴ തുടർന്നാൽ ‍ഇ‍ൗ സമയവും മത്സരങ്ങൾ നടത്താനാണ്‌ തീരുമാനം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home