Deshabhimani

കടുത്ത ജോലികള്‍ക്ക് കടുപ്പമുള്ള മോഡൽ; ജെമിനി 4 നിയോൺ അവതരിപ്പിച്ച് ഗൂഗിള്‍

Neon 4
വെബ് ഡെസ്ക്

Published on Nov 21, 2026, 03:35 PM | 2 min read

കോഡിങ്ങിലും സങ്കീര്‍ണമായ ഗവേഷണങ്ങളിലും കരുത്ത് തെളിച്ച് പുതിയ പതിപ്പുമായി ഗുഗിള്‍ ജെമിനി. ശാസ്ത്രീയ ഗവേഷണങ്ങള്‍ക്കും സങ്കീർണ്ണമായ സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ്, വൈജ്ഞാനിക ജോലികള്‍ക്കും കരുത്ത് നൽകുമെന്ന വാഗ്ദാനവുമായി 'ജെമിനി 4 നിയോൺ' (Gemini 4 Neon) പുറത്തെത്തി.


ഈ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡൽ മുഖ്യ എതിരാളികളുടെ ഇതുവരെയുള്ള മോഡലുകളെ വെല്ലുവിളിക്കുന്നു. ആന്ത്രോപിക്കിന്റെ 'ക്ലോഡ് ഓപ്പസ് 5.5' (Claude Opus 5.5), ഓപ്പൺഎഐയുടെ 'ജിപിടി-6.2 സോൾ' (GPT-6.2 Sol) എന്നിവയെക്കാൾ മികച്ച പ്രകടനം അവകാശപ്പെടുന്നു. വിവിധ ബെഞ്ച്മാർക്ക് പരിശോധനകളിൽ നിയോൺ മൂൻതൂക്കം കാണിച്ചതായി ഗൂഗിൾ വ്യക്തമാക്കി.


ദീർഘനേരം പ്രവർത്തിക്കുന്ന ഏജന്റിക് വർക്ക്‌ഫ്ലോകളെ (Agentic workflows) പിന്തുണയ്ക്കുന്നതിനും, ചെലവ് നിയന്ത്രിച്ചുകൊണ്ട് തന്നെ ജോലികൾ കൃത്യമായി പൂർത്തിയാക്കുന്നതിനുമാണ് നിയോൺ നിർമ്മിച്ചിരിക്കുന്നത്. ഒരു ദശലക്ഷം ഇൻപുട്ട് ടോക്കണുകൾക്ക് 3 ഡോളറും, ഒരു ദശലക്ഷം ഔട്ട്പുട്ട് ടോക്കണുകൾക്ക് 15 ഡോളറുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. 10 ലക്ഷം (1 Million) ടോക്കണുകളുടെ വലിയ കോൺടെക്സ്റ്റ് വിൻഡോയും ഈ മോഡലിനുണ്ട്.


എഴുത്തിലും ഗവേഷണത്തിലും തിളങ്ങാം


മികച്ച എഴുത്ത്, കൃത്യമായ ഗവേഷണം, കഠിനമായ ചോദ്യങ്ങൾക്ക് വേഗത്തിലുള്ള മറുപടികൾ എന്നിവ നിയോണിലൂടെ ലഭിക്കും. മാത്രമല്ല ബില്ലുകളിലെ അപ്രതീക്ഷിത വർദ്ധനവിന്റെ കാരണം കണ്ടെത്തുക, റീഫണ്ടിനായി ഒന്നിലധികം രസീതുകളും രേഖകളും ഒത്തുനോക്കി പരിശോധിക്കുക തുടങ്ങിയ സങ്കീർണ്ണമായ ജോലികൾ എളുപ്പത്തിൽ ചെയ്തുതീർക്കാൻ ഇതിലൂടെ സാധിക്കുമെന്ന് ഗൂഗിൾ ബ്ലോഗ് പോസ്റ്റിൽ വ്യക്തമാക്കി.


ഗൂഗിൾ എഐ സ്റ്റുഡിയോയിലെ ജെമിനി എപിഐ വഴിയും, 'ജെമിനി ഫോർ ബിസിനസ്' വഴിയും ഡെവലപ്പർമാർക്കും സ്ഥാപനങ്ങൾക്കും നിയോൺ ഉപയോഗിക്കാം. കൂടാതെ, ഗൂഗിൾ എഐ പ്രോ, അൾട്രാ വരിക്കാർക്ക് ജെമിനി ആപ്പിലും ഗൂഗിൾ ആന്റിഗ്രാവിറ്റിയിലും ഈ പുതിയ മോഡൽ ലഭ്യമാണ്.


"സങ്കീർണ്ണമായ കോഡിംഗ്, വിശകലന ശേഷി, എന്റർപ്രൈസ് ജോലികൾ എന്നിവയ്ക്കായാണ് നിയോൺ നിർമ്മിച്ചിരിക്കുന്നത്. ജെമിനി 4 കാർബൺ ഏറ്റവും കഠിനമായ ദീർഘകാല പ്രോജക്റ്റുകൾ കൈകാര്യം ചെയ്യുമ്പോഴും, ഹൈഡ്രജൻ വേഗത്തിലുള്ള ദൈനംദിന ജോലികൾ ചെയ്യുമ്പോഴും, ഇവ രണ്ടിനുമിടയിൽ കൃത്യമായ സന്തുലിതാവസ്ഥ നിലനിർത്തുന്ന മോഡലാണ് നിയോൺ," എന്ന് ഗൂഗിൾ ഡീപ്‌മൈൻഡ് സീനിയർ വൈസ് പ്രസിഡന്റും ഗൂഗിളിന്റെ ചീഫ് എഐ ആർക്കിടെക്റ്റുമായ കോറേ കവുക്‌സുവോഗ്ലു പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home