print edition തപാൽവകുപ്പിന് കേരളം വേണ്ട; 125 തസ്തിക മറ്റ് സംസ്ഥാനങ്ങളിലേക്ക്

രാഹുൽ രാജ്
Published on Nov 22, 2026, 02:20 AM | 1 min read
കൊച്ചി: പോസ്‌റ്റ് ഓഫീസുകൾ അടച്ചുപൂട്ടുന്നതിനൊപ്പം തസ്‌തിക ഇല്ലാതാക്കി കേന്ദ്രസർക്കാർ കേരളത്തിലെ തപാൽമേഖലയെ തകർക്കുന്നു. കേരള സർക്കിളിൽനിന്ന് 125 തസ്തിക മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുന്നു. ഭരണപരമായ പുനഃസംഘടനയുടെയും തസ്തിക പുനക്രമീകരണത്തിന്റെയും മറവിലാണിത്. പോസ്റ്റൽ അസിസ്റ്റന്റ്– 75, എൽഎസ്‌ജി– 20, പോസ്റ്റ്‌മാൻ– 10, എംടിഎസ്– 10, അസിസ്റ്റന്റ് സൂപ്രണ്ട്– ആറ്, പോസ്റ്റൽ സർവീസ് ഗ്രൂപ്പ് ബി– മൂന്ന്, പോസ്റ്റൽ ഇൻസ്‌പെക്ടർ– ഒന്ന് തസ്തികകൾ പുനർവിന്യസിച്ച് 12ന് ഉത്തരവിറങ്ങി.
പോസ്റ്റൽ അസിസ്റ്റന്റ് തസ്തികകളിൽ 30 എണ്ണം ജാർഖണ്ഡിലേക്കും 25 എണ്ണം സിഇപിടി (സെന്റർ ഫോർ എക്സലൻസ് ഇൻ പോസ്റ്റൽ ടെക്നോളജി)യിലേക്കും 10 വീതം ഹരിയാനയിലേക്കും മധ്യപ്രദേശിലേക്കുമാണ് മാറ്റുന്നത്. എൽഎസ്‌ജി തസ്തികകൾ ജാർഖണ്ഡിലേക്കും ഹിമാചൽ പ്രദേശിലേക്കും വീതിച്ചു. പോസ്റ്റ്‌മാൻ, എംടിഎസ് തസ്തികകളും ഹിമാചൽപ്രദേശിലേക്ക് മാറ്റും. അസിസ്റ്റന്റ് സൂപ്രണ്ട് തസ്തികകളിൽ നാലെണ്ണം ബിഹാറിലേക്കും രണ്ടെണ്ണം ആന്ധ്രപ്രദേശിലേക്കുമാണ്. പോസ്റ്റൽ സർവീസ് ഗ്രൂപ്പ് ബി തസ്തികകൾ ജമ്മു കശ്മീരിലേക്കും പോസ്റ്റൽ ഇൻസ്‌പെക്ടർ തസ്തിക രാജസ്ഥാനിലേക്കും മാറ്റും.
ഇടപാടുകളെ ബാധിക്കും
പോസ്റ്റൽ അസിസ്റ്റന്റ് തസ്തിക കുറയുന്നത് പോസ്റ്റ് ഓഫീസുകളിലെ കൗണ്ടർ പ്രവർത്തനങ്ങൾ, സമ്പാദ്യപദ്ധതികൾ, രജിസ്‌റ്റേർഡ്, സ്പീഡ് പോസ്റ്റ്, പാഴ്‌സൽ സേവനങ്ങൾ, മറ്റ് സാമ്പത്തിക ഇടപാടുകൾ എന്നിവയെ ബാധിക്കും. ജീവനക്കാർക്ക് ജോലിഭാരം കൂടും. സേവനങ്ങൾ കിട്ടാൻ കാലതാമസമുണ്ടാകും.
എൽഎസ്‌ജി, അസിസ്റ്റന്റ് സൂപ്രണ്ട്, പോസ്റ്റൽ ഇൻസ്‌പെക്ടർ തസ്തിക കുറയുന്നത് മേൽനോട്ട സംവിധാനത്തെയും ഏകോപനത്തെയും ബാധിക്കും. ഒഴിവുകൾ നികത്താതെ തസ്തികകൾ മാറ്റുന്പോൾ ജീവനക്കാർക്ക് സ്ഥാനക്കയറ്റവും നഷ്ടമാകും. തപാൽവകുപ്പിന്റെ പനീക്കത്തിൽ പ്രതിഷേധിച്ച് എൻഎഫ്‌പിഇ സമരത്തിനൊരുങ്ങുകയാണ്. ഉത്തരവ് പുനഃപരിശോധിച്ച് തപാൽ ഓഫീസുകളിലെ ഒഴിവ് നികത്തണമെന്നതാണ് ആവശ്യം.









0 comments