Deshabhimani

print edition ‘മിഠായി’ക്ക്‌ കയ്‌പേറുന്നു; കൂടുതൽ ജില്ലകളിൽ പദ്ധതി മുടങ്ങുന്നു

DIABETIES IN CHILDREN
avatar
സ്വന്തം ലേഖിക

Published on Nov 22, 2026, 02:27 AM | 1 min read

തിരുവനന്തപുരം: ടൈപ്പ്‌–1 പ്രമേഹം ബാധിച്ച കുട്ടികൾക്കും ക‍ൗമാരക്കാർക്കും സ‍ൗജന്യ പരിചരണം നൽകുന്ന ‘മിഠായി പദ്ധതി’യും നിലയ്ക്കുന്നു. ഫണ്ട്‌ വിഹിതവും മരുന്നും നൽകുന്നത്‌ മുടങ്ങിയതാണ്‌ പല ജില്ലകളിലും പദ്ധതി തടസപ്പെടാൻ കാരണം.


മിഠായി ക്ലിനിക്കുകൾ വഴി വിതരണം ചെയ്തിരുന്ന ഇൻസുലിനും രക്തത്തിലെ പഞ്ചസാര പരിശോധിക്കാനുള്ള ഗ്ലൂക്കോമീറ്റർ സ്ട്രിപ്പുകളും കോഴിക്കോട്‌, കണ്ണൂർ ജില്ലകളിൽ മാസങ്ങളായി കൃത്യമായി ലഭിക്കുന്നില്ലെന്ന് രക്ഷിതാക്കൾ പരാതിപ്പെട്ടിരുന്നു. കൊല്ലം തിരുവനന്തപുരം ജില്ലകളിലും പല കുട്ടികൾക്കും മരുന്ന്‌ കിട്ടുന്നില്ല. പദ്ധതി മുടങ്ങിയതോടെ ചികിത്സയ്ക്ക്‌ മാസം 7000 രൂപയ്ക്ക്‌ മുകളിൽ ചെലവഴിക്കേണ്ട സ്ഥിതിയാണ്‌.


കെഎംഎസ്‌സിഎൽ വഴിയുള്ള ടെൻഡർ വൈകിയതാണ്‌ പ്രധാനമായും ഇൻസുലിൻ വിതരണം തടസ്സപ്പെടാൻ കാരണം. സാമൂഹ്യസുരക്ഷാ മിഷൻവഴി 2018ൽ എൽഡിഎഫ്‌ സർക്കാരാണ്‌ പദ്ധതിക്ക്‌ തുടങ്ങിയത്‌. 2500 പേർ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്‌. യുഡിഎഫ്‌ സർക്കാർ അധികാരത്തിലെത്തിയശേഷം പദ്ധതി ആരോഗ്യവകുപ്പിലേക്ക്‌ മാറ്റുമെന്ന്‌ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പദ്ധതിതന്നെ ഇല്ലാതാകുന്ന സ്ഥിതിയാണ്‌.


പദ്ധതി നിലച്ചിട്ടില്ലെന്നും ചില ജില്ലകളിൽ മാത്രമാണ്‌ മുടങ്ങിയതെന്നുമാണ്‌ അധികൃതരുടെ വിശദീകരണം. മുതിർന്നവരിൽ കാണുന്ന ടൈപ്പ്‌–2 പ്രമേഹത്തെക്കാൾ സങ്കീർണമാണ്‌ കുട്ടികളിലെ ടൈപ്പ്‌–1 പ്രമേഹം. ശരീരത്തിന്റെ പ്രതിരോധ സംവിധാനം അബദ്ധത്തിൽ പാൻക്രിയാസിൽ ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്ന ബീറ്റാ കോശങ്ങളെ നശിപ്പിക്കുന്നതാണ് രോഗത്തിന്‌ പ്രധാന കാരണം. കൃത്യമായ പരിചരണത്തിലൂടെയേ സാധാരണ ജീവിതം നയിക്കാനാകൂ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home