Deshabhimani

ആറിൽ അഞ്ചും തൂക്കി പള്ളാത്തുരുത്തി

boat race

പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തിൽ ചാമ്പ്യന്മാരായ പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബിന്റെ ആഘോഷം

വെബ് ഡെസ്ക്

Published on Nov 22, 2026, 02:32 AM | 2 min read

ആലപ്പുഴ

നെഹ്‌റുട്രോഫിയിൽ പുന്നമടയിലേറ്റ മുറിവിന്‌ അഷ്‌ടമുടിക്കായലിൽ മുറപടി നൽകി പിബിസി പള്ളാത്തുരുത്തിയുടെയും മേൽപ്പാടം ചുണ്ടന്റെയും മുധരപ്രതികാരം. ചാമ്പ്യൻസ്‌ബോട്ട്‌ ലീഗ്‌ ആറാം സീസണിലെ അവസാന മത്സരത്തിൽ വിജയികളായാണ്‌ പിബിസി അഞ്ചാം സിബിഎൽ കിരീടം സ്വന്തമാക്കിയത്‌. സിബിഎല്ലിന്റെ ആറ്‌ സീസണുകളിൽ അഞ്ചിലും വിജയികളാകുക എന്ന അപൂർവനേട്ടവും പള്ളാത്തുരുത്തി സ്വന്തമാക്കി. 2019, 2022, 2023, 2024, 2026 എന്നിങ്ങനെയാണ്‌ പിബിസിയുടെ കിരീടനേട്ടങ്ങൾ. 2025–ൽ വില്ലേജ്‌ ബോട്ട്‌ ക്ലബും വീയപുരം ചുണ്ടന്‌ മുന്നിൽമാത്രമാണ്‌ പിബിസി സിബിഎൽ കിരീടം കൈവിട്ടത്‌. നെഹ്‌റുട്രോഫി വിജയികളല്ലാത്ത മറ്റൊരു ടീം സിബിഎൽ വിജയികളാകുന്നതും ആദ്യം. 11 മത്സരങ്ങളിൽ അഞ്ചിലും ജയിച്ചാണ്‌ പിബിസിയുടെയും മേൽപ്പാടംചുണ്ടന്റെയും അഞ്ചാം കിരീടധാരണം (100 പോയിന്റ്‌). ​ആവേശം അവസാനനിമിഷം വരെ ചരിത്രത്തിലാദ്യമായി കിരീടപ്പോര്‌ സീസണിലെ അവസാന മത്സരത്തിലേക്ക്‌ എത്തിയതോടെ ആവേശത്തിലായിരുന്നു വള്ളംകളിലോകം. മേൽപ്പാടത്തിന്‌ ഒരു പോയിന്റ്‌ മാത്രം പിന്നിലായി കിരീടത്തിൽ കണ്ണുനട്ടെത്തിയ അരോമ ബോട്ട്‌ ക്ലബിനും അരോമ ചുണ്ടനും ഹീറ്റ്‌സിൽ പിഴച്ചു. കന്നിക്കിരീട മോഹത്തോടെ അഷ്‌ടമുടിക്കായലിൽ പ്രസിഡന്റ്സ്‌ ട്രോഫി മത്സരത്തിനിറങ്ങിയ അരോമ ഹീറ്റ്‌സിലെ സമയത്തിന്റെ അടിസ്ഥാനത്തിൽ ആറാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടതോടെ കിരീടമോഹം സ്വന്തം നെട്ടായത്തിന്റെ ആഴങ്ങളിലാണ്ടു. 11 മത്സരങ്ങളിൽ നാല്‌ വിജയത്തോടെ 96 പോയിന്റുമായി രണ്ടാം സ്ഥാനത്ത്‌. അടിയും തിരിച്ചടിയും ഉയർച്ചയും വീഴ്ചയും നിറഞ്ഞ സീസണിൽ തുടക്കംമുതൽ പ്രവചനാതീതമായിരുന്നു മത്സരങ്ങൾ. സംഘാടനത്തിലെ പ്രശ്നങ്ങൾ സീസണിന്റെ ശോഭ കെടുത്തിയെങ്കിലും ആവേശത്തിന് കുറവുണ്ടായില്ല. ചമ്പക്കുളം മൂലം ജലോത്സവത്തിലും നെഹ്റു ട്രോഫിയിലും മുത്തമിട്ട് കന്നിക്കാരായ അരോമ ചുണ്ടന്റെ അപരാജിത കുതിപ്പാണ്‌ തുടക്കത്തിൽ കണ്ടത്‌. കരുവാറ്റയിലും കൊല്ലം കല്ലടയിലും തുടർച്ചയായി വിജയം. രണ്ടിടത്തും നിരണം ബോട്ട് ക്ലബിന്റെ നിരണം ചുണ്ടനായിരുന്നു രണ്ടാമത്‌. പാണ്ടനാട്ടിൽ പാഞ്ഞെത്തിയ വീര്യം ആദ്യ മത്സരത്തിൽ മൂന്നാമതും രണ്ടാം മത്സരത്തിൽ നാലാമതുമെത്തിയ പള്ളാത്തുരുത്തി പാണ്ടനാട്ടിലെ മൂന്നാമങ്കത്തിൽ ചാട്ടുളിയായി. സ്വപ്നതുല്യമായ തിരിച്ചുവരവ്. പിന്നാലെ കോട്ടപ്പുറത്തും മറൈൻ ഡ്രൈവിലും പിറവത്തും. പോയിന്റ് പട്ടികയിലും മേൽപ്പാടവും പിബിസിയും ഒന്നാമനായി. കോട്ടയം താഴത്തങ്ങാടിയും ആലപ്പുഴ പുളിങ്കുന്നും പിടിച്ച്‌ അരോമയുടെ മറുപടി. പിബിസിയും അരോമയും ഒപ്പത്തിനൊപ്പം കുതിക്കുന്നതിനിടെ യുബിസി കൈനകരി എഫ്സിയുടെ വീയപുരം ചുണ്ടൻ ഉദിച്ചുയർന്നു. ആദ്യ സ്ഥാനക്കാർ നിറംമങ്ങിയ കൈനകരിയിലും കായംകുളത്തുമായിരുന്നു വീയപുരത്തിന്റെ വിജയക്കുതിപ്പ്‌. അവസാന മത്സരത്തിൽ അഷ്‌ടമുടിക്കായലിൽ വിജയവരതൊട്ട്‌ സീസണിലെ അഞ്ചാം വിജയവും ലീഗ്‌ കിരീടവും പള്ളാത്തുരുത്തി സ്വന്തമാക്കി. കുട്ടനാടിന്റെ വെള്ളിക്കിരീടം അരോമ ബോട്ട്‌ ക്ലബിന്റെ കൈക്കരുത്തിൽ കൊല്ലത്തെത്തിയപ്പോൾ, അരോമയുടെ നാട്ടിൽ പ്രസിഡന്റ്‌സ്‌ ട്രോഫിയും ചാമ്പ്യൻസ്‌ ബോട്ട്‌ ലീഗ്‌ കിരീടവും തൂക്കി പിബിസിയും മേൽപ്പാടവും വള്ളംകളി സീസൺ അവസാനിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

KSEB Office

01

print edition മുൻ എൽഡിഎഫ് സർക്കാർ
ചട്ടം ലംഘിച്ചിട്ടില്ല; റെഗുലേറ്ററി കമീഷന് കെഎസ്ഇബിയുടെ മറുപടി
Kerala PSC Office

03

print edition പിഎസ്‍സിക്കെതിരായ അന്വേഷണം: ‘ഞെട്ടിച്ച കേസുകൾ’നുണക്കഥ
deshabhimani section

Recommended

Deshabhimani
Home