പെരുമ്പടപ്പ് -കുമ്പളങ്ങിവഴി റോഡ്
റോഡ് വീതികൂട്ടൽ വീണ്ടും അവതാളത്തിൽ

പള്ളുരുത്തി
എൽഡിഎഫ് സർക്കാർ വിഭാവനംചെയ്ത പെരുമ്പടപ്പ്- കുമ്പളങ്ങിവഴി റോഡ് വീതികൂട്ടുന്നതിന്റെ പ്രവർത്തനങ്ങൾ വീണ്ടും അവതാളത്തിൽ. അലൈൻമെന്റ് കല്ല് സ്ഥാപിച്ച് മാസങ്ങൾ പിന്നിട്ടിട്ടും മറ്റ് നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കാത്തതിൽ നാട്ടുകാർക്ക് വലിയ പ്രതിഷേധമാണുള്ളത്. കുമ്പളങ്ങിവഴിമുതൽ പെരുമ്പടപ്പ് സാന്താക്രൂസ് പള്ളിവരെയുള്ള 1.7 കിലോമീറ്റർ റോഡാണ് വീതികൂട്ടുന്നത്. റോഡിന് ഇരുവശത്തുമായി നൂറോളം അലൈൻമെന്റ് കല്ലുകൾ ജൂണിൽ സ്ഥാപിച്ചു. പിന്നീട് ഒരു പ്രവർത്തനവും നടന്നില്ല. എം സ്വരാജ് എംഎൽഎ ആയിരിക്കുമ്പോഴാണ് 2016-–17 ബജറ്റിൽ 2.98 കോടി രൂപ റോഡ് വീതികൂട്ടാനായി അനുവദിച്ചത്. അന്ന് സാങ്കേതികതടസ്സങ്ങൾ നീക്കി നിർമാണം ആരംഭിക്കാനിരിക്കെയാണ് മണ്ഡലത്തിൽ കെ ബാബു വിജയിച്ചത്. റോഡ് വികസനത്തിനായി കഴിഞ്ഞ എൽഡിഎഫ് സർക്കാർ 7.11 കോടി രൂപ അനുവദിക്കുകയും ഇതിൽനിന്ന് 33.86 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പ് സർവേ വകുപ്പിന് കൈമാറുകയും ചെയ്തു. മൂന്നുവർഷംമുന്പ് പണം കൈമാറിയെങ്കിലും കെ ബാബു എംഎൽഎ യാതൊരു ഇടപെടലും നടത്താത്തതിനാൽ പദ്ധതി ഒരിടത്തുമെത്തിയില്ല. പദ്ധതിക്ക് പണം അനുവദിച്ചിട്ടും നിലവിലെ എംഎൽഎ ദീപക് ജോയിയും വേണ്ട പരിഗണന പെരുമ്പടപ്പ് -കുമ്പളങ്ങിവഴി റോഡിന് നൽകാത്തതാണ് പദ്ധതി അവതാളത്തിലായത്. പെരുമ്പടപ്പിലെ ഇടുങ്ങിയ റോഡ് വീതികൂട്ടണമെന്നത് നാളുകളായി നാട്ടുകാരുടെ ആവശ്യമാണ്. അനുവദിക്കപ്പെട്ട പണം ഉപയോഗപ്പെടുത്തി എത്രയുംവേഗം റോഡ് വീതികൂട്ടി ജനങ്ങളുടെ യാത്രക്ലേശം പരിഹരിക്കണമെന്ന് സിപിഐ എം പള്ളുരുത്തി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.








0 comments