ad
Deshabhimani

ഡിജിറ്റൽ മാർക്കറ്റ്സ് ആക്ട് ലംഘനം: ഗൂഗിളിന് 890 ദശലക്ഷം യൂറോ പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ

google
വെബ് ഡെസ്ക്

Published on Jul 24, 2026, 11:38 AM | 2 min read

ബ്രസൽസ് : തങ്ങളുടെ വിപണി ആധിപത്യം ദുരുപയോഗം ചെയ്ത് സ്വന്തം ആപ്പുകൾക്കും സേവനങ്ങൾക്കും മുൻഗണന നൽകിയെന്ന കേസിൽ പ്രമുഖ ടെക് കമ്പനിയായ ഗൂഗിളിന് യൂറോപ്യൻ യൂണിയൻ 890 ദശലക്ഷം യൂറോ (ഏകദേശം 8,000 കോടിയിലധികം രൂപ) പിഴ ചുമത്തി. വൻകിട ടെക് കമ്പനികളുടെ വിപണിയിലെ അനാവശ്യ ഇടപെടലുകൾ തടയാനായി ഇയു നടപ്പിലാക്കിയ ഡിജിറ്റൽ മാർക്കറ്റ്സ് ആക്ട് പ്രകാരം ഒരു കമ്പനിക്കെതിരെ സ്വീകരിക്കുന്ന ആദ്യത്തെ പ്രധാന നടപടിയാണിത്.


ഗൂഗിളിന്റെ ഇത്തരം നിലപാടുകൾ ഉപഭോക്താക്കളുടെ തെരഞ്ഞെടുപ്പുകളെ പരിമിതപ്പെടുത്തുകയും മറ്റ് എതിരാളികളായ കമ്പനികൾക്ക് വിപണിയിൽ തുല്യ അവസരം ലഭിക്കുന്നത് തടയുകയും ചെയ്തുവെന്ന് യൂറോപ്യൻ കമ്മീഷൻ വ്യക്തമാക്കുന്നു. രണ്ട് വ്യത്യസ്ത നിയമലംഘനങ്ങൾ മുൻനിർത്തിയാണ് പിഴ തുക തരംതിരിച്ചിരിക്കുന്നത്. ഫ്ലൈറ്റ്, ഹോട്ടൽ ബുക്കിങ് സേവനങ്ങളിൽ മറ്റ് കമ്പനികളേക്കാൾ ഗൂഗിൾ സ്വന്തം സേവനങ്ങൾക്കും ഉൽപ്പന്നങ്ങൾക്കും കൂടുതൽ പ്രാധാന്യവും ഉയർന്ന റാങ്കിങും നൽകിയതിന് 460 ദശലക്ഷം യൂറോയും, പ്ലേ സ്റ്റോറിന് പുറത്ത് ലഭ്യമാകുന്ന വിലക്കുറവുള്ള ഓഫറുകളെക്കുറിച്ച് ഉപഭോക്താക്കളെ അറിയിക്കുന്നതിൽ നിന്ന് ഡെവലപ്പർമാരെ തടഞ്ഞതിന് 430 ദശലക്ഷം യൂറോയുമാണ് പിഴ ചുമത്തിയത്.


എന്നാൽ, ഇയു ഉത്തരവിനെതിരെ ശക്തമായ വിമർശനവുമായി ഗൂഗിൾ രംഗത്തെത്തി. ഇയുവിന്റെ പുതിയ ആവശ്യങ്ങൾ യൂറോപ്പിലെ ലക്ഷക്കണക്കിന് ഉപഭോക്താക്കൾ ഉപയോഗിക്കുന്ന സേവനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് ഗൂഗിൾ ഗ്ലോബൽ അഫയേഴ്സ് പ്രസിഡന്റ് കെന്റ് വാക്കർ പറഞ്ഞു. ഫ്ലൈറ്റ്, ഹോട്ടൽ, റെസ്റ്റോറന്റ് എന്നിവയുടെ തത്സമയ വിവരങ്ങൾ നൽകുന്ന ജനപ്രിയ ഫീച്ചറുകൾ ഒഴിവാക്കാനും പ്ലേ സ്റ്റോറിലെ സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താനും കമ്പനി നിർബന്ധിതരാകുകയാണെന്നും ഇത് ന്യായമായ മത്സരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


വിപണിയിൽ മുന്നിൽ നിൽക്കുന്ന കമ്പനികൾ മറ്റുള്ളവരെ അടിച്ചമർത്തുന്നത് തടയാൻ ഇത്തരം നടപടികൾ ആവശ്യമാണെന്ന് ഇയു ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം കൊണ്ടായിരിക്കണം കമ്പനികൾ വിജയിക്കേണ്ടത് അല്ലാതെ വിപണിയിലെ ആധിപത്യം കൊണ്ടല്ലെന്ന് ഇയു കോമ്പറ്റീഷൻ ചീഫ് അഭിപ്രായപ്പെട്ടു. തങ്ങളുമായി സഹകരിക്കുന്ന മറ്റ്‌ കമ്പനികൾക്കും വിപണിയിൽ നവീകരണങ്ങൾ നടത്താൻ സാഹചര്യം ഒരുക്കുകയാണ് തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇയു ടെക് മേധാവിയും വ്യക്തമാക്കി.


അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്‌ ട്രംപുമായുള്ള നയതന്ത്ര-വ്യാപാര ബന്ധങ്ങളെ ബാധിച്ചേക്കാമെന്ന ആശങ്ക കാരണമാണ് തീരുമാനത്തിൽ ഇത്രയും കാലതാമസമുണ്ടായതെന്ന് സെന്റർ ഓൺ റെഗുലേഷൻ ഇൻ യൂറോപ്പിലെ റിസർച്ച് ഡയറക്ടർ സാക്ക് മെയർസ് നിരീക്ഷിച്ചു. നിയമങ്ങൾ പാലിക്കുന്നതിനോ അല്ലെങ്കിൽ ഈ ഉത്തരവിനെതിരെ കോടതിയെ സമീപിക്കുന്നതിനോ ഗൂഗിളിന് 60 ദിവസത്തെ സമയമാണ് യൂറോപ്യൻ കമീഷൻ അനുവദിച്ചിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home