അന്യജാതിക്കാരനെ വിവാഹം കഴിച്ചു; ഗർഭിണിയായ 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത് സമുദായ നേതാക്കൾ

പ്രതീകാത്മക ചിത്രം
റായ്‌പൂർ: അന്യജാതിക്കാരനെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ അഞ്ച് മാസം ഗർഭിണിയായ പതിനേഴുകാരിയെ ബന്ധുക്കളും സമുദായ നേതാക്കളുമായ രണ്ട് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. ഛത്തീസ്ഗഡിലെ കോരിയ ജില്ലയിലാണ് ഈ ക്രൂരസംഭവം നടന്നത്. പെൺകുട്ടിയെ തടവിലാക്കി പീഡിപ്പിച്ച പ്രതികൾ, ഗർഭം അലസിപ്പിക്കാൻ നിർബന്ധിച്ച് മരുന്ന് നൽകുകയും ചെയ്തു.
പെൺകുട്ടിയുടെ ഭർത്താവ് വീട്ടിലില്ലാതിരുന്ന സമയത്താണ് സമുദായ നേതാക്കളായ രണ്ട് ബന്ധുക്കൾ ഭർതൃഗൃഹത്തിൽ എത്തിയത്. ഭർതൃവീട്ടുകാരുടെ എതിർപ്പ് വകവെക്കാതെ ഇവർ പെൺകുട്ടിയെ ബലമായി തട്ടിക്കൊണ്ടുപോവുകയായിരുന്നു. സൂരജ്പൂർ ജില്ലയിലുള്ള ഒരു ഒഴിഞ്ഞ പലചരക്ക് കടയിൽ പെൺകുട്ടിയെ ദിവസങ്ങളോളം പൂട്ടിയിടുകയും പലതവണ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു.
പെൺകുട്ടി അഞ്ചുമാസം ഗർഭിണിയാണെന്ന് മനസ്സിലാക്കിയ പ്രതികൾ നിർബന്ധിച്ച് ഗർഭഛിദ്രത്തിനുള്ള മരുന്നുകൾ നൽകി. ഗർഭം അലസിപ്പിക്കാനായി ഇവർ പെൺകുട്ടിയുടെ വയറ്റിൽ ബലമായി അമർത്തി മർദിച്ചതായും അതിജീവിത പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
ഗർഭഛിദ്രത്തിനായി കൂടുതൽ മരുന്നുകൾ വാങ്ങാനായി പ്രതികൾ പെൺകുട്ടിയെ ഒരു മെഡിക്കൽ സ്റ്റോറിലേക്ക് അയച്ചു. ഈ അവസരം മുതലെടുത്ത് പെൺകുട്ടി ഭർത്താവിനെ ഫോണിൽ വിളിച്ച് തന്റെ അവസ്ഥ അറിയിക്കുകയായിരുന്നു. തുടർന്ന് ഭർത്താവ് പോലീസിൽ പരാതി നൽകുകയും പെൺകുട്ടിയെ മോചിപ്പിക്കുകയുമായിരുന്നു.
ചന്ദ്‌നി-ബിഹാർപൂർ മേഖലയിൽ നിന്ന് പിടിയിലായ അമ്പതിലധികം പ്രായമുള്ള രണ്ട് പ്രതികൾക്കെതിരെ കേസെടുത്തു. മാസങ്ങൾക്ക് മുൻപ് പെൺകുട്ടിയെ കാണാതായ സമയത്ത് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പെൺകുട്ടി അന്യജാതിയിലുള്ള യുവാവിനെ വിവാഹം കഴിച്ചതറിഞ്ഞപ്പോൾ ഇവർ പരാതി പിൻവലിക്കുകയായിരുന്നു.









0 comments