ad
Deshabhimani

മഴക്കെടുതിയിൽ വിറച്ച് കശ്മീർ: ജമ്മു-ശ്രീനഗർ ദേശീയപാത മൂന്നാം ദിവസവും അടഞ്ഞുതന്നെ; മരണം 26 ആയി

jk
വെബ് ഡെസ്ക്

Published on Jul 24, 2026, 12:19 PM | 2 min read

ജമ്മു: തുടർച്ചയായ ആറ് ദിവസമായി പെയ്യുന്ന കനത്ത മഴയിലും മേഘവിസ്ഫോടനത്തിലും പ്രളയത്തിലും വിറച്ച് ജമ്മു കശ്മീർ. മഴക്കെടുതികളിൽ ഇതുവരെ 26 പേർ കൊല്ലപ്പെടുകയും 6 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഉരുൾപൊട്ടലും മണ്ണിടിച്ചിലും ആവര്‍ത്തിച്ചതിന് പിന്നാലെ റോഡ് ഒലിച്ചുപോയതും കാരണം ജമ്മു-ശ്രീനഗർ ദേശീയപാത (NH-44) തുടർച്ചയായ മൂന്നാം ദിവസവും അടഞ്ഞുകിടക്കുകയാണ്.


കനത്ത മഴ, പ്രളയം, മേഘവിസ്ഫോടനം എന്നിവ കാരണം ജമ്മു മേഖലയിൽ മാത്രം 26 പേർ മരിച്ചു. പൂഞ്ച്, രജൗരി എന്നീ അതിർത്തി ജില്ലകളിൽ 6 പേരെ കാണാതായിട്ടുണ്ട്. നദികളും അരുവികളും കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. വീടുകൾക്കും കടകൾക്കും പൊതു അടിസ്ഥാനസൗകര്യങ്ങൾക്കും വലിയ നാശനഷ്ടമുണ്ടായി.


കശ്മീരിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഏക പ്രധാന റോഡായ 250 കിലോമീറ്റർ ദൈർഘ്യമുള്ള ജമ്മു-ശ്രീനഗർ ദേശീയപാത പലയിടത്തായി തടസ്സപ്പെട്ടിരിക്കുകയാണ്. ഉധംപൂർ ജില്ലയിലെ ദിയോഹൽ പാലം, സംറോളി, ജഖാനി, റംബാൻ ജില്ലയിലെ ബനിഹാൾ എന്നിവിടങ്ങളിൽ റോഡ് മുറിഞ്ഞു. മണ്ണിടിച്ചിലും റോഡ് തകർച്ചയും കാരണം ദോഡ-കിഷ്ത്വാർ റോഡ് ഉൾപ്പെടെ പന്ത്രണ്ടിലധികം അന്തർജില്ലാ റോഡുകൾ അടച്ചു.


മുഗൾ റോഡും ശ്രീനഗർ-സോനാമാർഗ്-ഗുമ്രി (SSG) റോഡും മാത്രമാണ് ഗതാഗതയോഗ്യമായി തുടരുന്നത്. റംബാൻ, നഗ്രോത, ജമ്മു, ഉധംപൂർ, ലഖൻപൂർ, സാംബ എന്നിവിടങ്ങളിലായി 1,000-ത്തിലധികം വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു. റോഡ് പൂർണ്ണമായും സുരക്ഷിതമാകുന്നതുവരെ യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് ട്രാഫിക് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.



Related News

കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് മേഖലയിലെ പ്രമുഖ സഞ്ചാര കേന്ദ്രങ്ങൾ എല്ലാം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ശ്രീ അമർനാഥ് യാത്രാ, മാതാ വൈഷ്ണോ ദേവി, ശിവ് ഖോരി, മചൈൽ തീർത്ഥാടനങ്ങൾ നിര്‍ത്തി. 15,000-ത്തിലധികം തീർത്ഥാടകർ ജമ്മു, കത്വ, സാംബ, ഉധംപൂർ, റംബാൻ, ബനിഹാൾ എന്നിവിടങ്ങളിലെ ബേസ് ക്യാമ്പുകളിലും ലോഡ്ജിംഗ് സെന്ററുകളിലും കുടുങ്ങിക്കിടക്കുന്നുണ്ട്. ശ്രീനഗറിൽ കുടുങ്ങിയ 600-ലധികം വിനോദസഞ്ചാരികളെ അധികൃതർ ജമ്മുവിലേക്ക് സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ചു.


കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിയത് ഉധംപൂരിലാണ് (96.5 mm). ചെനാബ് വാലി, ഉധംപൂർ, ജമ്മു, സാംബ, കത്വ എന്നീ ജില്ലകളിലും ദക്ഷിണ കശ്മീരിലും ഇനിയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ സീസണിൽ ഉണ്ടായ മഴക്കെടുതികളിൽ 41 പേര്‍ മരണപ്പെട്ടിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home