കുട്ടികൾക്ക് സോഷ്യൽ മീഡിയ നിയന്ത്രണം?; മെറ്റയ്‌ക്കെതിരെ യൂറോപ്യൻ യൂണിയന്റെ നിർണായക നടപടി

പ്രതീകാത്മക ചിത്രം |Photo: NDTV
ബ്രസൽസ് : ഉപഭോക്താക്കളെ സോഷ്യൽ മീഡിയയിൽ തന്നെ ആകർഷിച്ചു നിർത്തുന്നതിനായി ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം ആപ്പുകൾ പ്രത്യേകം രൂപകൽപ്പന ചെയ്തതാണെന്ന് ചൂണ്ടിക്കാട്ടി മെറ്റയ്‌ക്കെതിരെ യൂറോപ്യൻ യൂണിയൻ കുറ്റപത്രം സമർപ്പിച്ചു. ആപ്പുകളിലെ 'ഓട്ടോപ്ലേ', 'ഇൻഫിനിറ്റ് സ്ക്രോളിംഗ്' തുടങ്ങിയ ഫീച്ചറുകൾ ഡിജിറ്റൽ നിയമങ്ങളുടെ ലംഘനമാണെന്ന് യൂറോപ്യൻ കമ്മീഷൻ വെള്ളിയാഴ്ച പുറത്തുവിട്ട പ്രാഥമിക കണ്ടെത്തലിൽ വ്യക്തമാക്കുന്നു. ഈ ഫീച്ചറുകളിൽ മാറ്റം വരുത്താൻ തയ്യാറായില്ലെങ്കിൽ വൻ തുക പിഴയീടാക്കുമെന്നും മുന്നറിയിപ്പുണ്ട്.
വ്യാജവും ദോഷകരവുമായ ഉള്ളടക്കങ്ങൾ തടയുന്നതിനായി യൂറോപ്യൻ യൂണിയൻ കൊണ്ടുവന്ന ഡിജിറ്റൽ സർവീസസ് ആക്ട് പ്രകാരം രണ്ട് വർഷമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഈ നടപടി. ഫേസ്ബുക്കിലെയും ഇൻസ്റ്റഗ്രാമിലെയും റീലുകൾ, സ്റ്റോറികൾ എന്നിവ അമിതമായ ഉപയോഗത്തിന് കാരണമാകുന്നുണ്ടെന്ന് റെഗുലേറ്റർമാർ വിലയിരുത്തി. തുടർച്ചയായി പുതിയ ഉള്ളടക്കങ്ങൾ നൽകി ഉപഭോക്താക്കളെ കൂടുതൽ സമയം ആപ്പിൽ തന്നെ നിലനിർത്തുന്ന പേഴ്സണലൈസ്ഡ് റെക്കമന്റേഷൻ സംവിധാനങ്ങൾ മൂലമുണ്ടാകുന്ന അഡിക്ഷൻ
അപകടങ്ങളെക്കുറിച്ച് കൃത്യമായ വിലയിരുത്തൽ നടത്തുന്നതിൽ മെറ്റ പരാജയപ്പെട്ടതായും കമ്മീഷൻ കുറ്റപ്പെടുത്തി.
കുട്ടികളുടെ മാനസികാരോഗ്യത്തെ ഇത്തരം പ്ലാറ്റ്‌ഫോമുകൾ ദോഷകരമായി ബാധിക്കുന്നുവെന്ന ആശങ്ക ആഗോളതലത്തിൽ ശക്തമാകുന്നതിനിടയിലാണ് യൂറോപ്യൻ യൂണിയന്റെ നിർണായക നീക്കം. ആപ്പുകളിലെ ഓട്ടോപ്ലേ, ഇൻഫിനിറ്റ് സ്ക്രോളിംഗ് ഫീച്ചറുകൾ ഡിഫോൾട്ടായി ഓഫാക്കി വെക്കുക, സ്‌ക്രീൻ ടൈം ബ്രേക്കുകൾ ഏർപ്പെടുത്തുക, റെക്കമന്റേഷൻ സിസ്റ്റത്തിന്റെ സ്വാധീനം കുറയ്ക്കുക എന്നിവയാണ് മെറ്റയ്ക്ക് നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ.
എന്നാൽ യൂറോപ്യൻ കമ്മീഷന്റെ ഈ കണ്ടെത്തലുകളോട് യോജിക്കുന്നില്ലെന്ന് മെറ്റ വക്താവ് ബെൻ വാൾട്ടേഴ്‌സ് പ്രതികരിച്ചു. കൗമാരക്കാരുടെ സുരക്ഷയ്ക്കായി തങ്ങൾ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും, രാത്രികാലങ്ങളിൽ ഇൻസ്റ്റഗ്രാം ഉപയോഗം തടയാനും ദിവസേനയുള്ള സ്‌ക്രീൻ ടൈം 15 മിനിറ്റായി ചുരുക്കാനും മാതാപിതാക്കൾക്ക് സാധിക്കുന്ന ടീൻ അക്കൗണ്ടുകൾ ഇതിനകം അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മെറ്റയുടെ വാർഷിക ആഗോള വിറ്റുവരവിന്റെ ആറ് ശതമാനം വരെ പിഴ ചുമത്താൻ വ്യവസ്ഥയുള്ളതാണ് ഈ നിയമം. വരുന്ന മാസങ്ങളിൽ കമ്മീഷൻ അന്തിമ തീരുമാനം എടുക്കുന്നതിന് മുൻപ് മെറ്റയ്ക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കാൻ അവസരമുണ്ട്. റീലുകളും സ്റ്റോറികളും കുട്ടികളിൽ അമിത അഡിക്ഷൻ ഉണ്ടാക്കുന്നുണ്ട്. 13 വയസ്സിന് താഴെയുള്ള കുട്ടികൾ ഈ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നത് തടയുന്നതിൽ മെറ്റ പരാജയപ്പെട്ടതായി കഴിഞ്ഞ ഏപ്രിലിലും ഇയു കുറ്റപ്പെടുത്തിയിരുന്നു. അൽഗോരിതം വഴി ഉപഭോക്താക്കളെ കൂടുതൽ തീവ്രമായ ഉള്ളടക്കങ്ങളിലേക്ക് നയിക്കുന്ന 'റാബിറ്റ് ഹോൾ' പ്രതിഭാസത്തെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ഓസ്‌ട്രേലിയയിൽ 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിച്ചതിന് പിന്നാലെ ഫ്രാൻസ് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളും സമാനമായ നിരോധനത്തിനായി സമ്മർദ്ദം ചെലുത്തുന്നുണ്ട്. കുട്ടികളെ സുരക്ഷിതരാക്കുന്നതിനുള്ള വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് തിങ്കളാഴ്ച സമർപ്പിക്കുന്നതോടെ യൂറോപ്പിൽ കൗമാരക്കാർക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തുന്നത് സംബന്ധിച്ച പ്രഖ്യാപനം സെപ്റ്റംബറിലെ യൂറോപ്യൻ യൂണിയൻ യോഗത്തിൽ ഉണ്ടായേക്കുമെന്നാണ് സൂചന. അമേരിക്കയിലും മെറ്റ, യൂട്യൂബ് പ്ലാറ്റ്‌ഫോമുകൾ കുട്ടികളിൽ ദോഷകരമായ അഡിക്ഷൻ ഉണ്ടാക്കുന്നുവെന്ന് കോടതി കണ്ടെത്തിയിരുന്നു.











0 comments