ad
Deshabhimani

ആപ്പിൾ പ്രേമികളുടെ പോക്കറ്റ് കീറും; മാക്ബുകിനും ഐപാഡിനും വിലകൂട്ടി

Apple

പ്രതീകാത്മക ചിത്രം | REUTERS/Dado Ruvic/Illustration/File

വെബ് ഡെസ്ക്

Published on Jun 26, 2026, 04:14 PM | 2 min read

മുംബൈ : ഇന്ത്യയിൽ മാക്ബുക്, ഐപാഡ് ശ്രേണിയിലെ ഉല്പന്നങ്ങളുടെ വില കുത്തനെ വർധിപ്പിച്ച് ആപ്പിൾ. ചില പ്രീമിയം മോഡലുകൾക്ക് ഒരു ലക്ഷം രൂപ വരെയാണ് വില ഉയർന്നിരിക്കുന്നത്. വില വർധനവുണ്ടാകുമെന്ന് ആപ്പിൾ സിഇഒ ടിം കുക്ക് ദിവസങ്ങൾക്ക് മുൻപ് തന്നെ സൂചന നൽകിയിരുന്നു. പുതിയ നിരക്കുകൾ ആപ്പിൾ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.


നിരവധി മാക്ബുക്ക് മോഡലുകൾ വിപണിയിലെത്തിയ സമയത്തെ നിരക്കിനേക്കാൾ വലിയ വില വർധനവിലാണ് ഇപ്പോൾ ആപ്പിൾ വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. മാക്ബുക്ക് എയർ, മാക്ബുക്ക് പ്രോ വേരിയന്റുകൾക്ക് പുറമെ ആപ്പിളിന്റെ പുതിയ ബഡ്ജറ്റ് ലാപ്‌ടോപ്പിന്റെ വിലയും കമ്പനി ഉയർത്തിയിട്ടുണ്ട്. ഇന്ത്യയിൽ മാത്രമല്ല അമേരിക്കൻ വിപണിയിലും ആപ്പിൾ ഈ വില വർധനവ് നടപ്പിലാക്കിയിട്ടുണ്ട്.


എം5 ചിപ്പോടുകൂടിയ മാക്ബുക് എയറിന്റെ (13 ഇഞ്ച്) പ്രാരംഭ വില 1,19,900 രൂപയായിരുന്നെങ്കിൽ, ഇപ്പോൾ അത് 30,000 രൂപയുടെ വർധനവോടെ 1,49,900 രൂപയിലെത്തി. ഇതേ ശ്രേണിയിലെ 15 ഇഞ്ച് വേരിയന്റിന്റെ വില 1,44,900 രൂപയിൽ നിന്ന് 35,000 രൂപ ഉയർന്ന് 1,79,900 രൂപയായി മാറി.


മാക്ബുക്ക് പ്രോ ശ്രേണിയിലാണ് വില വർധനവ് ഏറ്റവും കൂടുതൽ പ്രകടമായിരിക്കുന്നത്. എം5 ചിപ്പും 16 ജിബി റാമുള്ള ബേസ് 14 ഇഞ്ച് മാക്ബുക്ക് പ്രോ മുൻപ് 1,69,900 രൂപക്കാണ് പുറത്തിറങ്ങിയത്. ഇതിപ്പോൾ 2,39,900 രൂപക്കാണ് വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 70,000 രൂപയുടെ വൻ വർധനവാണ് വന്നിരിക്കുന്നത്. ഇന്ത്യയിൽ സമീപകാലത്ത് ആപ്പിൾ വരുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്.


ഏറ്റവും കുറഞ്ഞ നിരക്കിൽ ആപ്പിൾ വിപണിയിലെത്തിച്ച ‘മാക്ബുക്ക് നിയോ’യുടെ വിലയിൽ 10,000 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്. വിദ്യാർഥികളെ ലക്ഷ്യമിട്ട് പുറത്തിറക്കിയ ഈ ബജറ്റ് മോഡലിന്റെ വില വർധനവ് ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയാവും. അതേസമയം മാക്ബുക് പ്രോ (14 ഇഞ്ച്) എം5 മാക്‌സ് വേരിയന്റിന് ഒറ്റയടിക്ക് 1 ലക്ഷം രൂപയാണ് കൂട്ടിയിരിക്കുന്നത്.


ഐപാഡ് ശ്രേണിയിലും സമാനമായ രീതിയിൽ വില കുത്തനെ ഉയർന്നിട്ടുണ്ട്. എം4 പ്രോസസ്സറുള്ള 11 ഇഞ്ച് ഐപാഡ് എയർ മുൻപ് 64,900 രൂപക്കാണ് ലഭിച്ചിരുന്നത്. ഇപ്പോൾ അത് 25,000 രൂപയുടെ വർധനവോടെ 89,900 രൂപയായി. കഴിഞ്ഞ വർഷം 99,990 രൂപക്ക് വിപണിയിലെത്തിയ എം5 ചിപ്പും 256 ജിബി ബേസ് സ്റ്റോറേജുമുള്ള ഐപാഡ് പ്രോയുടെ വില ഇപ്പോൾ 1,39,900 രൂപയായും വർധിച്ചു.


മെമ്മറിയാണ് ആപ്പിളിന്റെ വിപണന തന്ത്രത്തിലെ ഏറ്റവും നിർണായകമായ ഘടകം. ഉയർന്ന ബേസ് റാം, യൂണിഫൈഡ് മെമ്മറി ആർക്കിടെക്ചർ എന്നിവയോടെയാണ് പുതിയ മാക്ബുകുകളും ഐപാഡുകളും വിപണിയിലെത്തുന്നത്. എന്നാൽ എഐ കുതിപ്പോടെ ഇത്തരം മെമ്മറി ചിപ്പുകളുടെ ലഭ്യത കുറയുകയും വില കുത്തനെ ഉയരുകയും ചെയ്തതാണ് ഇപ്പോഴത്തെ വിലവർധനവിന് പ്രധാന കാരണം.


ഘടകഭാഗങ്ങളുടെ വില ഇത്രയും വേഗത്തിൽ വർധിക്കുന്നത് ഇതിനുമുമ്പ് കണ്ടിട്ടില്ലെന്നാണ് ആപ്പിൾ വ്യക്തമാക്കുന്നത്. ആപ്പിളിന്റെ ഈ വിലവർധനവ് വിദ്യാർഥികൾ, പഴയ മോഡലുകളിൽ നിന്ന് പുതിയതിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്ന പ്രൊഫഷണലുകൾ, ആപ്പിൾ ഇക്കോസിസ്റ്റത്തിലേക്ക് പുതുതായി പ്രവേശിക്കാൻ ഒരുങ്ങുന്ന ഉപയോക്താക്കൾ എന്നിവരുടെ തീരുമാനങ്ങളെ വലിയ രീതിയിൽ സ്വാധീനിക്കാൻ ഇടയുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home