ad
Deshabhimani

പറന്നുയർന്ന് ആൻസി സോജൻ! അഞ്ജു ബോബി ജോർജിന്റെ റെക്കോഡ് ഇനി ചരിത്രം

Ancy Sojan

ആൻസി സോജൻ (Image Credit : X)

വെബ് ഡെസ്ക്

Published on Jun 27, 2026, 09:15 PM | 1 min read

ഭുവനേശ്വർ : ഇന്ത്യൻ കായിക ചരിത്രത്തിൽ പുതിയൊരധ്യായം ചേർത്ത് ആൻസി സോജൻ. രണ്ട് പതിറ്റാണ്ടിലേറെയായി തുടരുന്ന അഞ്ജു ബോബി ജോർജിന്റെ ദേശീയ റെക്കോഡാണ് മലയാളി താരം ആൻസി സോജൻ തിരുത്തിയത്. നാഷണൽ ഇന്റർ സ്റ്റേറ്റ് സീനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 6.88 മീറ്റർ ദൂരം ചാടിയാണ് ആൻസി ഇന്ത്യൻ കായിക രംഗത്തെ എക്കാലത്തെയും മികച്ച ചരിത്ര മുഹൂർത്തങ്ങളിലൊന്ന് തിരുത്തിക്കുറിച്ചത്. ഇതോടെ ഏഷ്യൻ ​ഗെയിംസ് യോ​ഗ്യതയും ആൻസി നേടി.


അഞ്ചാം ശ്രമത്തിലാണ് താരം ഈ സുവർണ നേട്ടം കൈവരിച്ചത്. 2004ലെ ഏഥൻസ് ഒളിമ്പിക്‌സിൽ അഞ്ജു സ്ഥാപിച്ച 6.83 മീറ്റർ എന്ന റെക്കോഡാണ് ഇതോടെ ചരിത്രമായി മാറിയത്. രാജ്യത്തെ ഫീൽഡ് ഇനങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു സുപ്രധാന നാഴികക്കല്ലാണ്.


ഏഷ്യൻ കായിക ചരിത്രത്തിന്റെ മുൻനിരയിലേക്കും ഈ പ്രകടനത്തോടെ ആൻസി കുതിച്ചെത്തി. 6.88 മീറ്റർ എന്ന ദൂരം ഏഷ്യൻ ഭൂഖണ്ഡത്തിന്റെ ചരിത്രത്തിലെ എട്ടാമത്തെ മികച്ച പ്രകടനമാണ്. രണ്ട് പതിറ്റാണ്ടിനിടെ 6.85 മീറ്റർ കടക്കുന്ന രണ്ടാമത്തെ ഏഷ്യൻ വനിതയായി ആൻസി മാറി. അന്താരാഷ്ട്ര തലത്തിൽ ഒരു ഇന്ത്യൻ കായികതാരമെന്ന നിലയിൽ തന്റെ പ്രകടനമികവ് തെളിയിച്ചിരിക്കുകയാണ് ആൻസി.


Ancy SojanImage Credit : Athletics Federation of India/Facebook

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച അത്‌ലറ്റുകളിൽ ഒരാളായ അഞ്ജു ബോബി ജോർജ് സ്വന്തം പേരിൽ രണ്ട് പതിറ്റാണ്ടിലേറെയായി നിലനിർത്തിയ ദേശീയ റെക്കോർഡ് കായിക മികവിന്റെ പ്രതീകമായിരുന്നു. 2003ൽ പാരിസിൽ നടന്ന വേൾഡ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടി ടൂർണമെന്റിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരവും അഞ്ജുവായിരുന്നു. അഞ്ജുവിന്റെ നേട്ടങ്ങൾ പിന്നീട് വന്ന ലോങ് ജമ്പ് താരങ്ങൾക്ക് എക്കാലത്തും പ്രചോദനമായിരുന്നു.


കരിയറിലെ ഏറ്റവും മികച്ച അധ്യായമാണ് ഈ നേട്ടത്തിലൂടെ ആൻസി എഴുതിച്ചേർത്തത്. ഇന്ത്യൻ നേവിയെ പ്രതിനിധീകരിച്ച് മത്സരിച്ച ആൻസി 2023ലെ ഹാങ്‌ഷൗ ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയിരുന്നു. തുടർന്ന് 2025ലെ ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലും വെള്ളി മെഡൽ സ്വന്തമാക്കി. ഈ വർഷം അവസാനം വേൾഡ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് നടക്കാനിരിക്കെയാണ് ആൻസി പുതിയ ദേശീയ റെക്കോർഡിട്ടത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home