ad
Deshabhimani

ടെലഗ്രാഫ്‌ മുൻ എഡിറ്ററുടെ പാസ്‌പോർട്ട്‌ പുതുക്കിനൽകാതെ അധികൃതർ

r rajagopal.jpg
avatar
സ്വന്തം ലേഖകൻ

Published on Jun 27, 2026, 09:54 PM | 1 min read

ന്യൂഡൽഹി: ടൈലിഗ്രാഫ്‌ മുൻ എഡിറ്ററുടെ വോട്ടവകാശം നിഷേധിച്ചതിന്‌ പിന്നാലെ പാസ്‌പോർട്ടും പുതുക്കി നൽകാതെ കേന്ദ്ര സർക്കാർ. വോട്ടർപ്പട്ടികയിൽ പേരില്ലെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ആർ രാജഗോപാലിന്റെ പാസ്‌പോർട്ട്‌ സർക്കാർ പുതുക്കി നൽകാതിരുന്നത്‌. മാർച്ച്‌ പത്തൊൻപതിന്‌ രാജഗോപാൽ ബയോമെട്രിക് നടപടികൾ പൂർത്തിയാക്കിയെങ്കിലും വോട്ടർപട്ടികയിൽ പേരില്ലെന്ന്‌ ചൂണ്ടിക്കാട്ടി കൊൽക്കത്ത പോലീസ് പ്രതികൂല റിപ്പോർട്ട്‌ നൽകുകയായിരുന്നു.


പാസ്‌പോർട്ട്‌ പുതുക്കി ലഭിക്കാത്തതിനാൽ യുഎസിൽ നടന്ന മകളുടെ വിവാഹ ചടങ്ങിൽ രാജഗോപാലിന്‌ പങ്കെടുക്കാനായില്ല. എസ്‌ഐആർ പ്രക്രിയയുടെ ഭാഗമായാണ്‌ പശ്ചിമ ബംഗാളിലെ ബാലിഗഞ്ചിലുണ്ടായിരുന്ന രാജഗോപാലിന്റെ വോട്ട്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ വെട്ടിയത്‌. രാജഗോപാലിന്റെയോ അദ്ദേഹത്തിന്റെ പിതാവിന്റെയോ പേര്‌ 2002ലെ വോട്ടർപ്പട്ടികയിലില്ലെന്ന കാരണം പറഞ്ഞായിരുന്നു കമീഷൻ നടപടി. ഇതിനെതിരെ മാധ്യമപ്രവർത്തകൻ കോടതിയെ സമീപിച്ചിട്ടുണ്ട്‌.


പാസ്‌പോർട്ട്‌ പുതുക്കുന്നത് സംബന്ധിച്ച നടപടികൾക്കായി ഉടൻ കൊൽക്കത്തതയിലെ റീജിയണൽ പാസ്‌പോർട്ട് ഓഫീസിൽ ഹാജരാകാൻ രാജഗോപാലിനോട്‌ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഓഫീസിൽ ഹാജരാകാൻ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ടപ്പോൾ ജൂലൈ പതിനേഴിന്‌ ഹാജരാകണമെന്ന നിർദേശമാണ്‌ രാജഗോപാലിന്‌ ലഭിച്ചത്‌.



എസ്‌ഐആറിന്റെ വൃത്തികെട്ട വിഷപ്പല്ലാണ്‌ രാജഗോപാലിന്‌ പാസ്‌പോർട്ട്‌ നിഷേധിക്കുന്ന പ്രവൃത്തിയിലൂടെ പുറത്തുവരുന്നതെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. ലക്ഷക്കണക്കിന്‌ ആളുകൾക്ക്‌ അവരുടെ ഭരണഘടനാപരമായ വോട്ടവകാശം വിനിയോഗിക്കുന്നതിന് തടസം നിൽക്കുക മാത്രമല്ല എസ്‌ഐആർ ചെയ്യുന്നത്‌. പ‍ൗരത്വം നിർണയിക്കുന്നതിനുള്ള ബിജെപിയുടെ വിഭജനപരമായ ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്നതിനുള്ള ആയുധമായിക്കൂടി അത്‌ മാറിയിരിക്കുകയാണ്‌.


എസ്ഐആർ രാജ്യത്തെ പാവപ്പെട്ടവരെ വോട്ടവകാശമില്ലാത്തവരാക്കി മാറ്റുമെന്ന് സിപിഐ എം മുന്നറിയിപ്പ് നൽകിയതാണ്. എന്നാലിപ്പോൾ ആർ രാജഗോപാലിനെപ്പോലുള്ള പ്രശസ്തനായ മാധ്യമപ്രവർത്തകനുപോലും വോട്ടവകാശം നിഷേധിക്കപ്പെട്ടിരിക്കുന്നു. വോട്ടർപട്ടികയിലില്ലെന്ന ഒരൊറ്റ കാരണത്താൽ അദ്ദേഹത്തിന് തന്റെ പാസ്‌പോർട്ട് പുതുക്കാനാകുന്നില്ല. ഇന്ത്യയിലെ ജനങ്ങളുടെ ജീവിതവും അവകാശങ്ങളും വെച്ചുകൊണ്ട് അധികാരത്തിലിരിക്കുന്നവർ എന്ത് തരത്തിലുള്ള ക്രൂരമായ തമാശയാണ് കളിക്കുന്നതെന്നും എം എ ബേബി എക്‌സിൽ കുറിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home