എഐ ബോട്ടുകൾ ആധിപത്യം നേടുന്നു: സന്ദര്‍ശകരും വരുമാനവും ഇടിഞ്ഞ് വെബ്സൈറ്റുകൾ നിലനിൽപ് ഭീഷണിയിൽ

ഇന്റര്‍നെറ്റ് ലോകത്ത പരമ്പരാഗത സാമൂഹിക സാമ്പത്തിക സുരക്ഷയിൽ വിള്ളൽ വീഴ്ത്തി എഐ ബോട്ടുകൾ പതിയെ ആധിപത്യം നേടുന്നു. ലോകമെമ്പാടുമുള്ള വിവരശേഖരണത്തിന് ഉറവിടമായി വിലസിയ വേൾഡ് വൈഡ് വെബ് കഴിഞ്ഞ മുപ്പത് വര്‍ഷമായി നിലനിര്‍ത്തിപ്പോന്ന സാമൂഹിക സംരക്ഷണത്തിന്റെ അടിസ്ഥാനങ്ങൾ ചുരുങ്ങുകയാണ്.
ലോകത്തിലെ മുൻനിര വൈബ്സൈറ്റുകളിൽ 30 ശതമാനത്തോളം കൈകാര്യം ചെയ്യുന്നത് ക്ലൗഡ്ഫെയറാണ്. അവര്‍ പുറത്തു വിട്ട കണക്കനുസരിച്ച് ഇന്റര്‍നെറ്റ് ലോകത്തെ ആകെ ട്രാഫിക്കിന്റെ പകുതിയിലധികവും ഇപ്പോൾ എ ഐ ബോട്ടുകളാണ് കയ്യടക്കിയിരിക്കുന്നത്.
നിര്‍മ്മിത ബുദ്ധിയും വരുമാനവും
തമ്മിൽ എവിടെയാണ് പ്രശ്നം
ഇതുവരെ വ്യക്തികൾ ഓൺലൈനിൽ തെരയുമ്പോൾ സെര്‍ച്ച് എഞ്ചിനുകളാണ് അവരെ സഹായിച്ചിരുന്നത്. ആവശ്യമുള്ള വിവരങ്ങൾ ഉൾപ്പെടുന്ന മൂലസ്രോതസിലേക്ക് ഉപയോക്താക്കളെ നയിക്കും. വഴികാട്ടുന്ന ലിങ്കുകൾ നൽകുകയും ചെയ്യും. വെബ്സൈറ്റ് ഉടമകൾക്ക് ഇതുവഴി സന്ദര്‍ശകരെ ലഭിക്കും. അതുവഴി ഉണ്ടാവുന്ന പരസ്യ വരുമാനത്തിൽ പങ്ക് ലഭിക്കും. ഇതായിരുന്നു രീതി. എഴുതപ്പട്ടതല്ലെങ്കിലും ഇത് ഒരു സാമൂഹിക കരാര്‍ പോലെ തുടര്‍ന്നു വന്നു.
നിര്‍മ്മിത ബുദ്ധി സാങ്കേതികതകളുടെ കടന്നു വരവോടെ ഇത് തകിടം മറിഞ്ഞു. ഇപ്പോൾ ചാറ്റ് ജിപിടി, ഗൂഗിൾ എഐ ഓവര്‍വ്യൂസ് തുടങ്ങിയ എ ഐ ടൂളുകൾ വെബ്സൈറ്റിൽ നിന്ന് ഉപഭോക്താവിനായി നേരിട്ട് വിവരങ്ങൾ ശേഖരിക്കയാണ്. ഇങ്ങനെ എഐ നൽകുന്ന ഉത്തരങ്ങളിൽ സൈറ്റുകളുടെ ലിങ്കുകൾ ഉൾപ്പെടാം എങ്കിലും ആളുകൾ ഇവയിൽ ക്ലിക് ചെയ്ത് കയറുന്നത് കുറവാണ്. കാരണം അവര്‍ക്ക് ആവശ്യമായ വിവരം ബോട്ട് നൽകി കഴിഞ്ഞിരിക്കും.
ഈ ബോട്ടുകളുടെ സന്ദര്‍ശനം തീര്‍ക്കുന്ന ചെലവുകളും വര്‍ധിച്ചതാണ്. അവയുടെ വിവര ശേഖരണം തീവ്രവും ആഴത്തിലുള്ളതുമാണ്. സൈറ്റ് ഉടമകൾ ഇതിന്റെ സാമ്പത്തികവും സാങ്കേതികവുമായി ഭാരം കൂടി അധികമായി വഹിക്കണം. എന്നാൽ ഈ സന്ദര്‍ശനം വഴി ക്ലിക്കുകൾ ലഭിക്കുന്നല്ല. അതുവഴി പരസ്യമോ വരുമാനമോ ഉണ്ടാവുന്നുമില്ല.
തടയുക എളുപ്പമാണ്
പക്ഷേ അതും പുലിവാലാവും
എഐ ബോട്ടുകളെ തടയാൻ വെബ്സൈറ്റുകൾ പലവിധ പ്രയോഗങ്ങൾ നടത്തുന്നുണ്ട്. 'robots.txt' എന്ന ഫയൽ ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ ഇത്തരം നിയന്ത്രണങ്ങൾ പലവിധ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. വിശ്വസനീയമായ പ്രധാന വെബ്സൈറ്റുകൾ എഐ ബോട്ടുകളെ ബ്ലോക് ചെയ്യുമ്പോൾ വ്യാജ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്ന സൈറ്റുകൾ ഇത്തരം വിലക്കുക ഏര്‍പ്പെടുത്താറില്ല. ഇത് എ ഐ ടൂളുകളെ നിലവാരം കുറഞ്ഞ സ്രോതസുകളെ ആശ്രയിക്കാൻ പ്രേരിപ്പിക്കും. ലഭിക്കുന്ന റിസൾട്ടും ഇതനുസരിച്ച് തരം താഴ്ന്നതാവും.
ക്ലൗഡ് ഫെയര്‍ പോലുള്ള ദാതാക്കൾ പരസ്യ വരുമാനത്തെ ആശ്രയിക്കുന്ന വെബ്സൈറ്റുകളിൽ എ ഐ ബോട്ടുകളെ സ്വയമേവ തടയുന്ന സംവിധാനം ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ്. സെപ്തംബര്‍ 15 മുതൽ ഇത് പ്രാബല്യത്തിലാക്കും എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എഐ എന്ന എളുപ്പവഴി ആശ്രയിക്കുന്നവരെ ഇത് ബാധിക്കും. ലോകത്തിലെ ഏറ്റവും മികച്ച 30 ശതമാനത്തോളം വെബ്സൈറ്റുകളിലെ വിവരങ്ങൾ ഇതോടെ ഗൂഗിൾ ഓവര്‍ വ്യൂസിൽ ലഭിക്കാതാവും. ഇത് എന്ത് ഫലമാണ് ഉണ്ടാക്കുക എന്ന് കാത്തിരുന്ന് കാണേണ്ടി വരും.
നിലവിൽ എഐ സെര്‍ച്ച് ടൂളുകൾ ഉപയോഗിക്കുന്ന ആറിലൊന്ന് സ്രോതസുകളും എഐ നിര്‍മ്മിത വെബ്സൈറ്റുകളാണ്. എഐ തന്നത്താൻ സൃഷ്ടിച്ച ഉള്ളടക്കങ്ങൾ വീണ്ടും പഠിച്ച് എഐ മോഡലുകൾ തന്നെ വിവരങ്ങൾ നൽകുമ്പോൾ അവയുടെ കൃത്യതയും പ്രകടനവും ആപേക്ഷികമായി പരിമിതപ്പെടും. ഈ ആശ്രിതത്വം ക്ലൗഡ് ഫെയര്‍ മാതൃകയിലുള്ള നടപടികൾ വിപുലമാകുന്ന സാഹചര്യത്തിൽ വിവര മലിനീകരണത്തിന് വഴി തുറക്കാം.
ഗൂഗിൾ സീറോ
ഗൂഗിളിൽ നിന്നുള്ള ട്രാഫിക് പൂജ്യത്തിലേക്ക് കൂപ്പുകുത്തുന്ന അവസ്ഥയെയാണ് ഗൂഗിൾ സീറോ എന്ന് വിശേഷിപ്പിക്കുന്നത്. എന്ത് തെരഞ്ഞാലും എഐ അതിന് സംഗ്രഹങ്ങൾ തയാറാക്കി നൽകും. അതത് വെബ്സൈറ്റുകളിൽ കയറേണ്ടതില്ല. ഇതോടെ ഇംഗ്ലീഷ് വിക്കിപീഡിയ അടക്കമുള്ള ലോകോത്തര സൈറ്റുകളുടെ ട്രാഫിക് കുത്തനെ ഇടിഞ്ഞു. വരുമാനം വൻതോതിൽ കുറഞ്ഞു തുടങ്ങി.
കുതിച്ചു ചാട്ടത്തിന്റെ ഭാഗമായി സെര്‍ച്ച് എഞ്ചനുകൾ എല്ലാം എഐ വൽക്കരിക്കപ്പെട്ടതിന് സമാന്തരമായി ഒരു പുതു നിര ഉയര്‍ന്നു വരാനും വഴി തുറക്കുന്നുണ്ട്. Mojeek, Brave, Ban the Bots, എന്നിങ്ങനെ ശുദ്ധമായ സെര്‍ച്ച് മാത്രം വാഗ്ദാനം ചെയ്യുന്നവയാണ് ഇവ. എന്നാൽ എഐ ലോകത്ത് എത്ര കാലം ഒഴുക്കിനെതിരെ എന്ന ചോദ്യം ബാക്കിയാവുന്നു.










0 comments