ഉത്തർപ്രദേശിൽ പടക്ക നിർമാണശാലയിൽ സ്ഫോടനം; അഞ്ച് മരണം, നിരവധി പേർക്ക് പരിക്ക്

ലക്നൗ : ഉത്തർപ്രദേശിലെ കൗശാംബിയിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് മരണം. നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നതായി കൗശാംബി സർക്കിൾ ഓഫീസർ ശിവാങ്ക് സിങ് അറിയിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്. പ്രയാഗ്‌രാജ്–കൗശാംബി അതിർത്തിയിൽ പിപ്രി പൊലീസ് സ്റ്റേഷൻ പരിധിയിൽ വയലിൽ പ്രവർത്തിച്ചിരുന്ന പടക്ക നിർമാണ ശാലയിലാണ് സ്ഫോടനമുണ്ടായത്. എട്ട് പേർ മരിച്ചതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. പടക്ക നിർമാണ ശാല പൂർണമായി തകർന്നു. തുടർച്ചയായി നിരവധി പൊട്ടിത്തെറികൾ കേട്ടതായും പിന്നാലെ പ്രദേശത്ത് കനത്ത പുക ഉയർന്നതായും പ്രദേശവാസികൾ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. നിർമാണശാലയ്ക്ക് ആവശ്യമായ അനുമതികളുണ്ടായിരുന്നോയെന്ന് വ്യക്തമല്ലെന്നും വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.










0 comments