ad
Deshabhimani

നേപ്പാൾ പ്രളയം; തുരങ്കത്തിൽ കാണാതായ 93 തൊഴിലാളികളെ കണ്ടെത്താനായില്ല

nepal Tunnel

തുരങ്കത്തിന്റെ ഉൾഭാ​ഗം

വെബ് ഡെസ്ക്

Published on Aug 31, 2026, 04:43 PM | 1 min read

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിനുള്ളിൽ അകപ്പെട്ട 93 തൊഴിലാളികളെ കണ്ടെത്താനായില്ല. റസുവ ജില്ലയിലെ 111 മെഗാവാട്ട് ശേഷിയുള്ള രസുവഗഢി ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിൽ തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ തെരച്ചിലിലും ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല.


ഭോട്ടെ കോസി നദിയിലുണ്ടായ പ്രളയത്തെ തുടർന്നാണ് തൊഴിലാളികൾ തുരങ്കത്തിനുള്ളിൽ കുടുങ്ങിയിട്ടുണ്ടാകാമെന്ന ഭീതി ഉയർന്നത്. തുടർന്ന് നേപ്പാൾ കരസേന, എഞ്ചിനീയർമാർ, ഡ്രോൺ വിദഗ്ധർ എന്നിവരടങ്ങുന്ന സംഘം തുരങ്കത്തിനുള്ളിൽ കടന്ന് പരിശോധന നടത്തുകയായിരുന്നു. അപകടകരമായതും നേരിട്ട് ചെല്ലാൻ പ്രയാസമുള്ളതുമായ ഭാഗങ്ങളിൽ ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു പരിശോധന.


എന്നാൽ തുരങ്കത്തിനുള്ളിൽ ആരും ഇല്ലെന്ന് സ്ഥിരീകരിച്ചതോടെ തെരച്ചിൽ അവസാനിപ്പിച്ച് ദൗത്യസംഘം മടങ്ങി. കാണാതായവർ തുരങ്കത്തിൽ കുടുങ്ങിയതാണോ, ഉയർന്ന പ്രദേശങ്ങളിലേക്ക് രക്ഷപ്പെട്ടതാണോ അതോ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയതാണോ എന്ന് വ്യക്തമല്ല.


നേപ്പാളിലുണ്ടായ പ്രളയത്തിൽ ജലവൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 933 പേരെ കാണാതായിട്ടുണ്ടെന്ന് നാഷണൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു. ഇതുവരെ വിവിധ പദ്ധതികളുടെ തുരങ്കങ്ങളിൽ നിന്നായി 279 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home