റൈഡുകളും ഗെയിമുകളുമായി 'പ്ലയാസ' കേരളത്തിന് പുറത്തേക്ക്; 70 കോടിയുടെ വിപുലീകരണം

കൊച്ചി: മലബാർ ഗ്രൂപ്പിന്റെ വിനോദ സംരംഭമായ പ്ലയാസ എന്റർടെയ്ൻമെന്റ്സ് (Playaza Entertainments) കേരളത്തിന് പുറത്തേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു. അടുത്ത 18 മാസത്തിനുള്ളിൽ രാജ്യത്തെ ആറ് നഗരങ്ങളിലായി പുതിയ പ്ലയാസ കേന്ദ്രങ്ങൾ ആരംഭിക്കും. ആവേശം നിറയ്ക്കുന്ന അമ്യൂസ്മെന്റ് റൈഡുകൾ, വിവിധതരം ഗെയിമുകൾ, സമഗ്ര വിനോദാനുഭവം തുടങ്ങിയവയാണ് പ്രധാന ആകർഷണങ്ങൾ. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി, തൃശൂർ എന്നിവിടങ്ങളിലെ വിജയകരമായ പ്രവർത്തനത്തിന് ശേഷമാണ് ഈ വിപുലീകരണം.
കേരളത്തിന് പുറത്തുള്ള ആദ്യ കേന്ദ്രം കർണാടകയിലെ മംഗളൂരുവിൽ ആരംഭിക്കും. മംഗളൂരുവിലെ നെക്സസ് ഫിസ മാളിലാണ് (Nexus Fiza Mall) പുതിയ കേന്ദ്രം ഒരുങ്ങുന്നത്. തുടർന്ന് ബംഗളൂരു, ഹൈദരാബാദ്, മൈസൂരു, കോയമ്പത്തൂർ, ചെന്നൈ എന്നിവിടങ്ങളിലും പ്ലയാസ കേന്ദ്രങ്ങൾ ആരംഭിക്കും.
ആറ് പുതിയ കേന്ദ്രങ്ങൾ കൂടി പ്രവർത്തനം ആരംഭിക്കുന്നതോടെ പ്ലയാസയുടെ ആകെ പ്രവർത്തന വിസ്തീർണം ഏകദേശം 1.5 ലക്ഷം ചതുരശ്ര അടിയായി ഉയരുമെന്ന് കമ്പനി അറിയിച്ചു. നിലവിലുള്ളതിന്റെ ഇരട്ടിയിലേറെയായിരിക്കും പുതിയ പ്രവർത്തന വിസ്തീർണം.
വിപുലീകരണത്തിനായി മലബാർ ഗ്രൂപ്പ് 70 കോടി രൂപ നിക്ഷേപിക്കും. അമ്യൂസ്മെന്റ് റൈഡുകൾ, വിവിധ ഗെയിമുകൾ, പ്രീമിയം വിനോദ ആകർഷണങ്ങൾ എന്നിവ ഉൾപ്പെടുത്തിയ കേന്ദ്രങ്ങളായിരിക്കും പുതിയ നഗരങ്ങളിൽ ഒരുക്കുക.
കുട്ടികൾക്കും കുടുംബങ്ങൾക്കും യുവാക്കൾക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഫാമിലി എന്റർടെയ്ൻമെന്റ് സെന്ററുകൾ എന്ന രീതിയിലാണ് പ്ലയാസയുടെ പ്രവർത്തനം. വ്യത്യസ്ത വിനോദ സംവിധാനങ്ങൾ ഒരേ കേന്ദ്രത്തിൽ ലഭ്യമാക്കുന്നതിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
മലബാർ ഗ്രൂപ്പിന് നിലവിൽ 14 രാജ്യങ്ങളിലായി 450ലേറെ സ്റ്റോറുകളുണ്ട്. ഗ്രൂപ്പിന്റെ വാർഷിക വിറ്റുവരവ് 91,000 കോടി രൂപയാണെന്നും കമ്പനി അറിയിച്ചു. പുതിയ വിപുലീകരണത്തോടെ കേരളത്തിന് പുറത്തും പ്ലയാസയുടെ സാന്നിധ്യം ശക്തമാക്കുകയാണ് ലക്ഷ്യം.










0 comments